സർക്കാർ സർവീസ് തോന്നിയവാസത്തിന്റെ കൂത്തരങ്ങ്; പിണറായിയുടെ മറുമരുന്നിനു കാത്ത് കേരളം

സുപ്രീംകോടതി തീർപ്പുകൽപ്പിച്ച ഒരു കേസിൽ കോടതിയുത്തരവു മൂലം സർക്കാർ അംഗീകരിച്ച നിയമനം റദ്ദാക്കാൻ എങ്ങനെ ഡിപിഐ ഓഫീസിലെ ഉദ്യോഗസ്ഥർക്കു കഴിയുമെന്നു നാം സംശയിക്കും. ഒരു സംശയവും വേണ്ട. അതൊരു മനോഭാവമാണ്. എന്തും ചെയ്യുമെന്ന മനോഭാവം. ആ മനോഭാവത്തെ എങ്ങനെയാണ് പിണറായി വിജയൻ കൈകാര്യം ചെയ്യുന്നത് എന്നു കാണാനാണ് കേരളം കാത്തിരിക്കുന്നത്.

സർക്കാർ സർവീസ് തോന്നിയവാസത്തിന്റെ കൂത്തരങ്ങ്; പിണറായിയുടെ മറുമരുന്നിനു കാത്ത് കേരളം

ആലപ്പുഴ ജില്ലയിലെ ഒരു എയിയഡ് സ്ക്കൂൾ അധ്യാപികയുടെ അനുഭവം പറയാം. വിഷയം നിയമനാംഗീകാരമാണ്. അനുകൂല ഉത്തരവു കിട്ടാൻ അവർക്ക് ഹൈക്കോടതി വരെ പോകേണ്ടി വന്നു. ഉത്തരവു കിട്ടിയിട്ടും സെക്രട്ടേറിയറ്റിലെ ഏമാന്മാർക്കു ബോധിച്ചില്ല. ഒടുവിൽ കോടതിയലക്ഷ്യമായി. എന്നിട്ടും രക്ഷയുണ്ടായില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ കോടതിയ്ക്കു നേരിട്ടു വിളിച്ചുവരുത്തേണ്ടി വന്നു. ഗത്യന്തരമില്ലാതെ നിയമനത്തിന് അംഗീകാരം നൽകി. കുടിശിക ശമ്പളവും കിട്ടി. അഭിമാനം വൃണപ്പെട്ട സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. അവിടെയും ഹൈക്കോടതി ഉത്തരവു ശരിവെയ്ക്കപ്പെട്ടു. സുപ്രിംകോടതിയിൽ തോറ്റ കേസുമായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെയോ ഐക്യരാഷ്ട്രസഭയെയോ സമീപിക്കാൻ നമ്മുടെ നിയമത്തിൽ വകുപ്പില്ല. ഉണ്ടായിരുന്നെങ്കിൽ സെക്രട്ടേറിയറ്റിലെ തമ്പുരാന്മാർ അതും ചെയ്തേനെ.

അതുകൊണ്ട്, സാധാരണഗതിയിൽ സുപ്രിംകോടതി വിധിയോടെ കാര്യങ്ങൾ അവസാനിക്കേണ്ടതാണ്. പക്ഷേ, നടന്നത് അങ്ങനെയല്ല. വർഷം ഒന്നു കഴിഞ്ഞപ്പോൾ മേപ്പടി നിയമന ഉത്തരവ് റദ്ദാക്കി ഡിപിഐയുടെ വക ഉത്തരവ്. ബന്ധപ്പെട്ടവർ സെക്ഷനിൽ സമീപിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ വക മെക്കിട്ടുകേറ്റം. സുപ്രിംകോടതിയൊന്നും അവർക്കു ബാധകമല്ല. അതുക്കും മേലെയാണ് ഗുമസ്താധികാരം.

ഡിപിഐയുടെ അനുവാദമില്ലാതെയാണ് നിയമനം അംഗീകരിക്കപ്പെട്ടത് എന്നതാണ് ഉത്തരവു റദ്ദാക്കാനുളള കാരണമായി പറഞ്ഞത്. നിയമനം അംഗീകരിച്ചത് ഹൈക്കോടതിയാണ്. കേസു പരിഗണിച്ച ഹൈക്കോടതി ജഡ്ജി ഡിപിഐയുടെ അനുമതിയില്ലാതെ വിധി പറഞ്ഞുകളഞ്ഞു. എന്തക്രമം! അദ്ദേഹം എന്തു ചെയ്യണമായിരുന്നു. വിധിയെഴുതുന്നതിനു മുമ്പ് ഡിപിഐ ഓഫീസിലെത്തണമായിരുന്നു. എച്ച് വൺ സീറ്റിലെ ക്ലർക്കു മുതൽ സൂപ്രണ്ടും അഡീഷണൽ ഡിപിഐ വരെയുള്ളവരുടെ മുന്നിൽ താണുവണങ്ങി അനുവാദം വാങ്ങണമായിരുന്നു. എന്നിട്ടേ വിധി പറയാവൂ. അങ്ങനെ സംഭവിക്കാഞ്ഞ്, ഗുമസ്തപ്പട കോപിച്ചു. ഹൈക്കോടതി ഉത്തരവ് പുല്ലുപോലെ റദ്ദാക്കി വേറെ ഉത്തരവിറക്കി.

