വരുന്നു... ബാറ്ററിയില്ലാതെ ചാര്‍ജ് ചെയ്യാവുന്ന മൊബൈലുകള്‍

വൈഫൈ സിഗ്നലും വെളിച്ചത്തിന്റെ മൈക്രോവേവ് ശക്തിയും ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന വിധത്തിലാണ് ഈ ഫോണിന്റെ സാങ്കേതിക വിദ്യ ക്രമപ്പെടുത്തിയിരിക്കുന്നത്.

വരുന്നു... ബാറ്ററിയില്ലാതെ ചാര്‍ജ് ചെയ്യാവുന്ന മൊബൈലുകള്‍

മൊബൈല്‍ ഫോണുകളുടെ പ്രധാന പ്രശ്‌നം എന്താണെന്ന് ചോദിച്ചാല്‍ ആദ്യം പറയുക അതിന്റെ ബാറ്ററി ബാക്കപ്പിനെ കുറിച്ചായിരിക്കും. ഫോണിൽ ചാർജ് നിൽക്കുന്നില്ലെന്ന് പരാതിപ്പെടുന്നവർക്കും ആകുലപ്പെടുന്നവർക്കും ഇതാ സന്തോഷ വാര്‍ത്ത. ബാറ്ററിയില്ലാതെ ചാര്‍ജ്ജ് സംഭരിക്കാവുന്ന മൊബൈലുകള്‍ വിപണിയിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചാര്‍ജ് തീരാതെ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളാണ് ഇത്തരത്തില്‍ ഗവേഷകർ വികസിപ്പിച്ചത്. വൈഫൈ സിഗ്നലും വെളിച്ചത്തിന്റെ മൈക്രോവേവ് ശക്തിയും ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന വിധത്തിലാണ് ഈ ഫോണിന്റെ സാങ്കേതിക വിദ്യ ക്രമപ്പെടുത്തിയിരിക്കുന്നത്. ചാര്‍ജ് ചെയ്യാത്ത മൊബൈലിലൂടെ സ്‌കൈപ്പ് കോളുകള്‍ നടത്തി സംഭാഷണം സ്വീകരിക്കാനും മറുപടി പറയാനും ബേസ് സ്റ്റേഷനുമായി ആശയവിനിമയം നടത്താനും കഴിഞ്ഞെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ഞങ്ങള്‍ വികസിപ്പിച്ച ബാറ്ററിരഹിത ഫോണ്‍ വൈദ്യുതി ഒട്ടുമില്ലാതെ ഉപയോഗിക്കുന്ന ആദ്യത്തെ സെല്‍ഫോണ്‍ ആണ്. പരിസ്ഥിതിയില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ സംഘത്തില്‍ അംഗമായ ശ്യാം ഗോളാകോട്ട് പറഞ്ഞു.

കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരും ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്ന സംഘം ഏറ്റവും ആധുനിക സെല്ലുലാര്‍ ട്രാന്‍സ്മിഷനില്‍ വൈദ്യുതി നിര്‍ത്തലാക്കി അതിനെ അനലോഗ് സിഗ്‌നലുകളാക്കി മാറ്റി ഒരു ഫോണ്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ ഡിജിറ്റല്‍ ഡാറ്റയിലേക്ക് മാറ്റിയെടുക്കുകയെന്നതായിരുന്നു ആദ്യ കടമ്പ. വൈദ്യുത സ്രോതസ്സുകളെ ആശ്രയിക്കാത്ത ഒരു ഫോണ്‍ രൂപകല്‍പ്പന ചെയ്യുകയെന്നത് അസാധ്യമാണെന്നാണ് ആദ്യം ഞങ്ങള്‍ കരുതിയിരുന്നത്.

സംഭാഷണം ലഭിക്കുന്നതിന്, എന്‍കോഡ് ചെയ്ത റേഡിയോ സിഗ്‌നലുകളെ ശബ്ദ വൈബ്രേഷനുകളാക്കി മാറ്റി അത് ഫോണിന്റെ സ്പീക്കറിലേക്ക് കൈമാറ്റം ചെയ്യുന്നു. സംഭാഷണത്തിന്റെയും ഡാറ്റയുടെയും കൈമാറ്റത്തിന് ഉപയോഗിക്കാവുന്ന ഇന്‍പുട്ട് ബട്ടണുകള്‍ ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബാറ്ററിരഹിതമായ ഇത്തരം ഫോണുകള്‍ക്ക് 3.5 മൈക്രോവാട്ട് ഊര്‍ജ്ജമാണ് ചെലവാകുന്നത്. രണ്ട് വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം എങ്ങനെ സ്വീകരിക്കാം എന്നും ഗവേഷകര്‍ തെളിയിച്ചു. ഇത്തരം ഫോണുകള്‍ 31 അടി അകലെയുള്ള സ്‌റ്റേഷനില്‍ നിന്നും റേഡിയോ സിഗ്നലുകള്‍ വരെ സ്വീകരിക്കുന്നു. അരിമണിയോളം വലിപ്പമുള്ള സോളാര്‍ പാനലില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉപകരണത്തിന് ലഭിക്കുന്നു.

''ഇന്ന് നാം ആശ്രയിക്കുന്ന ഉപകരണമാണ് സെല്‍ഫോണുകള്‍, ബാറ്ററികള്‍ ഇല്ലാതെ ഉപയോഗിക്കുന്ന ഫോണുകള്‍ ഉപയോഗികാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍, ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇത് ഭാവിയില്‍ ഏറെ ഉപകരപ്പെടുന്നതായിരിക്കും'' ഗവേഷക ജോഷ്വ സ്മിത്ത് പറഞ്ഞു.

Read More >>