രണ്ടു കൂറ്റന്‍ ടവറുകള്‍ക്കിടയില്‍ ഞാന്നു കിടക്കുകയാണ്, ആ സ്വര്‍ണ്ണക്കിനാവ്...

രണ്ടു കൂറ്റന്‍ ടവറുകള്‍ക്കിടയില്‍ ഞാന്നു കിടക്കുന്ന രണ്ടു ഭീമന്‍ ചുവപ്പുതേരട്ടകളെപ്പോലെ ഒരുപാലം. അമേരിക്കയിലെ ആ പാലത്തിലേയ്ക്ക് പാലക്കാടന്‍ ചെമ്മണ്‍ പാതകളിലൂടെ സൈക്കിളോടിച്ച ഒരു മലയാളി യുവാവ് സൈക്കിളോടിച്ച് ചെല്ലുകയാണ്. കാണുന്നത്ര നിസ്സാരമല്ല ഈ പാലത്തിലേയ്ക്കുള്ള യാത്ര- ആംസ്റ്റര്‍ഡാമില്‍ പ്രകാശശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ നിഖില്‍. പിയുടെ അടിപൊളി സൈക്കിള്‍ യാത്ര...

രണ്ടു കൂറ്റന്‍ ടവറുകള്‍ക്കിടയില്‍ ഞാന്നു കിടക്കുകയാണ്, ആ സ്വര്‍ണ്ണക്കിനാവ്...

നിഖിൽ പി


ഒരെട്ടൊമ്പത് കൊല്ലം മുമ്പ്, നാലുപാടുനോക്കിയാലും വരണ്ടുണങ്ങിയ ചെങ്കല്‍പ്പാറ മാത്രം കാണാവുന്ന ഒരു കോളേജ് ഹോസ്റ്റലില്‍, അയല്‍വാസിയുടെ മുറിയില്‍, ഏതോ ഇംഗ്ലീഷ് സിനിമയ്ക്കിടയിലാണ് ആ ചുവപ്പു കൂറ്റന്‍ പാലം ആദ്യമായി ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൂറ്റന്‍ ടവറുകള്‍ക്കിടയില്‍ ഞാന്നു കിടക്കുന്ന രണ്ടു ഭീമന്‍ ചുവപ്പുതേരട്ടകളെപ്പോലെ ഒരുപാലം- ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ്.


അന്നത് കാണുമ്പോള്‍ ബക്കറ്റ്‌ലിസ്റ്റ് എന്നൊരു ആശയത്തെപ്പറ്റി കേട്ടിട്ടുപോലുമില്ല. കാണേണ്ട സ്ഥലങ്ങള്‍, ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റിയൊക്കെ മനസ്സിലെവിടെയോ ഒരു ലിസ്റ്റുണ്ടെങ്കിലും അതിലേക്ക് അന്ന്, സ്വന്തമായി ഒരു ലാപ്‌ടോപ് പോലുമില്ലാത്ത കാലത്ത്, ഈ പാലം കയറിപ്പറ്റിയില്ല. അക്കാലത്ത് ആ ലിസ്റ്റിലെ ഏറ്റവും വലിയ എന്‍ട്രികളിലൊന്ന് രാമേശ്വരത്തെ പാമ്പന്‍ പാലം ആയിരുന്നിരിക്കണം. വന്യവിദൂരസ്വപ്നങ്ങളില്‍പ്പോലും എത്താനിടയില്ലാത്ത ഒരിടമായിരുന്നു ഗോള്‍ഡന്‍ഗേറ്റ് ബ്രിഡ്ജ്.

