ജര്‍മ്മന്‍ യന്തിരന്‍ വിര്‍ട്‌ജെന്‍ പുറക്കാട് എത്തി; റോഡ് ടാറിംഗ് ഇനി ഝടുതിയില്‍!

നിലവിലുള്ള റോഡ് പൊടിച്ചെടുത്ത് അതിനൊപ്പം റബറും പ്‌ളാസ്റ്റിക്കും കയറും മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ കൂടി ചേര്‍ത്താണ് പുതിയരീതിയിലുള്ള നിര്‍മാണം. ഇന്ത്യയില്‍ മൂന്നിടങ്ങളില്‍ മാത്രം ഉപയോഗിച്ച നൂതനയന്ത്രം ഉപയോഗിച്ചാണിത്. പത്തുകോടി രൂപ വിലവരുന്ന വിര്‍ട്ജന്‍ എന്ന ജര്‍മന്‍ കമ്പനിയുടെ യന്ത്രമാണ് ഇതിനായി വാങ്ങിയത്.

ജര്‍മ്മന്‍ യന്തിരന്‍ വിര്‍ട്‌ജെന്‍ പുറക്കാട് എത്തി;  റോഡ് ടാറിംഗ് ഇനി ഝടുതിയില്‍!

നിലവിലെ ടാറിംഗ് അടര്‍ത്തിയെടുത്ത് പൊടിച്ച് ഉപയോഗിക്കുന്ന മില്ലിങ് ആന്റ് റീസൈക്‌ളിങ് യന്ത്രമാണ് റോഡുനിര്‍മ്മാണത്തിനായി ആലപ്പുഴയിലെ കക്കാഴത്ത് എത്തിച്ചത്. രാജ്യത്ത് മൂന്നിടത്ത് മാത്രം ഉപയോഗിച്ച വിര്‍ട്ജന്‍ എന്ന ജര്‍മ്മന്‍ കമ്പനിയുടെ യന്ത്രം ഉപയോഗിച്ചുള്ള റോഡുനിര്‍മ്മാണം ഇന്ന് രാത്രി ആരംഭിക്കും. പുതിയ കാലത്തിനനുസരിച്ച് പുതിയ നിര്‍മാണ രീതികള്‍ എന്ന സന്ദേശവുമായാണ് പിഡബ്‌ള്യുഡി ദേശീയപാത നിര്‍മാണം തുടങ്ങുന്നത്. നിലവിലുള്ള റോഡ് പൊടിച്ചെടുത്ത് അതിനൊപ്പം റബറും പ്‌ളാസ്റ്റിക്കും കയറും മറ്റ് നിര്‍മാണ സാമഗ്രികള്‍ കൂടി ചേര്‍ത്താണ് പുതിയരീതിയിലുള്ള നിര്‍മാണം.

പുറക്കാട് മുതല്‍ പാതിരപ്പള്ളി വരെ ദേശീയപാത പുനര്‍നിര്‍മാണമാണ് ഈ യന്ത്രമുപയോഗിച്ച് ഇന്നാരംഭിക്കുന്നത്. ദേശീയപാതയില്‍ കാക്കാഴം മേല്‍പ്പാലത്തിലാണ് ആദ്യം റോഡ് ടാറിങ് നടത്തുക. 721 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ഗതാഗത തടസം ഒഴിവാക്കാന്‍ രാത്രികാലത്തായിരിക്കും നിര്‍മാണം. കുറഞ്ഞ ദിവസത്തിനുള്ളില്‍ പാത സഞ്ചാര യോഗ്യമാക്കുന്ന യന്ത്രം പെരുമ്പാവൂരിലെ സ്വകാര്യ കരാര്‍ ഏജന്‍സിയാണ് എത്തിച്ചത്. പത്ത് കോടി രൂപ വിലവരുന്ന യന്ത്രമാണിത്.


ഈ യന്ത്രമുപയോഗിച്ച് ഈടുറ്റ നിലയില്‍ റോഡ് നിര്‍മിക്കാനാകും. ഒറ്റപ്പാളി റീടാറിംഗാണ് നടത്തുക. ടാറിംഗ് യന്ത്രത്തിന്റെ സഹായത്തോടെ പാത പൂര്‍ണ്ണമായും ഇളക്കിയ ശേഷം കൂടുതല്‍ ടാര്‍, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവ ചേര്‍ത്താണ് നിര്‍മ്മാണം. മെറ്റലിന്റെ അളവും താരതമ്യേന കുറക്കാനാകുമെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആധുനിക രീതിയില്‍ റോഡ് പുനര്‍നിര്‍മിക്കുന്നത്. നാല് ദിവസംകൊണ്ട് കാക്കാഴം മേല്‍പ്പാലത്തിലെ പ്രവൃത്തി പൂര്‍ത്തിയാക്കും. ഇതിനുശേഷമാണ് റോഡ് നിര്‍മാണം തുടങ്ങുക. മേല്‍പ്പാലത്തില്‍ റബറൈസ്ഡ്, വിന്‍കോസില്‍ എന്നീ കോമ്പൌണ്ടുകളാണ് ഉപയോഗിച്ച് ഒറ്റപ്പാളി ടാറിംഗാണ് നടത്തുക.

പുറക്കാട് മുതല്‍ പാതിരപ്പള്ളി വരെയുള്ള 22 കിലോമീറ്റര്‍ റോഡിന്റെ മുകള്‍ഭാഗം പൂര്‍ണമായും ഇളക്കിമാറ്റി പൊടിച്ച് റബറൈസ്ഡ് ടാര്‍ ചേര്‍ത്താണ് നിര്‍മിക്കുക. ഇത്തരത്തില്‍ റോഡിന്റെ നിലവിലെ മുകള്‍ഭാഗം പൊടിച്ചെടുത്ത് ഉപയോഗിക്കുന്നതിനാല്‍ റോഡിന്റെ ഉയരംകൂടുന്നില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

റോഡുനിര്‍മ്മാണത്തിനും മറ്റുമായി അറുപതോളം യന്ത്രങ്ങളാണ് വിര്‍ട്ജന്‍ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഈ രംഗത്ത് ലോകത്ത് ഒന്നാം സ്ഥാനത്താണെന്നാണ് കമ്പനിയുടെ അവകാശവാദം.