അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാം; കാത്തിരുന്ന ഫീച്ചറുമായി വാട്സാപ്പ്

മെസേജ് ‘റീകോൾ’ എന്നു വിളിക്കപ്പെടുന്ന ഈ സംവിധാനത്തിലൂടെ നാമയച്ച മെസേജ് സ്വീകർത്താവ് കാണുന്നതിനു മുമ്പേ തന്നെ പിൻവലിക്കാൻ സാധിക്കും.

അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാം; കാത്തിരുന്ന ഫീച്ചറുമായി വാട്സാപ്പ്

ഒരു മെസേജ് അയക്കേണ്ടിയിരുന്നില്ല എന്ന്, അയച്ചു പോയൊരു മെസേജ് ഡിലീറ്റ് ചെയ്യാനായിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാ അത്തരക്കാർക്കായി കിടിലൻ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സാപ്പ്. അയച്ച മെസേജ് ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് വാട്സാപ്പ് മെസഞ്ചർ പുതുതായി അവതരിപ്പിക്കുന്നത്.

മെസേജ് 'റീകോൾ' എന്നു വിളിക്കപ്പെടുന്ന ഈ സംവിധാനത്തിലൂടെ നാമയച്ച മെസേജ് സ്വീകർത്താവ് കാണുന്നതിനു മുമ്പേ തന്നെ പിൻവലിക്കാൻ സാധിക്കും. ഗ്രൂപ്പുകളിലേക്ക് അയക്കുന്ന സന്ദേശങ്ങൾ മായ്ച്ചു കളയാനായി 'ഡിലീറ്റ് ഫോർ എവരിവൺ' എന്നൊരു സംവിധാനവും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

സ്വീകർത്താവ് കണ്ട ശേഷം മെസേജ് ഡെലീറ്റ് ചെയ്യുന്ന സംവിധാനം വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ടെന്നും സൂചനകളുണ്ട്. ഇതുപ്രകാരം രണ്ടു പേരുടെ ഫോണിൽ നിന്നും സന്ദേശം നീക്കം ചെയ്യപ്പെടും. ടെലഗ്രാം, വൈബർ തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകളിൽ നിലവിലുള്ള സംവിധാനമാണ് ഇപ്പോൾ വാട്സാപ്പും അവതരിപ്പിക്കുന്നത്. ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ സംവിധാനം ലഭ്യമാവുമെന്ന് വാട്സാപ്പ് അറിയിച്ചിട്ടുണ്ട്.

വാട്സാപ്പ് നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച വർഷമാണ് 2017. പുതിയ തരത്തിലുള്ള സ്റ്റാറ്റസ്, റ്റു സ്റ്റെപ് വെരിഫിക്കേഷൻ, ഫോട്ടോ എഡിറ്റർ, കൂടുതൽ ഫയൽ ടൈപ്പുകൾ അയക്കാനുള്ള സംവിധാനം തുടങ്ങിയവ വാട്സാപ്പ് അവതരിപ്പിച്ചത് ഈ വർഷമാണ്. അക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേതായിരുന്ന ലൈവ് ലൊക്കേഷൻ എന്ന ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചത് ഈയടുത്ത ദിവസമാണ്. നാം അനുവദിക്കുന്ന അത്രയും നേരം മറ്റൊരാൾക്കോ അല്ലെങ്കിൽ ഒരു ഗ്രൂപ്പിലുള്ളവർക്കോ നമ്മുടെ സഞ്ചാരപാത മാപ്പിൽ തത്സമയം കാണാനാവുന്ന സംവിധാനമാണ് ലൈവ് ലൊക്കേഷൻ. അതിനു ശേഷമാണിപ്പോൾ അയച്ച സന്ദേശം മായ്ച്ചു കളയാവുന്ന ഫീച്ചറുമായി വാട്സാപ്പ് എത്തുന്നത്.


Read More >>