ബക്കറ്റ് ലിസ്റ്റുകളുടെ, അതിലെ നീക്കിയിരുപ്പുകളുടെ, കാര്യം വളരെ കൗതുകകരമാണ്. കാലത്തിന്റെ തിരിമറിച്ചിലുകള്‍ക്കിടയില്‍ ഒരു ആന്‍ഡ്രോയിഡ് ആപ്പുപോലെ അത് നിരന്തരം അപ്‌ഡേറ്റു ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ജീവിതാര്‍ത്ഥാന്വേഷണങ്ങളില്‍പ്പെട്ട് അത് വലുതാവുകയും ചെറുതാവുകയും ചെയ്തുകൊണ്ടിരിക്കും. ചിലപ്പോള്‍ ഒരു കാര്യവുമില്ലാതെ വെപ്രാളപ്പെട്ടുകൊണ്ടിരിക്കും. മറ്റുചിലപ്പോള്‍, വരട്ടെ, സമയമുണ്ട്, പിന്നീടാവാമെന്ന് മടിപിടിച്ചുകൊണ്ടിരിക്കും.

പലതവണ സിനിമകളിലായി, ടി വി സീരീസുകളിലായി, ഫേസ്ബുക്ക് സുഹൃത്തുക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളിലായി ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കണ്‍മുന്നിലൂടെ വന്നുപൊയ്‌ക്കൊണ്ടിരുന്നു.


എന്നിട്ടും, ഏകദേശം ഒരു വര്‍ഷം മുമ്പ് ഒരു കോഫീബ്രേക്കിനിടയില്‍ ഒരു സഹപ്രവര്‍ത്തകന്റെ അമേരിക്കന്‍-യാത്രാവിവരണത്തിനിടയിലെ ഒരൊറ്റ വാക്യത്തില്‍പ്പിടിച്ചാണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് എന്റെ ബക്കറ്റ് ലിസ്റ്റിലേക്ക് കയറിപ്പറ്റുന്നത്. '... and on the next day, I took a bike ride across the bridge.' ഇത്രയേ ഉണ്ടായിരുന്നുള്ളൂ അത്. ലോകത്തിന്റെ ബൈസിക്കിള്‍ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ജോലി ചെയ്യുന്ന, വല്ലപ്പോഴും വെയില്‍തെളിയുന്ന ആഴ്ചയറുതികളില്‍ ഒരു തുക്കടാ സിറ്റിബൈക്കുംവച്ച് ഇരുപതും മുപ്പത്തഞ്ചും നാല്‍പ്പതും കിലോമീറ്റര്‍ വരെയുള്ള ഡേട്രിപ്പുകളോടുന്ന, ഒരാളെ എക്‌സൈറ്റ് ചെയ്യിക്കാന്‍ ആ വാക്യം ധാരാളം മതിയായിരുന്നു. 'എന്നെങ്കിലും അമേരിക്കയിലേക്കു പോകാന്‍ അവസരം ലഭിച്ചാല്‍' എന്നൊരു മുന്‍കുറിപ്പുംവച്ച്. മുന്‍കുറിപ്പിനെ പ്രതി ഇത്തിരി ചമ്മലോടെ, ഉടനേ അതിനെ ബക്കറ്റ് ലിസ്റ്റിലേയ്ക്കു കടത്തിവിട്ടു.

ഒരുവര്‍ഷത്തിനിപ്പുറം ഒരു രണ്ടാഴ്ചയാത്രയ്ക്കുവേണ്ടി അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് വിമാനമിറങ്ങുമ്പോള്‍ യാത്രാപദ്ധതിയിലെ ഒന്നാമത്തെ ഇനം ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജായിരുന്നു, അതിലൂടെയുള്ള സൈക്കിള്‍സവാരി ആയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ എന്ന സുന്ദരതീരത്തെ കുറിച്ചുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ക്ക് നഗരത്തില്‍ കാലുകുത്തുന്ന നിമിഷം വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.ആകാശം മുട്ടുന്ന കണ്ണാടിക്കെട്ടിടങ്ങളുടെ അരികുപറ്റി, നിരന്തരം ശാപവാക്കുകളുരുവിട്ട്, വഴിയിലുടനീളം നിങ്ങളെ ഭയപ്പെടുത്തുന്ന യാചകര്‍, ഭവനരഹിതര്‍. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ എന്തിലും ചവിട്ടിപ്പോകുമെന്ന് താക്കീതു കാക്കുന്ന തെരുവുകള്‍. നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലുമെല്ലാം ഒരുപാട് അപ്പുറത്തുനിന്ന് തമ്മില്‍ അകലമളക്കുകയാണ് പണക്കാരനും പാവപ്പെട്ടവനും. നിങ്ങളുടെ മനസ്സിലെ ആ ഉദാത്തസുന്ദരനഗരം, അത് സാന്‍ഫ്രാന്‍സിസ്‌കോ അല്ല. പണ്ടെങ്ങോ ബാലഭാസ്‌കറും ഷാനും 'ഇനി നമ്മള്‍ തേടും തീരം സാന്‍-ഫ്രാന്‍-സിസ്-കോ' എന്നു പാടിയത് മറ്റേതോ നഗരത്തെക്കുറിച്ചാണ്. കാലങ്ങളായി ലോകം നമ്മെ പറഞ്ഞു പഠിപ്പിച്ച അമേരിക്കന്‍ സ്വപ്നതീരം വെറെയെങ്ങോ ആണ്.

