ഈ കുളി സീൻ കോതമംഗലത്താണ്! അക്യൂഡക്റ്റിലൊന്ന് കുളിച്ച് ഏഷ്യാഡും കഴിച്ചേച്ചു പോകാന്നേ...

വേനല്‍ ചൂടില്‍ നാടായ നാടൊക്കെ ഉരുകുമ്പോള്‍ ഊഞ്ഞപ്പാറയിലെ അക്യൂഡക്റ്റ് കവിഞ്ഞൊഴുകി കൊണ്ടിരിക്കും. ഇത്രവെള്ളം എവിടെനിന്നെന്ന് ആരും അമ്പരന്നു പോകും. വേനലില്‍ മാത്രം ഒഴുകുന്ന അക്യൂഡക്റ്റിൽ ജീന്‍സൊക്കെ ഊരിയെറിഞ്ഞ് ഒന്നു കുളിച്ചാലോ...

ഈ കുളി സീൻ കോതമംഗലത്താണ്!   അക്യൂഡക്റ്റിലൊന്ന് കുളിച്ച് ഏഷ്യാഡും കഴിച്ചേച്ചു പോകാന്നേ...

കൊടുംചൂടില്‍ നാടാകെ വിയര്‍ക്കുമ്പോള്‍ ഊഞ്ഞാപ്പാറയില്‍ കുളി മഹോത്സവമാണ്. നാട്ടുകാര്‍ മാത്രമല്ല, മറുനാട്ടുകാരും കുളിച്ചുല്ലസിക്കാന്‍ ഊഞ്ഞാപ്പാറയെന്ന അക്യൂഡക്റ്റിൽ എത്തും. അവധിക്കാലമായതിനാല്‍ കുളിത്തിരക്കാണ് ഈ ഗ്രാമത്തില്‍. കുളിച്ചു തിമിര്‍ത്ത് ഏഷ്യാഡും കഴിച്ച് കോതമംഗലം പട്ടണത്തില്‍ എത്തുമ്പോഴേക്കും ഊഞ്ഞാപ്പാറ തിരികെ വിളിക്കും. അത്രമേല്‍ വിശേഷമുള്ളതാണ് ഊഞ്ഞാപ്പാറയിലെ കുളി. അതിനിടയില്‍ എന്താണ് ഈ പറഞ്ഞ ഏഷ്യാഡ് എന്നൊരു സംശയമുണ്ടായി അല്ലേ? വഴിയെ പറയാം. ആദ്യമൊന്നു പോയി കുളിച്ചു അര്‍മാദിക്കാം.

കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ നിന്ന് തട്ടേക്കാട് ബസില്‍ കയറി ഊഞ്ഞപ്പാറയിലേക്ക് ടിക്കറ്റ് എടുത്താല്‍ ലക്ഷ്യസ്ഥാനത്തെത്താം. ഒമ്പതു രൂപയാണ് ടിക്കറ്റ്. കോതമംഗലത്ത് നിന്ന് എട്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കീരംപാറ എന്ന ചെറിയ ടൗണ്‍ കഴിഞ്ഞ് ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍ ഊഞ്ഞാപ്പാറയെത്തി. നാലഞ്ചു പഴയ കടകളും ബേക്കറിയും ഒക്കെയുള്ള ഒരു കവല.


ബസിറങ്ങി ആരോടും ചോദിക്കണമെന്നൊന്നുമില്ല, രണ്ടു മിനിറ്റ് നടന്നാല്‍ അക്യൂഡക്റ്റ് ആയി. എന്നാലും ഒന്നു ചോദിച്ചേക്കാര്‍ന്നു എന്നുള്ളവര്‍ കുരിശുപള്ളിയുടെ തൊട്ടടുത്ത കടയിലെ പൗലോച്ചനെ കണ്ടാല്‍ മതി. ഏഷ്യാഡിന്റെ ആളാണ്, അക്യൂഡക്റ്റിന്റെ അടുത്താണേ വീട്. ഇപ്പോ ഏഷ്യാഡ് എടുക്കട്ടെ എന്ന് പൗലോച്ചന്‍ ചേട്ടന്‍ ചോദിക്കും. ഇപ്പോ വേണ്ടാര്‍ന്നു, കുളിച്ചു വന്നിട്ട് മതി എന്നു പറഞ്ഞ് നാടുകാണി റോഡിന് നേരെ വിട്ടോ.


