മലയാളം സബ്ടൈറ്റിലുകൾ ഇനി ആപ്പിൽ; എംസോണിൻ്റെ ആൻഡ്രോയ്ഡ് ആപ്പ് പുറത്തിറങ്ങി

പ്ലേസ്റ്റോറിൻ്റെ എൻ്റർടെയിന്മെൻ്റ് വിഭാഗത്തിലെ ട്രെൻഡിംഗ് ആപ്പുകളിൽ പത്താം സ്ഥാനത്ത് ഇതിനകം എത്തിക്കഴിഞ്ഞു.

മലയാളം സബ്ടൈറ്റിലുകൾ ഇനി ആപ്പിൽ; എംസോണിൻ്റെ ആൻഡ്രോയ്ഡ് ആപ്പ് പുറത്തിറങ്ങി

ആഗോള സിനിമകൾ മലയാളികൾക്ക് സുഗമമായി ആസ്വദിക്കുന്നതിന് മലയാളം സബ്ടൈറ്റിലുകൾ പുറത്തിറക്കി വാർത്തകളിൽ ഇടം നേടിയ എംസോൺ ഫേസ്ബുക്ക് ഗ്രൂപ്പ് ആൻഡ്രോയ്ഡ് ആപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പ് അംഗങ്ങൾ ഇതുവരെ ചെയ്ത എല്ലാ സബ്ടൈറ്റിലുകളും ഉൾപ്പെടുത്തി ഗ്രൂപ്പ് പുറത്തിറങ്ങിയത്. ഇതിനോടകം ആയിരക്കണക്കിനാളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

എംസോൺ എന്ന പേരിൽ തന്നെ പുറത്തിറിങ്ങിയിരിക്കുന്ന ആപ്പ് പ്ലേസ്റ്റോറിൻ്റെ എൻ്റർടെയിന്മെൻ്റ് വിഭാഗത്തിലെ ട്രെൻഡിംഗ് ആപ്പുകളിൽ പത്താം സ്ഥാനത്ത് ഇതിനകം എത്തിക്കഴിഞ്ഞു. 450 പേർ റിവ്യൂ നൽകിയിരിക്കുന്ന ആപ്പിൻ്റെ റേറ്റിംഗ് നിലവിൽ 5 ആണ്. സിനിമ, പരിഭാഷകൻ, ഭാഷ, രാജ്യം, സംവിധായകൻ തുടങ്ങി ഒട്ടേറെ തരത്തിലുള്ള വർഗീകരണത്തിൻ്റെ സമ്പന്നത എംസോൺ ആപ്പ് നൽകുന്നു. തുടർന്നും എംസോൺ പുറത്തിറക്കുന്ന സബ്ടൈറ്റിലുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുമെന്നാണ് ഗ്രൂപ്പ് അഡ്മിന്മാർ അറിയിക്കുന്നത്.

ഗ്രൂപ്പിലെ അംഗങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് ആപ്പ് എന്ന ചിന്തയിലേക്ക് എംസോൺ എത്തുന്നത്. രണ്ട് മാസങ്ങൾക്കു മുൻപാണ് ആപ്പ് ഡെവലപിംഗ് തുടങ്ങുന്നത്. ഇതു വരെ എംസോൺ പുറത്തിറക്കിയ 650 ഓളം സിനിമകളുടെ വിവരങ്ങളും ഉപശീർഷകങ്ങളും ക്രോഡീകരിക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. എന്നാൽ എന്തിനും ഏതിനും 'കട്ടക്ക്' കൂടെ നിൽക്കുന്ന ചില ഗ്രൂപ്പ് അംഗങ്ങളുടെ അകമഴിഞ്ഞ സഹായങ്ങളും കൂടിയായപ്പോൾ അത് വളരെ പെട്ടെന്ന് തീർക്കാൻ കഴിഞ്ഞു എന്ന് മാധ്യമപ്രവർത്തകനും ഗ്രൂപ്പ് അഡ്മിന്മാരിൽ ഒരാളുമായ പ്രവീൺ പറയുന്നു.

എംസോൺ ഗ്രൂപ്പിൽ തന്നെയുള്ള അർജ്ജുൻ എന്ന പരിഭാഷകനാണ് ആപ്പിൻ്റെ സ്രഷ്ടാവ്. ഡെവലപ്പർ അല്ലെങ്കിലും ഗൂഗിളിൽ വിവരങ്ങൾ ശേഖരിച്ച് അർജ്ജുൻ ആപ്പ് നിർമ്മിക്കുകയായിരുന്നു. കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തി ആപ്പ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൻ്റെ അണിയറക്കാർ. നിലവിൽ ആപ്പിൻ്റെ ബീറ്റ വെർഷനാണ് പ്ലേസ്റ്റോറിൽ ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ വലിയ മാറ്റങ്ങളുമായി ആപ്പ് മുഖം മിനുക്കി പുറത്തിറങ്ങുമെന്ന് പ്രവീൺ അറിയിച്ചു.
Read More >>