അങ്ങനെ, നിരാശപൂണ്ട് കനംവച്ച ഒരു മനസ്സുമായാണ് ബൈക്കുയാത്രയ്ക്ക് ഇറങ്ങിത്തിരിക്കുന്നത്. നഗരഹൃദയത്തില്‍ നിന്ന് ഏകദേശം പത്തുകിലോമീറ്റര്‍ മാറിയാണ് പാലം സ്ഥിതിചെയ്യുന്നത്. ശാന്തസമുദ്രത്തേയും സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കിനു കുറുകേ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറത്തില്‍ സുമാര്‍ രണ്ടേമുക്കാല്‍ കിലോമീറ്ററോളം നീളത്തിലാണ് പാലം പണികഴിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം എണ്‍പതുവര്‍ഷത്തോളം പഴക്കമുണ്ടതിന്.

സൈക്കിള്‍-റെന്റല്‍ കമ്പനികളെ തിരഞ്ഞ് വലിയ തരക്കേടില്ലാത്ത റേറ്റും റേറ്റിങ്ങുമുള്ള ഒരു കമ്പനിയില്‍ ചെന്ന് വാടകയ്ക്ക് സൈക്കിളന്വേഷിച്ചു. പാലം കടന്ന് തിരിച്ചെത്താന്‍ ഏകദേശം പതിനെട്ട് കിലോമീറ്റര്‍ യാത്രയുണ്ട്. പരമാവധി എഴുപത്തിനാലു മീറ്റര്‍ വരെയുള്ള കയറ്റിറക്കു വ്യത്യാസങ്ങളുണ്ട്. മനസ്സില്‍ കൂട്ടിയും കുറച്ചും ഒടുക്കം രണ്ടു മണിക്കൂര്‍ നേരത്തേക്ക് എന്നുപറഞ്ഞ് ക്രെഡിറ്റ്കാര്‍ഡ് ഉരച്ചുകൊടുത്തു. ബൈക്കിനു വഴിയില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ക്കും കേടുപാടുകള്‍ക്കുമായി ചെറിയൊരു തുകയ്ക്ക് ഇന്‍ഷൂറന്‍സും എടുത്തു. (യാത്ര അമേരിക്കയിലേക്കായതിനാല്‍ സ്വന്തം തടിയ്ക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ക്കായി വിമാനം കയറുംമുമ്പുതന്നെ ഇന്‍ഷൂറന്‍സ് എടുത്തിട്ടുണ്ടായിരുന്നു).