പഴയ മൃഗാശുപത്രി കെട്ടിടം കണ്ടാല്‍ നടത്തമൊന്നു മെല്ലെയാക്കാം. 'നമ്മളുദ്ദേശിച്ച സ്ഥലമെത്തീടാ...ദേണ്ടെ കുറെയെണ്ണം കനാലില്‍ കെടന്ന് കൂവി വിളിക്കുന്നു. ഇതാണോ അക്യൂഡക്റ്റ്? ഇതാണോ ഈ പറഞ്ഞ വല്യ സംഭവമാന്നൊക്കെ പറയണത്...' എന്നൊക്കെ ചോദിച്ചു പുച്ഛത്തോടെ രണ്ട് മിനിറ്റ് വയലിന്റെ അരികത്ത് നിന്നാലും കുഴപ്പമില്ല. കുളിച്ചിട്ട് വരണേ...


ജീന്‍സൊക്കെ മാറി തോര്‍ത്തുടുക്കാന്‍ വേറെ സ്ഥലമൊന്നും അന്വേഷിച്ചിട്ട് കാര്യമില്ല. അക്യൂഡക്റ്റിന്റെ ചുവട്ടിലേക്ക് മാറി തോര്‍ത്തുടുത്ത് മുകളിലേക്ക് കയറിയാല്‍ മതി. കമുകിന്‍ തോട്ടത്തിനുള്ളില്‍ കൂടി രണ്ടാള്‍ക്ക് നീന്തിക്കളിക്കാവുന്ന വീതിയുണ്ട് അക്യൂഡക്റ്റിന് . എപ്പോഴും വെള്ളം കവിഞ്ഞൊഴുകും. നീന്താനറിയില്ലെങ്കിലും കുഴപ്പമില്ല. മുങ്ങിപ്പോകുമെന്ന പേടിയും വേണ്ട. അപ്പോ തൊടങ്ങിക്കോ നീരാട്ട്...


''ഞായറാഴ്ചയാണേല്‍ പിന്നെ പറയേണ്ട... അക്യൂഡക്റ്റ് തൊട്ട് ഊഞ്ഞാപ്പാറ കവല വരെ വാഹനങ്ങളുടെ നിരയാണ്. ടൂറിസ്റ്റ് ബസും കാറും ജീപ്പുമൊക്കെയുണ്ടാകും. അടിമാലി, തൊടുപുഴ, പെരുമ്പാവൂര്‍, ആലുവ ഈ ഭാഗങ്ങളിലെ ആള്‍ക്കാരാ...ഇന്നാള് കൊറെ പിള്ളാര് തൃശ്ശൂര്‍ന്ന് വന്നാര്‍ന്നു. ചെലപ്പോള്‍ അക്യൂഡക്റ്റിൽ സൂചി കുത്താനുള്ള ഇടമുണ്ടാകില്ല. ഭൂതത്താന്‍ കെട്ടില്‍ നിന്നും കൃഷിക്ക് വെള്ളം കൊണ്ടുപോകുന്ന അക്യൂഡക്റ്റാണിത്. ''- തങ്കച്ചന്‍ ചേട്ടായി, പ്രദേശവാസി

കുളിച്ചു തീര്‍ന്നാല്‍ ഇനി ഏഷ്യാഡ്

എത്ര കുളിച്ചിട്ടും മതിയാകുന്നില്ലേ? വെയില്‍ താഴുമ്പോഴേക്ക് മെല്ലെ കുളിച്ചു തോര്‍ത്തി ഇറങ്ങാം. ഊഞ്ഞാപ്പാറയിലേക്ക് നടക്കാം. നമ്മള്‍ നേരത്തെ കണ്ട പൗലോച്ചന്റെ കടയില്‍ കയറാം. മൂന്ന് മര ഡസ്‌കും, മരബഞ്ചുമുള്ള ചെറിയ കടയാണിത്. ഏഷ്യാഡ് എടുക്കാലോ എന്ന് നീണ്ട താടിയില്‍ തലോടി പൗലോച്ചന്‍ ചോദിക്കും.

