അൻറാർട്ടിക്കൻ മഞ്ഞുമല യു.എ.ഇയിലെ ഫുജൈറയിലേക്ക്​ കൊണ്ടുവരുന്നു

ഐസ്ബര്‍ഗ് പ്രോജക്റ്റ് നടപ്പിലാക്കുന്നതോടെ അടുത്ത 25 വര്‍ഷത്തേക്ക് കുടിവെള്ളക്ഷാമം ഉണ്ടാകില്ല എന്നാണ് യു.എ.ഇ കരുതുന്നത്. മാത്രമല്ല, മരുഭൂമിയെ പച്ചപ്പണിയിപ്പിക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.

അൻറാർട്ടിക്കൻ മഞ്ഞുമല യു.എ.ഇയിലെ ഫുജൈറയിലേക്ക്​ കൊണ്ടുവരുന്നു

കുടിവെള്ള പ്രശ്നപരിഹാരത്തിനും മരുഭൂമിയെ പച്ചപ്പണിയിക്കാനുമായി അൻറാർട്ടിക്കൻ മഞ്ഞുമല യു.എ.ഇയിലെ ഫുജൈറയിലേക്ക്​ കൊണ്ടുവരാൻ പദ്ധതിയൊരുങ്ങുന്നു. 2018 ന്റെ ആരംഭത്തോടെ മഞ്ഞുരുക്കി ശുദ്ധമായ കുടിവെള്ളം യു.എ.ഇയില്‍ ലഭ്യമാക്കാനാകും എന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

അബുദാബി അടിസ്ഥാനമാക്കി മസ്​ദർ സിറ്റിയിൽ പ്രവർത്തിക്കുന്ന നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്​ കമ്പനിയാണ്​ ഈ പദ്ധതിയുടെ സൂത്രാധാരന്മാര്‍. വെറുതെയങ്ങു പറയുകയല്ല. പദ്ധതിയുടെ ഓരോ ഘട്ടവും വിഭാവനം ചെയ്തതിനു ശേഷമാണ് ഈ പദ്ധതി വിളംബരം ചെയ്തിരിക്കുന്നത്. 'യു.എ.ഇ ഐസ്ബര്‍ഗ് പ്രോജക്റ്റ്' എന്നാണ് ഇതിനു പേര്.

കുടിവെള്ളത്തിന്റെ ലഭ്യത മാത്രമല്ല, ഈ മഞ്ഞുമലകളുടെ വരവ് കാലാവസ്​ഥയിൽ ഗുണകരമായ മാറ്റവും പ്രതിഫലിപ്പിക്കുമെന്നു ഇവര്‍ പറയുന്നു. ഒരു മഞ്ഞു മലയില്‍ ശരാശരി 7570,82,35680 ലിറ്റര്‍ (20 ബില്ല്യണ്‍ ഗാലന്‍) ശുദ്ധജലം അടങ്ങിയിട്ടുണ്ട്.ഫുജൈറയുടെ തീരത്ത്‌ നിന്നും 9200 കിമീ ദൂരെയുള്ള 'ഹേര്‍ഡ് മഞ്ഞുമല'യാണ് യു.എ.യില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തില്‍ മഞ്ഞുമലകള്‍ എല്ലാം ഉരുകാന്‍ തുടങ്ങുന്നു എന്നും ഇതിലെ ശുദ്ധജലം വെറുതെ പാഴായി ആര്‍ക്കും പ്രയോജനവുമില്ലാതെ സമീപപ്രദേശത്തെ കടലില്‍ പതിക്കുകയുമാണ് ചെയ്യുന്നതെന്ന് യു.എ.ഇയുടെ നാഷനൽ അഡ്വൈസർ ബ്യൂറോ വിവരിക്കുന്നു. അങ്ങനെയെങ്കില്‍ അത് ആവശ്യമുള്ള തങ്ങള്‍ക്കു പ്രയോജനപ്പെടുത്താനുള്ള ശ്രമമാണിത്.

രണ്ടു തരത്തില്‍ ഈ മഞ്ഞുമലയെ അറേബ്യന്‍ തീരത്തെത്തിക്കാന്‍ കഴിയും. ശക്തിയേറിയ പുറംചട്ടയില്‍ ചുറ്റിക്കെട്ടി വലിച്ചുക്കൊണ്ടു വരുന്നതാണ് ഒരു മാര്‍ഗ്ഗം. മഞ്ഞുമല ചെറുതായി പൊട്ടിച്ചെടുത്ത് ടാങ്കറുകളില്‍ എത്തിക്കുന്നതാണ് അടുത്ത മാര്‍ഗ്ഗം.

അറേബ്യന്‍ തീരത്തെത്തുന്ന മഞ്ഞുമലയിലെ ജലം കുടിവെള്ള ട്രീറ്റ്മെന്റ് പ്ലാന്ടിലേക്ക് മാറ്റുകയും ചെയ്യും. ഇനി കഠിനമായ ചൂടില്‍ മഞ്ഞുമലയില്‍ നിന്നും സ്വാഭാവികമായി ഉരുകുന്ന ജലം അറബിക്കടലിലെ ഉപ്പുരസം വൻതോതിൽ കുറയ്ക്കാനും സഹായിക്കും. അങ്ങനെ വരുമ്പോള്‍ കടൽജലത്തിൽനിന്ന്​ ഉപ്പ്​ വേർതിരിക്കുന്ന നിലയങ്ങളുടെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യാം. മാത്രമല്ല കടല്‍ക്കാറ്റില്‍ നിന്നും മരുഭൂമിയിലേക്ക് ഒരു കൂളിംഗ് എഫക്റ്റ് നല്‍കാനും സാധിക്കും.ഇത് ജൈവവൈവിധ്യപരിപാലനത്തിനും മരുഭൂമിയില്‍ പച്ചപ്പ്‌ ഉണ്ടാക്കുന്നതിനും സഹായകരമാകും. കൃഷി, ടൂറിസം മേഖലകളിലും ഈ പദ്ധതി നല്ല മുന്നേറ്റം നല്‍കുമെന്നും ഇവര്‍ക്ക് സംശയം ഏതുമില്ല.

5 വര്‍ഷത്തേക്ക് ഒരു മില്ല്യന്‍ ജനതയ്ക്ക് ജീവിക്കാനുള്ള വെള്ളം കണ്ടെത്താന്‍ കഴിയുമെന്ന് നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്​ കമ്പനി അബ്ദുള്ള മുഹമ്മദ്‌ സുലൈമാന്‍ അല്‍ ഷെയി പറയുന്നു.

പദ്ധതി വിശദീകരിച്ചുള്ള നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്​ കമ്പനിയുടെ വീഡിയോ കാണാം. ചിത്രീകരണത്തിനു വേണ്ടി വീഡിയോയില്‍ പെന്‍ഗ്വിനുകളെയും ഹിമകരടികളെയും കാണാമെങ്കിലും ഫുജൈറയിലേക്ക് എത്തിക്കുന്ന ഹേര്‍ഡ് ദ്വീപില്‍ ഇവരുടെ സാന്നിധ്യം ഇല്ലെന്നും കമ്പനി പറയുന്നുണ്ട്

Read More >>