സൈക്കിളിനൊപ്പം ഒരു ഹെല്‍മറ്റും മേപ്പും ലോക്കും ഉണ്ട്. സൈക്കിളില്‍ കയറിയിരിക്കുമ്പോള്‍ കടക്കാരന്‍ വഴിയെക്കുറിച്ചുള്ള സൂചനകള്‍ തന്നു. തുടക്കത്തില്‍ കുറച്ചുഭാഗം മറ്റു വാഹനങ്ങളോടുന്ന പ്രധാന നിരത്തിലൂടെയാണ് ഓടിക്കേണ്ടത്. ഏകദേശം രണ്ടുകിലോമീറ്റര്‍ മാറി സൈക്കിള്‍-സൗഹൃദപാതകള്‍ ആരംഭിക്കും. കയറിയിരുന്ന് വാഹനത്തെ ഒന്ന് വിലയിരുത്തി. ടയറുകള്‍ രണ്ടും ഓക്കെയാണ്. ബ്രേക്ക് കുഴപ്പമില്ലാതെ വര്‍ക്കുചെയ്യുന്നുണ്ട്. 3x7=21 സ്പീഡ്-ഗിയറുകളുള്ള ഒരു ഹൈബ്രിഡ് ബൈക്കാണ്. ഒട്ടും ഭാരമില്ലാത്ത ഒന്ന്. ഇതിനു മുമ്പ് നടത്തിയ ദീര്‍ഘദൂര സവാരികളെല്ലാം പരമാവധി ഏഴു സ്പീഡ്-ഗിയര്‍ വരെയുള്ള സിറ്റിബൈക്കുകളിലായിരുന്നു, ഏറെക്കുറെ നിരപ്പായ ആംസ്റ്റര്‍ഡാം വഴിയോരങ്ങളിലൂടെയായിരുന്നു. ഗിയറില്‍ ചെറിയ പരീക്ഷണങ്ങളൊക്കെ നടത്തി വിലയിരുത്തലെല്ലാം മതിയാക്കി, ആള്‍പ്പൊക്കം വലിപ്പമുള്ള അമേരിക്കന്‍ കാറുകള്‍ക്കപ്പുറം അരികൊതുക്കി, പതുക്കെ യാത്ര ആരംഭിച്ചു. മൂന്നു ട്രാഫിക് സിഗ്നലുകള്‍ കടന്നതോടെ ബേ-ഏരിയ എത്തി. അവിടെ സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിന്റെ അരികുപറ്റി സൈക്കിള്‍-സൗഹൃദപാത തുടങ്ങുകയാണ്. ഒറ്റയ്ക്കും കൂട്ടമായും പലരും സൈക്കിളുകള്‍ ഓടിക്കുന്നുണ്ട്. കുറച്ചാള്‍ക്കാര്‍ ജോഗിംഗ് നടത്തുന്നുണ്ട്. ഉള്‍ക്കടലിനു കുറുകെ കുറച്ചു ദൂരെ, ഉയരത്തില്‍, പുകമഞ്ഞില്‍ പൊതിഞ്ഞ്, ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കാണുന്നുണ്ട്. സൈക്കിള്‍ നിര്‍ത്തി ഒന്നുകൂടി നോക്കി. എന്തുയരത്തിലാണത്?! അവിടെയെത്താന്‍ സാധിക്കുമോ എന്നു വരെ ചിന്തിച്ചുപോയി. ആ നിമിഷത്തില്‍, പഴയ ഹോസ്റ്റലിലെ തൊട്ടപ്പുറത്തെ കുടുസ്സുമുറിയിലിരുന്ന് ഒരു പതിനാലിഞ്ച് മോണിറ്ററില്‍ ആദ്യമായി ആ പാലത്തെ കണ്ടത് വീണ്ടും ഓര്‍മ്മ വന്നു. ആഞ്ഞുചവിട്ടാന്‍ തുടങ്ങി.


