പണവും മാനവും പോയി... പ്രശാന്ത് കിഷോറിന്റെ മന്ത്രവടിയിൽ വിശ്വസിച്ച രാഹുലിന് യുപിയിൽ കിട്ടിയത് എട്ടിന്റെ പണി...

കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങൾ ഒരുകാര്യം മറന്നുപോയി. 2014ലെ മോദിയുടെ തകർപ്പൻ വിജയത്തിന് പ്രശാന്ത് കിഷോറിന് അത്ര വലിയൊരു പങ്കുണ്ടായിരുന്നെങ്കിൽ തുടർന്നുള്ള ഇലക്ഷനുകളിലും ആ സേവനം ബിജെപി ഉപയോഗിച്ചേനെ. അതുണ്ടായില്ല. 2014ൽ തങ്ങളെങ്ങനെയാണ് വിജയിച്ചത് എന്ന് ബിജെപിയ്ക്കും മോദിയ്ക്കും നിശ്ചയമുണ്ട്. കിഷോറിന് പങ്കൊന്നുമില്ലെന്നല്ല. പക്ഷേ, കിഷോർ നിർവഹിച്ചത് ബിജെപി ഏൽപ്പിച്ച ജോലികളായിരുന്നു.

പണവും മാനവും പോയി... പ്രശാന്ത് കിഷോറിന്റെ മന്ത്രവടിയിൽ വിശ്വസിച്ച രാഹുലിന് യുപിയിൽ കിട്ടിയത് എട്ടിന്റെ പണി...

നരേന്ദ്രമോദിയ്ക്കും നിതീഷ് കുമാറിന്റെയ്ക്കും തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ഓതിക്കൊടുത്തയാളെന്ന് കേൾവിപ്പെട്ട പ്രശാന്ത് കിഷോറിനെ യുപിയ്ക്കു വേണ്ടി വിലയ്ക്കെടുക്കുമ്പോൾ രാഹുലിന്റെയും പ്രിയങ്കയുടെയും ചിന്തകൾ എന്തായിരുന്നിരിക്കണം? യുപിയിൽ ഒരു മാജിക്. ദേശീയ മാധ്യമങ്ങളുടെ വാഴ്ത്തുമൊഴികൾ. ശവമഞ്ചത്തിലായ കോൺഗ്രസിനെ ഉയർത്തെഴുന്നേൽപ്പിച്ച സമർത്ഥനായ നായകനെന്ന കീർത്തി.... ഒടുവിൽ പെട്ടിപൊട്ടിച്ച് വോട്ടെണ്ണിയപ്പോൾ കൊടുത്ത പണം വെള്ളത്തിലായതു മിച്ചം...

2014ലെ മോദിയുടെ തിരഞ്ഞെടുപ്പു വിജയത്തിന് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നത്രേ. 2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം നിതീഷ് കുമാറിന്റെ പക്ഷത്തായിരുന്നു. അങ്ങനെയൊരാളെ യുപിയുടെ ക്വട്ടേഷൻ ഏൽപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

പക്ഷേ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങൾ ഒരുകാര്യം മറന്നുപോയി. 2014ലെ മോദിയുടെ തകർപ്പൻ വിജയത്തിന് പ്രശാന്ത് കിഷോറിന് അത്ര വലിയൊരു പങ്കുണ്ടായിരുന്നെങ്കിൽ തുടർന്നുള്ള ഇലക്ഷനുകളിലും ആ സേവനം ബിജെപി ഉപയോഗിച്ചേനെ. അതുണ്ടായില്ല. 2014ൽ തങ്ങളെങ്ങനെയാണ് വിജയിച്ചത് എന്ന് ബിജെപിയ്ക്കും മോദിയ്ക്കും നിശ്ചയമുണ്ട്. കിഷോറിന് പങ്കൊന്നുമില്ലെന്നല്ല. പക്ഷേ, കിഷോർ നിർവഹിച്ചത് ബിജെപി ഏൽപ്പിച്ച ജോലികളായിരുന്നു.