എന്നിട്ടോ... സംഗതി വീണ്ടും കോടതിയലക്ഷ്യമായി. ഡിപിഐയെ ഹൈക്കോടതി വിളിച്ചുവരുത്തുമെന്ന ഘട്ടമെത്തി. അതോടെ രായ്ക്കു രാമാനം ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് തടിതപ്പി. റദ്ദാക്കാൻ പറഞ്ഞ ന്യായം ആദ്യത്തേക്കാൾ വിചിത്രമായിരുന്നു. വീണ്ടും ഡിപിഐ ഹൈക്കോടതിയുടെ കൂട്ടിൽ. കോടതിയലക്ഷ്യം ഒഴിവാക്കാൻ താണുകേണു മാപ്പു പറയേണ്ടിവന്നു. ഉത്തരവു എന്നെന്നേയ്ക്കുമായി റദ്ദായി.

ഇത്രയായപ്പോൾ വക്കീൽ ഫീസിനത്തിൽ കക്ഷിയ്ക്ക് ചെലവ് ഒരു ലക്ഷം രൂപ. എല്ലാത്തിനും കാരണക്കാരനായ ഡിപിഐയിലെ സെക്ഷൻ ക്ലർക്കിന് കിട്ടിയ ശിക്ഷ, അതേ ഓഫീസിലെ മറ്റൊരു കസേരയിലേയ്ക്കു സ്ഥലം മാറ്റം.

സുപ്രീംകോടതി തീർപ്പുകൽപ്പിച്ച ഒരു കേസിൽ കോടതിയുത്തരവു മൂലം സർക്കാർ അംഗീകരിച്ച നിയമനം റദ്ദാക്കാൻ എങ്ങനെ ഡിപിഐ ഓഫീസിലെ ഉദ്യോഗസ്ഥർക്കു കഴിയുമെന്നു നാം സംശയിക്കും. ഒരു സംശയവും വേണ്ട. അതൊരു മനോഭാവമാണ്. എന്തും ചെയ്യുമെന്ന മനോഭാവം. ആ മനോഭാവത്തെ എങ്ങനെയാണ് പിണറായി വിജയൻ കൈകാര്യം ചെയ്യുന്നത് എന്നു കാണാനാണ് കേരളം കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിൽ നടന്ന ശിവസേനാ താണ്ഡവത്തിന് ലഭിച്ച പോലീസ് അകമ്പടി നോക്കൂ. പൌരന്മാരെ ചൂരൽ വടി കൊണ്ട് തല്ലിയോടിക്കുന്ന ഗുണ്ടാപ്പടയ്ക്ക് പോലീസ് എസ്കോർട്ട്. ക്രമസമാധാന പാലനം ഗുണ്ടകളെ ഏൽപ്പിച്ച് പാറാവു നിൽക്കുന്ന പോലീസുകാരൻ ചെയ്യേണ്ടതു പലതും ചെയ്തില്ല.ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെന്തെന്ന് ചട്ടങ്ങളിലും വകുപ്പുകളിലും എഴുതിവെച്ചിട്ടുണ്ട്. അതൊന്നും പാലിക്കാത്തതു വഴി മാനം കെടുന്നത് ഡിജിപിയ്ക്കല്ല. എസ്പിയ്ക്കും ഐജിയ്ക്കുമല്ല. ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന പിണറായി വിജയനാണ്. സർക്കാരും സിപിഎമ്മും മറുപടി പറയേണ്ടി വരുന്നു. പ്രശ്നം രാഷ്ട്രീയമാണ്. അതുകൊണ്ട് ഇത്തരം അലംഭാവങ്ങളും അതേ ഗൌരവത്തിൽ കൈകാര്യം ചെയ്യണം.

