'ജിസാറ്റ്-9'; ദക്ഷിണേഷ്യക്ക് വേണ്ടിയുള്ള സാറ്റലൈറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ബഹിരാകാശപദ്ധതികളിലെ അഭൂതപൂര്‍വ്വമായ ഒരു ഏടാണു 450 കോടി രൂപയുടെ ഈ സമ്മാനം. സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന ഈ ആശയവിനിമയത്തിനുള്ള സാറ്റലൈറ്റ് 'ഇസ്രോയുടെ വികൃതിച്ചെക്കന്‍' എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. 50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരവുമുള്ള റോക്കറ്റിലാണ് ജിസാറ്റ്-9 വിക്ഷേപണം നടത്തിയത്.

ദക്ഷിണേഷ്യക്ക് വേണ്ടിയുള്ള ഇന്ത്യയുടെ സാറ്റലൈറ്റ് ജിസാറ്റ്-9 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് വൈകിട്ട് 4.57നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ വിക്ഷേപണം നടന്നത്. പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സില്‍ അഭിനന്ദിച്ചു. സാര്‍ക്ക് രാഷ്ട്രത്തലവന്‍മാരായ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ്ങ് തൊഗ്‌ബോയി, മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍, ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രചണ്ട, പ്രധാനമന്ത്രി സിരിസേന എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരവുമുള്ള റോക്കറ്റിലാണ് വിക്ഷേപണം നടത്തിയത്. ജിസാറ്റ്-9 എന്നാണ് ഐ എസ് ആർ ഓ ഇതിനു പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശപദ്ധതികളിലെ അഭൂതപൂര്‍വ്വമായ ഒരു ഏടാണു 450 കോടി രൂപയുടെ ഈ സാറ്റലൈറ്റ്. സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന ഈ ആശയവിനിമയത്തിനുള്ള സാറ്റലൈറ്റ് 'ഐ എസ് ആർ ഓയുടെ വികൃതിച്ചെക്കന്‍' എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. അയല്‍ രാജ്യങ്ങള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്നതായിരിക്കും സൗത്ത് ഏഷ്യ സാറ്റലൈറ്റ്. ലോകത്ത് ഒരിടത്തും ഇങ്ങനെയൊരു പദ്ധതി നിലവിലില്ല. അയല്‍ക്കാര്‍ക്കും പങ്കു വയ്ക്കപ്പെടുന്ന സാറ്റലൈറ്റുകള്‍ സാധാരണ വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയുള്ളതായിരിക്കും. തെക്കേ ഏഷ്യയിലെ ദരിദ്രരാജ്യങ്ങള്‍ക്കായിരിക്കും ഈ സാറ്റലൈറ്റ് ആശ്വാസമാകുക. പണം നല്‍കുകയാണെങ്കില്‍ ഏകദേശം 1,500 ദശലക്ഷം ഡോളര്‍ ആയിരിക്കും സാറ്റലൈറ്റിന്റെ പന്ത്രണ്ട് വര്‍ഷത്തെ കാലയളവ് ഉപയോഗിക്കാന്‍ ചെലവാക്കേണ്ടി വരിക.

ഇന്ത്യയുടെ വിദേശബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ഈ സാറ്റലൈറ്റ് സഹായിക്കും. 2230 കിലോ ഭാരമുള്ള സാറ്റലൈറ്റ് മൂന്നു വര്‍ഷം കൊണ്ടാണു നിര്‍മ്മിച്ചത്. 235 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. തെക്കേ ഏഷ്യ മുഴുവന്‍ പരിധിയിലാക്കാനുള്ള കഴിവുവുമുണ്ട്. 12 കെയു ബാന്റ് ട്രാന്‍സ്പോണ്ടേഴ്സ് മൂലം ഇന്ത്യയുടെ അയല്‍ക്കാര്‍ക്കും വാര്‍ത്താവിനിമയം മെച്ചപ്പെടുത്താന്‍ കഴിയും. ഓരോ രാജ്യത്തിനും ഓരോ ട്രാന്‍സ്പോണ്ടര്‍ വീതമായിരിക്കും ലഭ്യമാകുക. അതില്‍ അവര്‍ക്കു സ്വന്തം പ്രോഗ്രാമുകള്‍ ചേര്‍ക്കാന്‍ കഴിയും. ഓരോ രാജ്യവും ഇതിനായുള്ള സൗകര്യങ്ങള്‍ സ്വന്തമായി വികസിപ്പിക്കേണ്ടി വരും.

വാര്‍ത്താവിനിമയം കൂടാതെ രാജ്യങ്ങള്‍ക്കിടയില്‍ ഹോട്ട് ലൈനുകള്‍ സ്ഥാപിക്കാനും കഴിയും. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ആശയവിനിമയം തടസ്സപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും. നേപാള്‍, ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സാറ്റലൈറ്റ് ഉപയോഗിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2014 ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്തായിരുന്നു നരേന്ദ്ര മോദി സാര്‍ക് സാറ്റലൈറ്റ് എന്ന ആശയം ഐ എസ് ആർ ഓയ്ക്ക് കൈമാറുന്നത്. അയല്‍രാജ്യങ്ങള്‍ക്ക് സമ്മാനമായി സാറ്റലൈറ്റ് നല്‍കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമ്മുടെ അയല്‍രാജ്യങ്ങളുടെ പുരോഗതിയെ സഹായിക്കുന്ന സാറ്റലൈറ്റ് ആണു നമ്മുടെ സ്വപ്നം. സാര്‍ക് സാറ്റലൈറ്റിലൂടെ നമ്മളും അവരുടെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്നായിരുന്നു മോദി അന്നു പറഞ്ഞത്. കാഠ്മണ്ടുവിലെ സാര്‍ക് മീറ്റിംഗിലും അദ്ദേഹം ഈ ആശയം മുന്നോട്ടു വച്ചിരുന്നു. ഇന്ത്യയുടെ ആ ആശയമാണു ഇന്ന് യാഥാർത്യമായത്.