അയൽരാജ്യങ്ങൾക്ക് ഇന്ത്യയുടെ സമ്മാനം; സൗത്ത് ഏഷ്യ സാറ്റലൈറ്റ് പറന്നുയരാൻ ഒരുങ്ങുന്നു

അയല്‍ രാജ്യങ്ങള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്നതായിരിക്കും സൗത്ത് ഏഷ്യ സാറ്റലൈറ്റ് - GSAT 9 .ലോകത്ത് ഒരിടത്തും ഇങ്ങനെയൊരു പദ്ധതി നിലവിലില്ല.

അയൽരാജ്യങ്ങൾക്ക് ഇന്ത്യയുടെ സമ്മാനം; സൗത്ത് ഏഷ്യ സാറ്റലൈറ്റ് പറന്നുയരാൻ ഒരുങ്ങുന്നു

തെക്കേ ഏഷ്യക്കാര്‍ക്കു വേണ്ടി ഇന്ത്യയുടെ വമ്പന്‍ സമ്മാനം ഒരുങ്ങുന്നു. ഇന്ത്യയുടെ ബഹിരാകാശപദ്ധതികളിലെ അഭൂതപൂര്‍വ്വമായ ഒരു ഏടാണു 450 കോടി രൂപയുടെ ഈ സമ്മാനം.

സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന ഈ ആശയവിനിമയത്തിനുള്ള സാറ്റലൈറ്റ് ഈ ആഴ്ച സമര്‍പ്പിക്കും എന്നു വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് ഗോപാല്‍ ബാഗ്ലേ അറിയിച്ചു. മെയ് അഞ്ചിനു ശ്രീഹരിക്കോട്ടയില്‍ നിന്നും 'ഇസ്രോയുടെ വികൃതിച്ചെക്കന്‍' എന്ന ഓമനപ്പേരുള്ള സാറ്റലൈറ്റ് പറന്നുയരും. 50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരമുവുമുള്ള റോക്കറ്റിലായിരിക്കും യാത്ര. ജിസാറ്റ്-9 എന്നാണ് ഇസ്രോ ഇതിനു പേരിട്ടിരിക്കുന്നത്.

അയല്‍ രാജ്യങ്ങള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്നതായിരിക്കും സൗത്ത് ഏഷ്യ സാറ്റലൈറ്റ്. ലോകത്ത് ഒരിടത്തും ഇങ്ങനെയൊരു പദ്ധതി നിലവിലില്ല. അയല്‍ക്കാര്‍ക്കും പങ്കു വയ്ക്കപ്പെടുന്ന സാറ്റലൈറ്റുകള്‍ സാധാരണ വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയുള്ളതായിരിക്കും.

തെക്കേ ഏഷ്യയിലെ ദരിദ്രരാജ്യങ്ങള്‍ക്കായിരിക്കും ഈ സാറ്റലൈറ്റ് ആശ്വാസമാകുക. പണം നല്‍കുകയാണെങ്കില്‍ ഏകദേശം 1,500 ദശലക്ഷം ഡോളര്‍ ആയിരിക്കും സാറ്റലൈറ്റിന്റെ പന്ത്രണ്ട് വര്‍ഷത്തെ കാലയളവ് ഉപയോഗിക്കാന്‍ ചെലവാക്കേണ്ടി വരിക. ഇന്ത്യയുടെ വിദേശബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ഈ സാറ്റലൈറ്റ് സഹായിക്കും.

2230 കിലോ ഭാരമുള്ള സാറ്റലൈറ്റ് മൂന്നു വര്‍ഷം കൊണ്ടാണു നിര്‍മ്മിച്ചത്. 235 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. തെക്കേ ഏഷ്യ മുഴുവന്‍ പരിധിയിലാക്കാനുള്ള കഴിവുവുമുണ്ട്.

12 കെയു ബാന്റ് ട്രാന്‍സ്‌പോണ്ടേഴ്‌സ് മൂലം ഇന്ത്യയുടെ അയല്‍ക്കാര്‍ക്കും വാര്‍ത്താവിനിമയം മെച്ചപ്പെടുത്താന്‍ കഴിയും. ഓരോ രാജ്യത്തിനും ഓരോ ട്രാന്‍സ്‌പോണ്ടര്‍ വീതമായിരിക്കും ലഭ്യമാകുക. അതില്‍ അവര്‍ക്കു സ്വന്തം പ്രോഗ്രാമുകള്‍ ചേര്‍ക്കാന്‍ കഴിയും. ഓരോ രാജ്യവും ഇതിനായുള്ള സൗകര്യങ്ങള്‍ സ്വന്തമായി വികസിപ്പിക്കേണ്ടി വരും.

വാര്‍ത്താവിനിമയം കൂടാതെ രാജ്യങ്ങള്‍ക്കിടയില്‍ ഹോട്ട് ലൈനുകള്‍ സ്ഥാപിക്കാനും കഴിയും. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ആശയവിനിമയം തടസ്സപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും. നേപാള്‍, ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സാറ്റലൈറ്റ് ഉപയോഗിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

2014 ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്തായിരുന്നു നരേന്ദ്ര മോദി സാര്‍ക് സാറ്റലൈറ്റ് എന്ന ആശയം ഇസ്രോയ്ക്ക് കൈമാറുന്നത്. അയല്‍രാജ്യങ്ങള്‍ക്ക് സമ്മാനമായി സാറ്റലൈറ്റ് നല്‍കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നമ്മുടെ അയല്‍രാജ്യങ്ങളുടെ പുരോഗതിയെ സഹായിക്കുന്ന സാറ്റലൈറ്റ് ആണു നമ്മുടെ സ്വപ്നം. സാര്‍ക് സാറ്റലൈറ്റിലൂടെ നമ്മളും അവരുടെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്നായിരുന്നു മോദി അന്നു പറഞ്ഞത്. കാഠ്മണ്ടുവിലെ സാര്‍ക് മീറ്റിംഗിലും അദ്ദേഹം ഈ ആശയം മുന്നോട്ടു വച്ചിരുന്നു.

ഇന്ത്യയുടെ ആ ആശയമാണു മെയ് അഞ്ചിനു ആകാശത്തേയ്ക്കു കുതിച്ചുയരാനൊരുങ്ങുന്നത്.