ഒരു സസ്പെൻഷനോ ഏതാനും സ്ഥലം മാറ്റങ്ങളോ കൊണ്ട് സർക്കാരിനേറ്റ ദുഷ്പേരു മാറുകയില്ല. പത്രങ്ങളെയും ചാനലുകളെയും മുൻകൂട്ടി അറിയിച്ച് ഒരു സംഘം ഗുണ്ടകൾ ചൂരൽ വടിയുമായി പോലീസ് കാവലിൽ നാട്ടുകാരെ തല്ലിയോടിക്കുന്ന ദൃശ്യം ഒരു ജനതയുടെ നാണക്കേടായി ചരിത്രത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു. ശിവസേന അക്രമം നടത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നത്രേ. ആ റിപ്പോർട്ട് അവഗണിക്കപ്പെട്ടു. ഗുരുതരമായ ഈ കൃത്യവിലോപത്തിന്റെ പാപക്കറ സസ്പെൻഷൻ, സ്ഥലംമാറ്റം തുടങ്ങിയ മൈനർ സെറ്റ് വിദ്യകൾ കൊണ്ട് മായ്ചു കളയാനാവുമോ?

വാളയാറിലെത്തുമ്പോഴും പോലീസ് നടപടിയിൽ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. കുഞ്ഞുങ്ങൾ ലൈംഗിക പീഡനത്തിനു വിധേയരായെന്ന സാക്ഷിമൊഴികളും അമ്മയുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥൻ കാര്യമായി എടുത്തില്ലെന്ന പരാതി ഉയർന്നിരുന്നുവെന്ന് ദേശാഭിമാനിയടക്കം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഇതാണ് കേരളത്തിലെ സർക്കാർ സർവീസിന്റെ സ്ഥായീഭാവം. ചെയ്യേണ്ടതല്ല ഉദ്യോഗസ്ഥർ ചെയ്യുന്നത്. ചെയ്യേണ്ടതു പലതും ചെയ്യുന്നില്ല. അരുതാത്തതു പലതുമാണ് ചെയ്തു കൂട്ടുന്നത്. അത്തരം പതിനായിരക്കണക്കിനു സംഭവങ്ങൾക്ക് കേരളത്തിലെ സർക്കാർ ഓഫീസുകൾ നിത്യേനെ സാക്ഷ്യം വഹിക്കുന്നുണ്ട്. ഏറ്റവും സെൻസേഷണലായതു മാത്രമേ മാധ്യമങ്ങൾ വഴി പുറംലോകത്തെത്തൂ.

ഒറ്റപ്പെട്ട സസ്പെൻഷനുകളോ ചെറിയ സ്ഥലംമാറ്റങ്ങളോ ഈ മനോഭാവത്തിന്റെ യഥാർത്ഥ ചികിത്സയല്ല. ആദ്യം പറഞ്ഞ അധ്യാപികയുടെ കാര്യമെടുക്കൂ. ഡിപിഐ ഓഫീസിലെ രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ അധികാരധാർഷ്ട്യത്തിന്റെ ഫലമായി അവർക്കു ചെലവ് ഒരു ലക്ഷം രൂപ. നിന്ദ്യമായ തെമ്മാടിത്തരം കാട്ടിക്കൂട്ടിയവർക്ക് ശിക്ഷ അതേ ഓഫീസിലെ ഒരു ചുവരിനപ്പുറമുള്ള കസേരയിലേയ്ക്കു സ്ഥലം മാറ്റം.

ഇവിടെയാണ് പിണറായി വിജയൻ യഥാർത്ഥ വെല്ലുവിളി നേരിടുന്നത്. നീതി വേണമെങ്കിൽ സുപ്രിംകോടതി വരെപോകണമെന്നോ, പരാതി പരിഹാരത്തിന് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാലേ നടക്കൂവെന്നോ ഉള്ള അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ മാറുന്നത് ഗുണകരമല്ല. ഒരുകണക്കിന് ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കവും അഭിമുഖീകരിക്കാൻ ശ്രമിച്ചത് ഇതേ പ്രശ്നമാണ്. വില്ലേജ് ഓഫീസറും പഞ്ചായത്തു സെക്രട്ടറിയും ചെയ്യേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യുന്നു എന്നായിരുന്നു ഇടതുപക്ഷം അന്നുയർത്തിയ വിമർശനം.

ആ വിമർശനത്തിൽ കഴമ്പുണ്ട്. അതിനൊരു മറുവശവുമുണ്ട്. വില്ലേജ് ഓഫീസറും പഞ്ചായത്തു സെക്രട്ടറിയും താലൂക്ക് ഓഫീസിലെ സൂപ്രണ്ടും ചെയ്യേണ്ടതു പലതും ചെയ്യാത്തതുമൂലം നീതിനിഷേധിക്കട്ടവരെന്തു ചെയ്യും? ഇത്തരം ഗുമസ്തമനോഭാവത്തിന് ജനങ്ങളിലൊരുഭാഗം ഇരകളാകുന്നുണ്ട്. ആ യാഥാർത്ഥ്യം സമർത്ഥമായ ഒരു പ്രതിഛായാ നിർമ്മിതിയ്ക്കുള്ള അവസരമായി ഉമ്മൻചാണ്ടി ഉപയോഗപ്പെടുത്തിയേന്നേയുള്ളൂ. പിണറായി വിജയൻ മനസുവെച്ചാൽ ഇത്തരത്തിൽ നീതിനിഷേധിക്കപ്പെട്ട പതിനായിരങ്ങൾ അദ്ദേഹത്തെയും തേടിയെത്തും.