ബേ-ഏരിയയുടെ അറ്റം വരെ ചെന്ന് മുന്നൂറു ഡിഗ്രീ തിരിഞ്ഞ് കുന്നു കയറാന്‍ തുടങ്ങണം. വീണ്ടും കാറുകളുമായി പാത പങ്കുവെക്കാന്‍ തുടങ്ങുകയാണ്. തെരുവുകള്‍ വൃത്തിയായിത്തുടങ്ങിയത് ശ്രദ്ധിച്ചു. പാതകള്‍ക്കിരുവശവും കുന്നിനുമുകളിലും ചെരിവുകളിലുമെല്ലാം കൊച്ചുകൊച്ചു കൊട്ടാരങ്ങള്‍ കണ്ടുതുടങ്ങി. സിലിക്കണ്‍ താഴ്വാരത്തെ അതിസമ്പന്നര്‍ താമസിക്കുമിടങ്ങളാണ്. കുത്തനെയുള്ള കയറ്റമാണിനി. ആദ്യത്തെ കയറ്റത്തിന്റെ പകുതിക്കു വെച്ച് പൊടുന്നനെ ചെറിയൊരു ശബ്ദത്തോടെ പെഡലുകള്‍ സ്വന്തം ഇഷ്ടപ്രകാരം കറക്കം തുടങ്ങി. സൈക്കിള്‍ നിന്നുപോയി. ഗിയര്‍മാറ്റുന്നത് തെറ്റി ചങ്ങല ഊരിപ്പോയതാണ്. വീഴാതെ കഷ്ടിച്ച് കാലുകള്‍ നിലത്തുറപ്പിച്ചു. ഇത്രയും കാലത്തെ ബൈക്ക് യാത്രകള്‍ക്കിടയില്‍ ആദ്യമായാണ് ചങ്ങല ഊരിപ്പോരുന്ന പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നത്. അവിടെ ആ കുന്നിഞ്ചെരുവില്‍ നടുറോട്ടില്‍ എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം ഞാന്‍ കിതച്ചുനിന്നു. കയറ്റം ഇറങ്ങുകയും കയറുകയും ചെയ്യുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കുമിടയിലൂടെ പതുക്കെ ഞാന്‍ ബൈക്ക് തിരിച്ചുരുട്ടാന്‍ തുടങ്ങി. കുന്നിനു താഴെയെത്തി ചങ്ങല ഒന്നുകൂടി പരിശോധിച്ചു. രണ്ടു മൂന്നു സൈക്കിള്‍ യാത്രികര്‍ അരികില്‍ നിര്‍ത്തി, 'ടൂളില്ലാതെ, ടയറൂരാതെ, സംഭവം ശരിയാക്കിയെടുക്കാന്‍ പാടാ'ണെന്ന് അഭിപ്രായം പാസ്സാക്കി അവരുടെ യാത്ര തുടര്‍ന്നു. എന്തുവേണമെന്ന് ഒരന്തവുമില്ലാതെ കുറച്ചുസമയം കൂടി അവിടെ നിന്നപ്പോള്‍ സൈക്കിളുമുരുട്ടി തിരിച്ച് കടയില്‍ കൊടുത്താലോ എന്നു പോലും ചിന്തിച്ചു. എനിക്ക് കരച്ചില്‍ വന്നുപോയി. ഒടുക്കം ഇനിയെന്തു വരാനാണെന്ന് കരുതി സൈക്കിള്‍ ചരിച്ചുവെച്ച് ഒരു കൈകൊണ്ട് ചങ്ങല നീട്ടി വലിച്ച് മറുകൈകൊണ്ട് ഗിയര്‍ മുകലിളിലേയ്ക്കും താഴോട്ടും മാറ്റിനോക്കിത്തുടങ്ങി. ഇരുപത്തൊന്ന് കോമ്പിനേഷനുകളില്‍ ചങ്ങലയെ ഉള്‍ക്കൊള്ളാന്‍ സാധ്യതയുള്ളവയെല്ലാം പരീക്ഷിച്ചു. ഒടുക്കം, ചങ്ങല ഗിയര്‍പല്ലുകള്‍ക്കിടയിലേയ്ക്ക് കയറിപ്പറ്റി. ഗ്രീസില്‍ കുളിച്ചുകുതിര്‍ന്ന ഉള്ളംകൈ നോക്കി ഒന്നുള്ളുതുറന്ന് ചിരിച്ച് യാത്ര വീണ്ടും തുടങ്ങി.


