ഞരമ്പിലെ രക്തക്കട്ട വില്ലനായി; ഒടിവുപറ്റിയ കാല് അമ്മ തിരുമ്മിയതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു

പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്.

ഞരമ്പിലെ രക്തക്കട്ട വില്ലനായി; ഒടിവുപറ്റിയ കാല് അമ്മ തിരുമ്മിയതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു

ഒടിവുപറ്റിയ കാലില്‍ അമ്മ തിരുമ്മിയതിനെത്തുടര്‍ന്ന്, രക്തക്കട്ട നീങ്ങി ഹൃദയ ധമനിയില്‍ കുടുങ്ങി യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട, തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്. 23 കാരനായ ഡല്‍ഹി സ്വദേശിയാണ് മരിച്ചത്. കാലിലെ ഒടിവ് ഏറെക്കുറെ ഭേദമായി വരുന്നതിനിടെയാണ് അപൂര്‍വമായ ദുരന്തം യുവാവിനെത്തേടിയെത്തിയത്.

ബാഡ്മിന്റണ്‍ കളിക്കിടെ കണങ്കാലില്‍ പരുക്കേറ്റ യുവാവ് കുറച്ചു നാളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇതിനിടെ കാലിലെ ധമനികളില്‍ രക്തം കട്ടപിടിച്ചു യുവാവിന് വേദന അസഹീനമായി. ഇതേത്തുടര്‍ന്നാണ് മകന്റെ ആവശ്യപ്രകാരം അമ്മ കാല് തിരുമ്മിയത്. ഇതോടെ പ്ലാസ്റ്റര്‍ ഇട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട രക്തക്കട്ട കാലില്‍ നിന്ന് നീങ്ങി ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പള്‍മണറി ധമനിയില്‍ എത്തി കുടുങ്ങുകയായിരുന്നു. മസാജ് ചെയ്തപ്പോൾ യുവാവിന്റെ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഉടന്‍തന്നെ ഇയാളെ ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാലില്‍ പ്ലാസ്റ്റര്‍ ഇട്ടാലും ചില സന്ദര്‍ഭങ്ങളില്‍ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു. ഇത്തരത്തിലുള്ള പരിക്ക് പറ്റുന്ന ലക്ഷത്തില്‍ 70 പേര്‍ക്ക് ഡീപ്പ് വെയ്ന്‍ ത്രോംബോസിസ് ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.മെഡിക്കല്‍ ലീഗല്‍ ജേര്‍ണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ അപൂര്‍വമായ ഈ മരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More >>