മീനേ നീ എവിടെയെന്നറിയാം; പുതിയ സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ

മത്സ്യലഭ്യത കൂടുതലുള്ള പ്രദേശത്തിന്റെ വിവരങ്ങൾ എസ്എംഎസ് ആയി ലഭിക്കുന്നത് വഴി കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മീൻ കിട്ടുകയും ഇന്ധനം ലാഭിക്കാൻ സാധിക്കുകയും ചെയ്യുന്നു.

മീനേ നീ എവിടെയെന്നറിയാം; പുതിയ സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ

കടലിൽ ഇനി എവിടെ മീനുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപേ അറിയാം. പുതിയ സാങ്കേതിക വിദ്യയുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഐഎസ്ആർഒ യുമായി ചേർന്ന് 'സമുദ്ര' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി പ്രകാരം കടലിൽ എവിടെയാണ് മത്സ്യമുള്ളതെന്ന് നാല് ദിവസം മുൻപ് തന്നെ മത്സ്യ ബന്ധന തൊഴിലാളികൾക്ക് എസ്എംഎസ് ലഭിക്കും. നിലവിൽ തൽസമയം മാത്രമാണ് കടലിലെ മത്സ്യലഭ്യത അറിയാനാവുക.

മീനുകൾ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളിലെ വെള്ളത്തിലടങ്ങിയ വിവിധ ഘടകങ്ങളും ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങളും പരിശോധിച്ചാണ് ഇത് സാധ്യമാവുന്നത്. മത്സ്യലഭ്യത കൂടുതലുള്ള പ്രദേശത്തിന്റെ വിവരങ്ങൾ എസ്എംഎസ് ആയി ലഭിക്കുന്നത് വഴി കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മീൻ കിട്ടുകയും ഇന്ധനം ലാഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. കടലിലെ ഡീസൽ മാലിന്യം കുറയുന്നതിനും ഇത് സഹായകരമാവുന്നു.

ഇപ്പോൾ തമിഴ്നാട് തീരത്താണ് ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്ററുമായി സംയുക്ത ഗവേഷണം തുടങ്ങിയിരിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ കേരളത്തീരത്ത് നടപ്പാക്കാനാകുമെന്നാണ് സിഎംഎഫ്ആർഐ യുടെ പ്രതീക്ഷ. ''മത്സ്യലഭ്യത കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രവചിക്കാനുള്ള സംവിധാനം ഇപ്പോഴില്ല.അതിനു വേണ്ടിയുള്ള സംവിധാനത്തിനുള്ള ശ്രമമാണ് ഐഎസ്ആർഒ യുമായി ചേർന്നുള്ള പദ്ധതിയിലൂടെ ശ്രമിക്കുന്നത്''- സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു.

Story by
Read More >>