ഇത്തവണ അങ്ങേയറ്റം സൂക്ഷിച്ചുമാത്രം ഗിയറുകള്‍ മാറ്റി. വല്ലാതെ സംശയം തോന്നിയപ്പോള്‍ സൈക്കിളില്‍ നിന്നിറങ്ങി രണ്ടുമിനുട്ടോളം നടക്കുകപോലും ചെയ്തു. പതിയെ പേടിയെല്ലാം മാറ്റി വീണ്ടും പഴയ താളത്തിലേക്ക് തിരിച്ചുവന്ന് യാത്ര തുടര്‍ന്നു. ഇപ്പോള്‍ കുന്നു മുക്കാലും കയറിക്കഴിഞ്ഞിരിക്കുന്നു. പാലത്തിനടുത്തെത്താന്‍ തുടങ്ങിയതോടെ കാല്‍നടക്കാരും ഗൈഡഡ് ബൈക്ക് ടൂറുകളും സംഘം ചേര്‍ന്നു സവാരി നടത്തുന്നവരുമായി തിരക്ക് കൂടിത്തുടങ്ങി. പതിയെ പാലത്തിലേയ്ക്കു കയറി.

ബൈക്കുകള്‍ക്കുള്ള പാത ഇടത്തേ അറ്റത്താണ്. ടോളുള്ള മോട്ടോര്‍ പാതയാണ് നടുവില്‍. കാല്‍നടക്കാര്‍ വലത്തേയറ്റത്തും. കട്ടപിടിച്ച മഞ്ഞാണ്. ഒരു പത്തുമീറ്ററിനപ്പുറം മുന്നോട്ട് ഒന്നും കാണാനില്ല. കാഴ്ച മൂടുന്ന മഞ്ഞിനു കുപ്രസിദ്ധമാണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ്. മിനുട്ടുകളുടെ വ്യത്യാസത്തില്‍ മഞ്ഞുവന്നുമൂടുകയും തെളിയുകയും ചെയ്യാം. പതുക്കെ മുന്നോട്ടുപോവാന്‍ തുടങ്ങി. ഇടയ്ക്കിടയ്ക്ക് നിര്‍ത്തി മൂടല്‍മഞ്ഞിനെ വെല്ലുവിളിച്ച് ഫോട്ടോകളെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

താഴെനിന്ന് കപ്പലുകളുടേയോ കൂറ്റന്‍ ബോട്ടുകളുടേയോ ഹോണ്‍മുഴക്കങ്ങള്‍ കേള്‍ക്കാം. പതിയെ പാലത്തിനപ്പുറത്തെത്താറായതോടുകൂടെ മഞ്ഞുനീങ്ങി കാഴ്ചകള്‍ തെളിയാന്‍ തുടങ്ങി. എന്തുയരത്തിലൂടെയാണ് സവാരിചെയ്തുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായും മനസ്സില്‍ പതിയുന്നത് അപ്പോഴാണ്. കയറ്റം കയറി വന്ന വഴികള്‍ ദൂരെ കാണാം. തിരിച്ചിറങ്ങാന്‍ അധികം സമയം ബാക്കിയില്ലെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ക്യാമറയിലും മനസ്സിലും മതിയാവോളം ചിത്രങ്ങളെടുത്തു.