യുപിയിൽ സമാജ് വാദി പാർടിയുമായി സഖ്യചർച്ചകൾ അലങ്കോലപ്പെട്ടു നിൽക്കുന്ന സമയത്താണ് പ്രശാന്ത് കിഷോർ രംഗപ്രവേശം ചെയ്തത്. വേഗം തന്നെ അഖിലേഷ് യാദവിന്റെ വിശ്വാസവും ആർജിച്ചത്തോടെ സീറ്റു ചർച്ചയിലെ കീറാമുട്ടികൾ ഒഴിഞ്ഞു. പിന്നെയെല്ലാം സ്ഥിരം പിആർ ഏജൻസികൾ ചെയ്യുന്ന പരിപാടികൾ.

റോഡ് ഷോ, ഒറ്റവരി സ്ലോഗൻ... അങ്ങനെ ഏത് ഇലക്ഷൻ കാമ്പയിനിലും ആരും പയറ്റുന്ന സാധാരണ തന്ത്രങ്ങൾ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ ജനങ്ങളെ മനസിലാക്കാനോ, കോൺഗ്രസിനെ അവർക്കു മുന്നിൽ തൂത്തുതുടച്ച് വൃത്തിയായി അവതരിപ്പിക്കാനോ ഉള്ള ഭാവനയും ദീർഘവീക്ഷണവും പ്രശാന്ത് കിഷോറിനുണ്ടായിരുന്നില്ല.

ഇന്ത്യയിലെ ഗ്രാമങ്ങളിൽനിന്നും ജനങ്ങളിൽ നിന്നും എന്നേ അകന്നുപോയ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ പബ്ലിക് റിലേഷൻസിന്റെ മാനേജ്മെന്റിന്റെയും തുക്കടാ തന്ത്രങ്ങൾക്ക് കഴിയില്ല. നരേന്ദ്രമോദിയും നിതീഷ് കുമാറും വേറെ ജന്മങ്ങളാണ്. അടിത്തട്ടു വരെ എത്തിച്ചേരുന്ന പാർടിയുടെ പ്രചരണയന്ത്രവും സ്വന്തം പ്രതിച്ഛായയും അവർക്കു കൂട്ടിനുണ്ട്. മുഖ്യമന്ത്രിക്കസേരയിൽ ദീർഘകാലമിരുന്നതു വഴി ഉണ്ടാക്കിയ പ്രവർത്തനശേഷിയുടെ പൊടിപ്പും തൊങ്ങലും വെച്ച നാടോടിക്കഥകൾ വേറെ. അവിടെയൊക്കെ പ്രശാന്ത് കിഷോറിനെപ്പോലൊരു മാനേജ്മെന്റ് വിദഗ്ധന് കാര്യങ്ങൾ എളുപ്പമാകും.

പക്ഷേ, കോൺഗ്രസിന് ഇതൊന്നുമില്ല. ഉത്തർപ്രദേശിലെ ഭരണക്കസേരയിൽ നിന്ന് 1989ൽ ഇറങ്ങിയതാണ് ആ പാർടി. കാൽനൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അവിടെ കോൺഗ്രസിന് സംഘടനയോ തലയെടുപ്പുള്ള നേതാക്കളോ പാടി നടക്കാൻ അധികാരം കൊണ്ടു സാധിച്ച അത്ഭുതങ്ങളുടെ നാടോടിക്കഥകളോ ഇല്ല. പടുതിരി കത്തുന്ന ഒരു തലമുറയുടെ ചോരയിൽ ഉറച്ചുപോയ ഗാന്ധി കുടുംബത്തോടുള്ള കടപ്പാടു മാത്രമേയുള്ളൂ. പ്രശാന്ത് കിഷോറിനെപ്പോലുള്ളവരുടെ മാനേജ്മെന്റ് ചികിത്സകളൊന്നും ഏൽക്കുന്ന രോഗമല്ല കോൺഗ്രസിനെ ബാധിച്ചിരിക്കുന്നത്.