കുഞ്ഞുങ്ങൾ പ്രാണവായു കിട്ടാതെ മരിച്ച, മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തിൽ ബിജെപി തകർന്നടിഞ്ഞു; യുപിയിലും ബിഹാറിലും ബിജെപിയ്ക്ക് പരാജയം

മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലം എന്നതിനപ്പുറം ​ഗോരഖ്പുർ രാജ്യം കണ്ട ഏറ്റവും വലിയ കൂട്ട ശിശുമരണത്തിന് വേദിയായ സ്ഥലം കൂടിയാണ്.

കുഞ്ഞുങ്ങൾ പ്രാണവായു കിട്ടാതെ മരിച്ച, മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തിൽ ബിജെപി തകർന്നടിഞ്ഞു; യുപിയിലും ബിഹാറിലും ബിജെപിയ്ക്ക് പരാജയം

ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സ്ഥാനാർഥികൾ പരാജയപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും ബിജെപി സ്ഥാനാർഥികൾ തോറ്റു. രണ്ടിടത്തും സമാജ്‍വാദി പാർട്ടിയുടെ (എസ്പി) സ്ഥാനാർഥികളാണ് വിജയിച്ചത്. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പു നടന്ന അരാരിയ ലോക്സഭാ മണ്ഡലത്തിലും ബിജെപി സഖ്യം പിന്നിലാണ്. ഗോരഖ്പുരിൽ ഏകപക്ഷീയമായി ജയിക്കാമെന്ന കണക്ക് കൂട്ടലോടെയാണ് കേന്ദ്ര നേതാക്കളെ അടക്കം വേണ്ടെന്ന് വച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ആദിത്യനാഥ് നേരിട്ട് പ്രചാരണം നടത്തിയത്. ബിഎസ്പി പിന്തുണയോടെ മത്സരിച്ച എസ്പി സ്ഥാനാർഥി പ്രവീൺ കുമാർ നിഷാദാണ് ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയെ പരാജയപ്പെടുത്തിയത്. ഫുൽപുരിൽ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേൽ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ പരാജയപ്പെടുത്തി.

മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലം എന്നതിനപ്പുറം ​ഗോരഖ്പുർ രാജ്യം കണ്ട ഏറ്റവും വലിയ കൂട്ട ശിശുമരണത്തിന് വേദിയായ സ്ഥലം കൂടിയാണ്. ​ഗൊരഖ്പുരിൽ സർക്കാർ മെഡിക്കൽ കോളജിലാണ് പ്രാണവായു കിട്ടാതെ അറുപതിലധികം കുഞ്ഞുങ്ങൾ മരിച്ചത്. 2017 ഓ​ഗസ്റ്റിലാണ് ബിആർഡി മെഡിക്കൽ കോളജിൽ സർക്കാർ അനാസ്ഥ മൂലം കുട്ടികളുടെ കൂട്ടക്കുരുതി നടന്നത്. സംഭവം രാജ്യമാകെ മരവിപ്പ് പടർത്തിയെങ്കിലും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് കുട്ടികളുടെ മരണത്തെ നിസാരസംഭവമെന്ന് വിശേഷിപ്പിച്ചു. ഓക്സിജൻ ലഭ്യമല്ലാതെ കുട്ടികൾ മരിച്ചു വീഴുമ്പോൾ സ്വന്തം പണമുപയോ​ഗിച്ച് കഴിയുന്ന ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നിരവിധി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച കഫീൽ ഖാനെന്ന ഡോക്ടറെ സസ്പെന്റ് ചെയ്താണ് യോ​ഗി സർക്കാർ സ്വന്തം പിടിപ്പുകേട് പുറംലോകമറിഞ്ഞതിന്റെ രോഷം തീർത്തത്. ദുരന്തത്തിന് തൊട്ടുപിന്നാലെ കേരളത്തിൽ ബിജെപി നടത്തിയ യാത്രയിൽ പങ്കെടുക്കാനെത്തിയ യോ​ഗി ആദിത്യനാഥ് ആശുപത്രികളുടെയും ആരോ​ഗ്യ പരിപാലനത്തിന്റെയും കാര്യത്തിൽ കേരളം ഉത്തർ പ്രദേശിനെ മാതൃകയാക്കണമെന്ന് പറഞ്ഞതും വൻ വിവാദമായിരുന്നു.

കഴിഞ്ഞ അഞ്ചു തവണകളായി യോഗി ആദിത്യനാഥ് തുടർച്ചയായി ജയിച്ചുവന്ന മണ്ഡലമാണ് ​​ഗൊരഖ്പുർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി ഒരു വർഷം പിന്നിടുമ്പോഴെത്തുന്ന ഈ ഫലം, ദേശീയ തലത്തിൽ തന്നെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് മാതൃക തീർക്കുകയാണ്. 25 വർഷത്തെ ശത്രുത മറന്നാണ് മായാവതിയും അഖിലേഷ് യാദവും ബിജെപിയ്ക്കെതിരെ ഒന്നിച്ചത്. ബുവാ-ഭതീജാ സഖ്യം എന്നാണ് മായാവതി-അഖിലേഷ് സഖ്യത്തെ ഉത്തർപ്രദേശുകാർ വാഴ്ത്തുന്നത്, അമ്മായിയും-മരുമകനും എന്നാണ് അതിന്റെ അർത്ഥം.

കാൽ നൂറ്റാണ്ട് കാലത്തെ ശത്രുത മറന്ന് ബഹുജൻ സമാജ് പാർട്ടിയും സാമാജ് വാദി പാർട്ടിയും ബിജെപിയക്ക് എതിരെ ഒന്നിച്ചെങ്കിലും കോൺ​ഗ്രസ് ഈ സഖ്യത്തിന് പുറത്ത് നിന്നു. രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് പ്രത്യേകം സ്ഥാനാർഥികളെ നിർത്തി. ഫുൽപുരിൽ മനീഷ്മിശ്രയും ഗോരഖ്പുരിൽ സുരീത കരീമുമാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥികളായാത്. ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലമാണു ഗോരഖ്പുർ. പാർലമെന്റെം​ഗങ്ങളായ ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായതിനെ തുടർന്ന് എംപി സ്ഥാനം രാജിവച്ചതോടെയാണ് രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2017ലെ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 325 സീറ്റിന്റെ കൂറ്റൻ വിജയമാണു ബിജെപി നേടിയത്.

ബിഹാറിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പു നടന്ന അരരിയയിലും ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടു. ഇവിടെ ആർജെഡി സ്ഥാനാർഥി സർഫറാസ് ആലം വിജയിച്ചു. അതേസമയം, ഉപതെരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലമായ ഭാഭുവയിൽ ബിജെപി സ്ഥാനാർഥി റിങ്കി റാണി പാണ്ഡെ ജയിച്ചു. ഇവരുടെ ഭർത്താവ് ആനന്ദ് ഭൂഷൻ പാണ്ഡെയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു നടന്നത്.


Read More >>