അങ്ങേക്കരയിലെ വ്യൂപോയിന്റുകളെല്ലാം വലതുവശത്താണ്. അവിടെയെത്താന്‍ റോഡു മുറിച്ചുകടക്കണം. അതിനായി പാലത്തിനടിയിലൂടെ ഒരു ചെറിയ അണ്ടര്‍വേ ഉണ്ട്. അതിലേക്കെത്താനുള്ള പടികള്‍, പക്ഷേ, ഒട്ടും സൈക്കിള്‍-സൗഹൃദമല്ല. സൈക്കിളുയര്‍ത്തി കുത്തനെയുള്ള കുറച്ചു പടികളിറങ്ങണം. അതുപോലെ മറുവശത്ത് സൈക്കിള്‍ തലയില്‍ ചുമന്ന് പടികള്‍ ഏറുകയും വേണം. പക്ഷേ, അവിടെയാണ് പാലത്തിന്റെയും സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റേയും ഏറ്റവും മനോഹര ദൃശ്യങ്ങളൊരുക്കി വിസ്റ്റാപോയിന്റ് എന്നറിയപ്പെടുന്ന വ്യൂപോയിന്റ് നമ്മെ കാത്തിരിക്കുന്നത്. കാറുകളിലും ബസ്സുകളിലും മറ്റുമായി എത്തിയ ടൂറിസ്റ്റുകളുടെ തിരക്കാണവിടെ. കുടുംബവും കുട്ടികളുമൊക്കെയായി പല തരത്തില്‍ ഫോട്ടോകള്‍ക്ക് പോസുചെയ്ത് നിരവധി ഇന്ത്യക്കാരുമുണ്ട്. തിരക്കു വീണ്ടും കൂടാന്‍ തുടങ്ങിയതോടെ ഞാന്‍ സൈക്കിളുമെടുത്ത് തിരിച്ച് പോവാനുള്ള പദ്ധതികള്‍ ആലോചിച്ചു തുടങ്ങി.

ഇങ്ങേക്കരയില്‍ യാത്ര തുടരാനാണെങ്കില്‍ തൊട്ടുതൊട്ടു നിരവധി വ്യൂപോയിന്റുകള്‍ ഇനിയും തിരഞ്ഞെടുക്കാനുണ്ട്. കുറച്ചധികം ദൂരെയായി മ്യൂര്‍വുഡ്‌സ് നേഷണല്‍ പാര്‍ക്കുണ്ട്. വാച്ചില്‍ നോക്കി. ചങ്ങല നന്നാക്കല്‍-കണ്‍ഫ്യൂഷനിലും ഫോട്ടോയെടുപ്പുകളിലും പെട്ട് ആവശ്യത്തിലധികം സമയം ഞാന്‍ ചെലവാക്കിക്കഴിഞ്ഞിട്ടുണ്ട്. എന്റെ രണ്ടുമണിക്കൂര്‍ തീരാറാവുന്നു. പാലത്തിനുമുകളിലൂടെ സൈക്കിള്‍യാത്രയെന്ന പ്രധാന ഉദ്ദേശ്യം നിറവേറിക്കഴിഞ്ഞു. ഒരുപക്ഷേ വീണ്ടുമൊരു വരവുണ്ടാവില്ലെങ്കില്‍ക്കൂടിയും ഇനിയും വരുമ്പോഴത്തേയ്‌ക്കെന്ന് ഒന്നോ രണ്ടൊ കാര്യങ്ങള്‍ എവിടെപ്പോവുമ്പോഴും ബാക്കിയാവാറുണ്ട്. മ്യൂര്‍വുഡ്‌സ് പാര്‍ക്കിനെ അതിലേക്കു ചേര്‍ത്ത് സൈക്കിളും തലയിലേറ്റി പടികളിറങ്ങിക്കയറി റോഡിനപ്പുറത്തേയ്‌ക്കെത്തി. പാലത്തിലൂടെ മടക്കസവാരി തുടങ്ങി. തിരിച്ചുള്ള യാത്രയില്‍ ഒരു കാരണവുമില്ലാതെ ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു. എതിരേ വരുന്നവര്‍ക്കുനേരെയെല്ലാം അഭിവാദ്യങ്ങള്‍ നീട്ടി തലകുലുക്കിക്കൊണ്ടിരുന്നു. സൈക്കിളും ചവിട്ടി ഇരുനൂറ്റമ്പതോളം അടി ഉയരത്തിലെത്തിയിട്ടും തിരിച്ചിറക്കത്തിലാണ് സന്തോഷം കൊണ്ട് അകം കവിയുന്നതെന്ന സത്യം പതുക്കെപ്പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു.

ആ ബക്കറ്റ്‌ലിസ്റ്റ് വീണ്ടും അപ്‌ഡേറ്റു ചെയ്യപ്പെടുകയാണ്.... അപ്‌ഡേറ്റു ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്....

Read More >>