എന്തോന്നാ ഈ ഏഷ്യാഡ് എന്ന് മൂപ്പരോട് ചോദിച്ചാല്‍ ഇങ്ങനെ പറയും, ''അതീ കപ്പേം എല്ലും ഇറച്ചിയുമൊക്കെയിട്ട പുഴുക്കാ''. അതേ നമ്മുടെ കപ്പ ബിരിയാണി. എറണാകുളം അങ്കമാലി ഭാഗങ്ങളിലൊക്കെ പോത്തിറച്ചിയും കപ്പയും മിക്‌സ് ചെയ്തതാണ് കപ്പബിരിയാണി. വടക്കന്‍ കേരളത്തിലെ കുടിയേറ്റ മേഖലയിലൊക്കെ എല്ലും കപ്പയും കൂടി പുഴുങ്ങിയതിനെ കപ്പബിരിയാണി എന്നു തന്നെയാണ് പറയുന്നത്. കോതമംഗലത്ത് അത് ഏഷ്യാഡ് ആണ്.


''ഏഷ്യാഡിന് പോട്ടിക്കറി വേണോ?''. പ്ലേറ്റില്‍ ഏഷ്യാഡ് കൊണ്ടുവെക്കുമ്പോഴേക്കും പൗലോച്ചന്റെ അടുത്ത ചോദ്യമെത്തും. കുരുമുളകിട്ട പോട്ടിക്കറി. ഏഷ്യാഡ് എന്ന് എങ്ങനെയാ പേരു വന്നതെന്നു ചോദിച്ചാല്‍ ' അത് കോതമംഗലത്തൊക്കെ അങ്ങനെയാ പറയണേ...'' എന്നായിരിക്കും മറുപടി. കഴിച്ചു തീര്‍ന്നാല്‍ ഏഷ്യാഡിന്റെ അമ്പത് രൂപയും കൊടുത്ത് കോതമംഗലത്തേയ്ക്ക് ബസ് പിടിക്കാം. ഊഞ്ഞപ്പാറയില്‍ നിന്ന് കോതമംഗലത്തേയ്ക്ക് രാത്രി എട്ടു മണിവരെ ബസ് കിട്ടും.


അക്യൂഡക്റ്റിലെത്താൻ: കോതമംഗലത്തു നിന്ന് തട്ടേക്കാട്, അല്ലെങ്കില്‍ ഭൂതത്താന്‍ക്കെട്ട് ബസില്‍ കയറുക. തട്ടേക്കാട് ബസ് ആണെങ്കില്‍ ഊഞ്ഞപ്പാറയിലേക്ക് ടിക്കറ്റെടുത്ത് ഇറങ്ങിയാല്‍ മതി. ഭൂതത്താന്‍കെട്ട് ബസ് ആണെങ്കില്‍ കീരംപാറയിലിറങ്ങി ഓട്ടോ വിളിച്ചാല്‍ മതി. ഭൂതത്താന്‍ കെട്ട് ഡാമും തട്ടേക്കാട് പക്ഷി സങ്കേതവുമെല്ലാം മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളാണ്. വണ്‍ഡേ ട്രിപ്പിന് തട്ടേക്കാടും ഭൂതാത്താന്‍ കെട്ടും മാത്രമല്ല. ഇഞ്ചത്തൊട്ടി തൂക്കുപാലവും അക്യൂഡക്റ്റും മറക്കേണ്ട. തൊട്ടടുത്ത് ട്രക്കിങ്ങിന് അയ്യപ്പന്‍മുടിയുമുണ്ട്.

ചിത്രങ്ങൾക്കു കടപ്പാട്- അഖിൽ ശശീന്ദ്രൻ