ഉദ്യോഗസ്ഥരുടെ ഇത്തരം വീഴ്ചകൾ സർക്കാരിനെ അടിക്കാനുള്ള വടിയായാണ് എപ്പോഴും മാധ്യമങ്ങളും പ്രതിപക്ഷവും ഉപയോഗിക്കുന്നത്. എല്ലാം ഒന്നാം പേജ് ആഘോഷങ്ങളും പ്രൈം ടൈം ചർച്ചയുമാണ്. ഉദ്യോഗസ്ഥരുടെ വീഴ്ചകൾ മൂലം സർക്കാരിനുണ്ടാകുന്ന പരിക്കിന് സസ്പെൻഷനും സ്ഥലംമാറ്റവും കൊണ്ട് ഭേദപ്പെടുന്നതല്ല.

ഫേസ് ബുക്കിൽ ക്ലാ ക്ലാ ക്ലീ ക്ലീ എഴുതിയ കമൽ സി ചവറയ്ക്കു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാൻ കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ കോഴിക്കോടേയ്ക്ക് ജീപ്പെടുത്തു പാഞ്ഞ കഥ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത്തരം കാര്യങ്ങളിൽ സുപ്രിംകോടതിയടക്കം പലപ്പോഴായി പോലീസുദ്യോഗസ്ഥർക്കു നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്കും ഉത്തരവുകൾക്കും വിരുദ്ധമായിരുന്നു ഈ അതിസാഹസം. പരമോന്നത കോടതിയുടെ നിർദ്ദേശം പരസ്യമായി ലംഘിച്ച ഇൻസ്പെക്ടർ ഒരു സമാധാനവും എവിടെയും ബോധിപ്പിക്കേണ്ടി വന്നില്ല. അങ്ങനെയൊക്കെ ചെയ്താൽ പോലീസിന്റെ മനോവീര്യം കെട്ടുപോകുമെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഭയം നിയമലംഘനങ്ങൾക്കു പ്രോത്സാഹനമായിട്ടുണ്ട്. അതാണ് മറൈൻ ഡ്രൈവിൽ കണ്ടത്.

ഒരു മെമ്മോ, കൂടിയാലൊരു സ്ഥലം മാറ്റം. ഏറിയാലൊരു സസ്പെൻഷൻ. ഇവയൊന്നും കൂസുന്നില്ലെങ്കിൽ എന്തു നിയമലംഘനങ്ങൾക്കും ക്യത്യവിലോപത്തിനും ലൈസൻസായി. പോലീസുകാരനും ഗുമസ്തനും അധ്യാപകനും സൂപ്രണ്ടുമൊക്കെ പൊതുവായി പങ്കുവെയ്ക്കുന്ന മനോഭാവമാണിത്. പിണറായിയുടെ പക്കൽ ഇതിനെന്തു മറുമരുന്നുണ്ടെന്നാണ് അറിയേണ്ടത്.

ഇത്തരക്കാരെ കണ്ണുംപൂട്ടി സർവീസിൽ നിന്നു പുറത്താക്കാനുള്ള ആർജവം സർക്കാരിനുണ്ടാകുമോ? ആരെയും കൂസാത്തവർ ഹൈക്കോടതിയും സുപ്രിംകോടതിയുമൊക്കെ കയറിയിറങ്ങട്ടെ. യോഗമുണ്ടെങ്കിൽ തിരിച്ചു വരാം. സാമാന്യനീതി നിഷേധിക്കപ്പെട്ട് അലഞ്ഞുതിരിയുന്ന സാധാരണക്കാരന്റെ ദുരിതം അധികാരത്തിന്റെ തിമിരം ബാധിച്ചവരും മനസിലാക്കണമല്ലോ. അവരും കോടതി നടപടികളുടെ കാഠിന്യമറിയണം. വക്കീൽ ഫീസിന്റെ ഭാരം ചുമക്കണം. ചുവപ്പുനാടയുടെ കുരുക്ക് അവരുടെ ജീവിതത്തിലും മുറുകണം.

പിണറായി ഭരിച്ചാൽ സർക്കാർ സർവീസ് കുറേയെങ്കിലും ശരിപ്പെടുമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചവരുണ്ട്. ആർക്കും എന്തുമാകാമെന്ന മനോഭാവത്തിന് ശരിക്കുള്ള ചികിത്സ ലഭിക്കാതെ ഒന്നും എവിടെയും ശരിയാകാൻ പോകുന്നില്ല.


Read More >>