ഇന്ത്യയിലെ ആകാശയാത്രയിൽ ഇനി വൈഫൈയും കൂട്ടിനുണ്ട്

ആകാശയാത്രകള്‍ ഇനി വിരസമാകില്ല. മുകളില്‍ പറക്കുമ്പോഴും താഴെ ലോകവുമായി ബന്ധപ്പെടാം- ഇന്ത്യ കൂടുതല്‍ ഇന്റര്‍നെറ്റ്‌ സൗഹൃദരാജ്യമാകുന്നു.

ഇന്ത്യയിലെ ആകാശയാത്രയിൽ ഇനി വൈഫൈയും കൂട്ടിനുണ്ട്

ഇന്ത്യയിൽ പ്രാദേശിക വിമാനയാത്ര ചെയ്യുമ്പോൾ 35,000 അടിയ്ക്ക് മുകളിൽ ഇന്റർനെറ്റ് സേവനം ലഭിക്കുമായിരുന്നില്ല. എന്നാൽ ഇനി അങ്ങനെയല്ല കാര്യങ്ങൾ. പ്രാദേശിക വിമാന യാത്രകൾക്ക് ഇനി ഇന്റർനെറ്റ് സേവനവും ലഭ്യമാകുന്നു. 5 Mbps ല്‍ കുറയാത്ത വേഗതയിൽ ഏറ്റവും മികച്ച ഇന്റർനെറ്റ് സേവനമായിരിക്കും ലഭിക്കുക. 2017 ഡിസംബർ മാസം മുതൽ ഈ സേവനം യാത്രക്കാർക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഊർജ്ജിതമായി നടക്കുന്നത്. ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി വിമാനങ്ങൾക്ക് മുകളിൽ വൈ-ഫൈ റൂട്ടർ സ്ഥാപിക്കും. - 3700mbps സ്പീഡ് വരെ ലഭിക്കാവുന്ന സാറ്റലൈറ്റ് ഉപകരണങ്ങളുമായി ഇവ ബന്ധിപ്പിക്കും. ഈ സൗകര്യം ലഭ്യമാകുന്നതോടെ വിമാനയാത്രയ്ക്കിടെ മെയിലുകൾ അയക്കാനും സ്വീകരിക്കുവാനും കഴിയും. അനുവദനീയമായ വെബ് പേജുകൾ ബ്രൗസ് ചെയ്യാനും നെറ്റ് ഉപയോഗിച്ചുള്ള ഫോൺ കോളുകൾ ചെയ്യാനും സാധിക്കും.

എയർ ഇന്ത്യയാണ് ശ്രദ്ധേയമായ ഈ നീക്കത്തിന് ആദ്യം മുന്നിട്ടിറങ്ങുന്നത്. എയർബസ് A-320 വിമാനങ്ങളിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാനാണ് എയർ ഇന്ത്യ പദ്ധതിയിടുന്നത്. കൃത്യമായ ഒരു തീയതി പ്രഖ്യാപിക്കുവാൻ സാധിക്കുന്നില്ല എങ്കിലും ഈ വർഷം തന്നെ പദ്ധതി നടപ്പാക്കാനാണ് ഊർജ്ജിതമായ നീക്കങ്ങൾ നടക്കുന്നത്. തുടര്‍ന്ന്, ടാറ്റാ വിസ്താരാ, ജെറ്റ് എയർവേസ് ഇൻഡിഗോ സ്പൈസ് ജെറ്റ് എന്നീ കമ്പനികളും ഈ സൗകര്യം ഒരുക്കുന്നതിനായി തയ്യാറെടുത്തു കഴിഞ്ഞു. ഹണിവെൽ ഏയ്റോസ്പേസ് എന്ന കമ്പനിയുടെ സഹായത്തോടെയായിരിക്കും രാജ്യത്തെ സ്വകാര്യവിമാനക്കമ്പനികൾ ഇന്റര്‍നെറ്റ്‌ സേവനം നൽകുക. വിമാന യാത്രയ്ക്കിടെ വൈ-ഫൈ ഉപയോഗിച്ചുള്ള വാർത്താവിനിമയം യാത്രാ സുരക്ഷയെ ബാധിക്കാതിരിക്കുവാനുമുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി വ്യോമയാന വകുപ്പിന്റെയും വ്യോമയാന ഡയറക്ട്രേറ്റ് ജനറലിന്റെയും അനുമതി ഇപ്പോൾ ലഭ്യമായ സാഹചര്യത്തിലാണ് പ്രാദേശിക ആകാശയാത്രകളിൽ ഇന്റർനെറ്റ് സൗകര്യം യാത്രക്കാർക്ക് ലഭിക്കുന്നത്.


സന്ദേശങ്ങളുടെ ഉറവിടം, സ്വഭാവം എന്നിവ നിരീക്ഷിക്കുവാനുംഅപകടകരമായ സന്ദേശങ്ങൾ ശ്രദ്ധിക്കുവാനും ആവശ്യമായ സാഹചര്യങ്ങളിൽ അവ നിയന്ത്രിക്കുവാനുമുള്ള എയർ ലൈൻ ഓപ്പറേറ്ററുമാരെയും കമ്പനികൾ നിയമിക്കും. ഇത്തരം സാഹചര്യങ്ങളിൽ സ്വകാര്യത സംബന്ധിച്ച ചോദ്യങ്ങൾ ഉയരുമെന്ന് പ്രതീക്ഷിക്കാമെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾക്ക് നൽകുന്ന വിട്ടുവീഴ്ചയായി അത് കണക്കാക്കപ്പെടുകയെ നിർവ്വാഹമുള്ളൂ.യാത്രക്കാർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിനുള്ള അധിക ചെലവും വിമാന കമ്പനികൾ കണക്കു കൂട്ടേണ്ടതായുണ്ട്. വൈ-ഫൈ റൂട്ടർ സ്ഥാപിക്കുമ്പോൾ വിമാനത്തിൽ ഭാരം വർദ്ധിക്കും, കൂടാതെ ഇന്റർനെറ്റ് സ്വീകരിക്കുമ്പോൾ ഉണ്ടാവുന്ന മറ്റ് വ്യതിയാനങ്ങളും കൃത്യമായി പരിശോധിക്കപ്പെടണം. പരസ്യങ്ങളിലൂടെ അധികവരുമാനം കണ്ടെത്താമെന്നാണ് ജെറ്റ് എയർവേയ്സ് കണക്കുകൂട്ടുന്നത്.

ഇനി ആകാശയാത്രകൾ ഉറങ്ങാനുള്ളതല്ല, നീലാകാശവും മേഘശകലങ്ങളും മാത്രം കണ്ട് നെടുവീർപ്പിടാനുള്ളതുമല്ല. വാർത്തകൾ അറിയാനും, സിനിമകൾ കാണാനും, ഓഫീസ് ജോലികൾ ചെയ്യാനും കൂടിയുള്ളതാണ് ഇനി ഇത്തരം സമയം.

Read More >>