വാനാക്രൈ മോചനപ്പണം ബിറ്റ്കോയിനിൽ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമാണു ബിറ്റ്‌കോയിന്‍. കാരണം ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ കൊടുക്കുന്ന ആളുടേയും വാങ്ങുന്ന ആളുടേയും വിവരങ്ങള്‍ എന്‍ക്രിപ്റ്റ് (കോഡ് ഭാഷ) ചെയ്തിരിക്കും. പണമിടപാടിന്റെ വിവരങ്ങൾ ചോരുകയില്ല. പിടിക്കപ്പെടാതെ പണം വാങ്ങാൻ വാനാക്രൈ ഉടമകൾക്കു ഇതിനും പറ്റിയ വഴിയില്ല.

വാനാക്രൈ മോചനപ്പണം ബിറ്റ്കോയിനിൽ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

ലോകത്തിനെ മൊത്തമായും കുരുക്കിലാക്കിയിരിക്കുന്ന വാനാക്രൈ റാന്‍സംവെയര്‍ ഉയര്‍ത്തിയ അലകള്‍ അവസാനിച്ചിട്ടില്ല. സര്‍ക്കാര്‍/സ്വകാര്യസ്ഥാപനങ്ങള്‍ എന്നു വേര്‍തിരിവില്ലാതെ രൂക്ഷമായ ആക്രമണമാണു വാനാക്രൈ അഴിച്ചു വിട്ടിരിക്കുന്നത്. കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങളെ കിഡ്‌നാപ് ചെയ്തു മോചനദ്രവ്യം ആവശ്യപ്പെടുകയാണു വാനാക്രൈ ആക്രമികള്‍. റാന്‍സംവെയറിനെക്കുറിച്ചു കൂടുതല്‍ ഇവിടെ വായിക്കാം.

വാനാക്രൈ മോചനപ്പണം ബിറ്റ്‌കോയിന്‍ രൂപത്തിലേ വാങ്ങുകയുള്ളൂ. മറ്റു പണക്കൈമാറ്റ ഉപാധികളൊന്നും അവര്‍ക്കു സ്വീകാര്യമല്ല. എന്തുകൊണ്ട്? ബിറ്റ്‌കോയിന്‍ ആണ് അവര്‍ക്കു സുരക്ഷിതം എന്നതു കൊണ്ടു തന്നെ.

എന്താണു ബിറ്റ്‌കോയിന്‍?

സതോഷി നകാമോട്ടോ എന്ന ജപ്പാന്‍കാരനാണു ബിറ്റ്‌കോയിന്‌റെ സൃഷ്ടാവ്. 2008 ഒക്ടോബറിലായിരുന്നു നാകാമോട്ടോ ബിറ്റ്‌കോയിന്‍ ലോകത്തിനു പരിചയപ്പെടുത്തിയത്. സ്മാര്‍ട്ട് ഫോണിലോ ടാബിലോ കമ്പ്യൂട്ടറിലോ ശേഖരിച്ചു വയ്ക്കാവുന്ന പണം എന്ന ആശയമായിരുന്നു നാകോമോട്ടോയുടെത്.

നിങ്ങള്‍ക്ക് ഒരു മാരുതി ആള്‍ട്ടോ കാര്‍ 3.5 ബിറ്റ്‌കോയിന്‍ കൊടുത്തു വാങ്ങാന്‍ കഴിയും. എങ്ങിനെയെന്നല്ലേ? ഇതെഴുതുമ്പോള്‍ ഒരു ബിറ്റ്‌കോയിന്‌റെ മൂല്യം ഏതാണ്ടു 109993.43 ഇന്ത്യന്‍ രൂപാ വരും. അപ്പോള്‍ കണക്കു ശരിയായില്ലേ? ഉയര്‍ന്ന മൂല്യവും രഹസ്യാത്മകതയും ബിറ്റ്‌കോയിനെ പ്രിയപ്പെട്ടതാക്കുന്നു. ബിറ്റ്‌കോയിന്‍ ഒരു തരം പ്രച്ഛന്നകറന്‍സിയാണ്. ഡിജിറ്റല്‍ ആയി ഉപയോഗിക്കാവുന്ന, ഓണ്‍ലൈനില്‍ മാത്രം നിര്‍മ്മിക്കുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന കറന്‍സിയാണത്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമാണു ബിറ്റ്‌കോയിന്‍. കാരണം ബിറ്റ്‌കോയിന്‍ ഇടപാടുകളില്‍ കൊടുക്കുന്ന ആളുടേയും വാങ്ങുന്ന ആളുടേയും വിവരങ്ങള്‍ എന്‍ക്രിപ്റ്റ് (കോഡ് ഭാഷ) ചെയ്തിരിക്കും. പണമിടപാടിന്റെ വിവരങ്ങൾ ചോരുകയില്ല.

അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കുള്ള ഏറ്റവും വിശ്വസനീയമായ വഴിയാണു ബിറ്റ്‌കോയിന്‍. ഒരാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചാലല്ലേ തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. പിടിക്കപ്പെടാതെ പണം വാങ്ങാൻ വാനാക്രൈ ഉടമകൾക്കു ഇതിനും പറ്റിയ വഴിയില്ല. എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ല. ഉദാഹരണത്തിനു ബിറ്റ്‌കോയിന്‍ പണമിടപാടിന്‌റെ വിവരങ്ങള്‍ കാണിക്കുന്ന വിധം നോക്കൂ.
ബിറ്റ്‌കോയിന്‍ എവിടന്നു കിട്ടും?

ഭൗതികമായ ഒരു രൂപം ബിറ്റ്‌കോയിനില്ല. അതു വെറും ഒരു സാങ്കല്പിക വിവരം മാത്രമാണ്. ബിറ്റ്‌കോയിന്‍ യഥാർത്ഥ പണവുമായി കൈമാറ്റം ചെയ്യാന്‍ കഴിയും. മിക്കവാറും രാജ്യങ്ങളില്‍ അതു നിയമാനുസൃതവുമാണ്.

ബിറ്റ്‌കോയിന് റിസര്‍വ് ബാങ്ക് പോലെ ഒരു അധികാരകേന്ദ്രം ഒന്നുമില്ല. പകരം നൂലാമാലകള്‍ നിറഞ്ഞ കോഡുകള്‍ വഴി പ്രോഗ്രാമര്‍മാരാണു ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുക. അതിനു പറയുന്ന പേരാണു ബിറ്റ്‌കോയിന്‍ ഖനനം. അല്പം പ്രോഗ്രാമിംഗ് അറിയാമെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്നതേയുള്ളൂ അത്. പ്രോഗ്രാമിംഗ് അറിയില്ലെങ്കില്‍ നമുക്കു വേണ്ടി ബിറ്റ്‌കോയിന്‍ ഖനനം നടത്തിത്തരുന്ന വെബ് സൈറ്റുകള്‍ ധാരാളമുണ്ട്.

കുറച്ചു സങ്കീര്‍ണമാണു ബിറ്റ്‌കോയിന്‍ ഖനനം. നമ്മള്‍ ഒരു ബാങ്കിലെ ക്ലര്‍ക്കിനെപ്പോലെ പരിശ്രമിച്ചാലേ ബിറ്റ്‌കോയിന്‍ കിട്ടുകയുള്ളൂ. കുറച്ചു ഗൂഢപ്രശ്‌നങ്ങള്‍ക്കു ഉത്തരം കണ്ടെത്തേണ്ടിയും വരും. സുരക്ഷാകാരണങ്ങള്‍ കൊണ്ടാണു ബിറ്റ്‌കോയിന്‍ ഖനനം അല്പം ബുദ്ധിമുട്ടുള്ളതാക്കുന്നത്.

ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍

ഇന്ത്യയില്‍ ഏതാണ്ടു ഒരു ലക്ഷം ബിറ്റ്‌കോയിന്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണു പറയപ്പെടുന്നത്. യൂനോകോയിന്‍, സെബ്‌പേ, ബിടിസിഎക്‌സ് ഇന്ത്യ, കോയിന്‍ സെക്യൂര്‍ തുടങ്ങിയ കമ്പനികള്‍ ബിറ്റ്‌കോയിന്‍ ഖനനസേവനം നടത്തുന്നുണ്ട്. എല്ലാ വര്‍ഷവും ബിറ്റ്‌കോയിന്‌റെ മൂല്യം വര്‍ദ്ധിക്കുന്നതു കൊണ്ട് ഓഹരിവിപണിയിലെന്ന പോലെ ബിറ്റ്‌കോയിന്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതും പതിവാണ്. നിലവില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം ഏതാണ്ടു 500 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഉണ്ടെന്നാണു പറയപ്പെടുന്നത്.

Story by