രാഹുലിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; പരാജയം സമ്മതിക്കാം, പക്ഷേ ഉത്തരവാദിത്തമേൽക്കാനാവില്ലെന്ന് മറുപടി

ആശയപരമായും തന്ത്രപരമായും പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തു വേണമെന്ന് ആവശ്യപ്പെട്ട് ഷീലാ ദീക്ഷിത്തിന്റെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിത്താണ്‌ പരസ്യവെടി പൊട്ടിച്ച് ആദ്യം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു ഫലം ഏതെങ്കിലും ഒരു നേതാവിന്റെ കാര്യക്ഷമതയുടെ പ്രതിഫലനമല്ലെന്ന് പറയുമ്പോഴും സന്ദീപിന്റെ ഉന്നം രാഹുലാണെന്നു വ്യക്തം.

രാഹുലിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; പരാജയം സമ്മതിക്കാം, പക്ഷേ ഉത്തരവാദിത്തമേൽക്കാനാവില്ലെന്ന് മറുപടി

യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി ഏൽക്കണമെന്ന് കോൺഗ്രസിൽ ആവശ്യമുയരുന്നു. ആശയപരമായും തന്ത്രപരമായും പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തു വേണമെന്ന് ആവശ്യപ്പെട്ട് ഷീലാ ദീക്ഷിത്തിന്റെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിത്താണ്‌ പരസ്യവെടി പൊട്ടിച്ച് ആദ്യം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു ഫലം ഏതെങ്കിലും ഒരു നേതാവിന്റെ കാര്യക്ഷമതയുടെ പ്രതിഫലനമല്ലെന്ന് പറയുമ്പോഴും സന്ദീപിന്റെ ഉന്നം രാഹുലാണെന്നു വ്യക്തം.

രൂക്ഷമായ വിമർശനമാണ് സന്ദീപ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന ശൈലിക്കെതിരെ ഉയർത്തുന്നത്. തിരഞ്ഞെടുപ്പിനു രണ്ടോ മൂന്നോ മാസം മുമ്പാണ് പാര്‍ട്ടി ഒരുക്കം തുടങ്ങുന്നതെന്നും എന്നാൽ പ്രതിപക്ഷത്തിരിക്കുമ്പോൾ അഞ്ചുവർഷവും സജീവമായി രംഗത്തുണ്ടാകണമെന്നും അദ്ദേഹം തുറന്നടിക്കുന്നു. പാർലമെന്റിനകത്തും പുറത്തും ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസ് നേതൃത്വം പൂർണ പരാജയമാണെന്ന വിമർശത്തെ ശരിവെയ്ക്കുന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിൽത്തന്നെ ഉയരുന്നു.

അതിനിടെയാണ് യുപിയിലും ഉത്തരാഖണ്ഡിലും പരാജയം സംഭവിച്ചുവെന്നും എന്നാൽ ചുമതലയേൽക്കാൻ താൻ തയ്യാറല്ലെന്നുമുള്ള വിചിത്രവാദവുമായി രാഹുൽ രംഗത്തെത്തിയത്. ഉത്തരവാദിത്തം തനിക്കാണ് എന്ന് പാര്‍ട്ടിക്കുള്ളിൽ ഉയരുന്ന വിമർശനത്തിനുള്ള മറുപടിയാണ് രാഹുലിന്റെ പ്രസ്താവന.

അതിനിടെ കോൺഗ്രസിനെതിരെയുള്ള നരേന്ദ്രമോദിയുടെ ശക്തമായ ആയുധം രാഹുൽജിയാണെന്ന രൂക്ഷപരിഹാസവും സൈബർലോകത്ത് ഉയരുന്നുണ്ട്. പാർടിയെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ തന്ത്രങ്ങളോ ഭാവനയോ പ്രവർത്തനശേഷിയോ രാഹുൽ ഗാന്ധിയില്ലെന്ന വിമർശനം പാര്‍ട്ടിക്കുള്ളിൽ ശക്തിപ്പെടുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.