സമ്മര്‍ ഓഫര്‍ പോയാലെന്താ, ജിയോ ധന്‍ ധനാ ധന്‍ ഓഫറുമായി കളത്തിലേക്ക്‌

ധന്‍ ധനാ ധന്‍ ഓഫറിന് സമ്മര്‍ സ്‌പെഷല്‍ ഓഫറില്‍ നിന്ന് ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്.പ്രൈം അംഗത്വത്തിനുള്ള സമയപരിധിയും ഇപ്പോള്‍ എടുത്തു മാറ്റി.

സമ്മര്‍ ഓഫര്‍ പോയാലെന്താ, ജിയോ ധന്‍ ധനാ ധന്‍ ഓഫറുമായി കളത്തിലേക്ക്‌

സമ്മര്‍ സ്‌പെഷല്‍ ഓഫര്‍ നിര്‍ത്തണമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഉത്തരവിട്ടതിനു പിന്നാലെ റിലയന്‍സ് ജിയോ ധന്‍ ധനാ ധന്‍ എന്ന പേരില്‍ പുതിയ ഓഫര്‍ അവതരിപ്പിക്കുന്നു.

ഈ ഓഫര്‍ പ്രകാരം ജിയോയുടെ പ്രീമിയം അംഗങ്ങള്‍ക്ക് 309 രൂപ റീചാര്‍ജിലൂടെ 84 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കും. 509 രൂപയ്ക്ക് ഇതേ കാലയളവില്‍ പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. ചൊവ്വാഴ്ച മുതലായിരിക്കും പുതിയ ഓഫര്‍ നിലവില്‍ വരുന്നതെന്ന് ജിയോ അറിയിച്ചു.

99 രൂപയുടെ റീചാര്‍ജിലൂടെ കമ്പനിയുടെ പ്രൈം അംഗമാകാനുള്ള അവസാന ദിവസം ഈ മാസം 15 എന്നായിരുന്നു ജിയോ മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലുള്ള എല്ലാ വരിക്കാര്‍ക്കും റീചാര്‍ജ് തുകയ്‌ക്കൊപ്പം പ്രൈം മെമ്പര്‍ തുകയും അടച്ച് ജിയോയുടെ പ്രൈം അംഗമാകാം. ഇതിനു കാലപരിധി നിശ്ചയിച്ചിട്ടില്ല.

എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പകരുക മാത്രമാണ് റിലയന്‍സ് ചെയ്തിരിക്കുന്നത് എന്ന് എയര്‍ടെല്‍ വക്താവ് പറയുന്നു. ട്രായിയുടെ നിര്‍ദ്ദേശത്തെ മറിക്കടക്കാനുള്ള ഒരു തന്ത്രം മാത്രമാണിത്. ട്രായിയുടെ ഇടപ്പെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ധന്‍ ധനാ ധന്‍ ഓഫറിന് സമ്മര്‍ സ്‌പെഷല്‍ ഓഫറില്‍ നിന്ന് ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്. സമ്മര്‍ സ്‌പെഷല്‍ ഓഫറില്‍ 303 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 120 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുമെന്നായിരുന്നു ജിയോ അറിയിച്ചിരുന്നത്. ധന്‍ ധനാ ധന്‍ ഓഫറില്‍ 309 രൂപയ്ക്കു റീചാര്‍ജിലൂടെ 84 ദിവസത്തേക്ക് പ്രതിദിനം 1 ജിബിയാണ് വാഗ്ദാനം

ജിയോയുടെ 100 മില്ല്യണ്‍ ഉപയോക്താക്കളില്‍ ഏതാണ്ട് 72 മില്ല്യണ്‍ പേര്‍ ഈ സ്‌കീം ഇതിനകം തന്നെ റെജിസ്റ്റര്‍ ചെയ്തെന്നു ജിയോ അവകാശപ്പെടുന്നു.