പുറത്തിറങ്ങാത്ത ഐഫോണിന്റെ ഫോട്ടോ മകള്‍ യൂട്യൂബിലിട്ടു; എഞ്ചിനീയറായ അച്ഛനെ ആപ്പിള്‍ പിരിച്ചുവിട്ടു

മകളുടെ സെല്‍ഫി വീഡിയോ ഭ്രാന്തില്‍ അച്ഛന് നേരിടേണ്ടി വന്നത് ഒറ്റുകാരന്‍ എന്ന പഴിയും തൊഴില്‍ നഷ്ടവും

പുറത്തിറങ്ങാത്ത ഐഫോണിന്റെ ഫോട്ടോ മകള്‍ യൂട്യൂബിലിട്ടു; എഞ്ചിനീയറായ അച്ഛനെ ആപ്പിള്‍ പിരിച്ചുവിട്ടു

ഇനിയും വിപണിയില്‍ എത്തിയിട്ടില്ലാത്ത ഐഫോണ്‍ എക്‌സ് ഫോണിന്റെ വീഡിയോ മകള്‍ യുട്യുബില്‍ അപ്ലോഡ് ചെയ്തത് വൈറലായതോടെ ദിവസങ്ങള്‍ക്കകം എഞ്ചിനീയറായ അച്ഛന്റെ ജോലി നഷ്ടമായി. യൂട്യുബില്‍ വിഡീയോകള്‍ പോസ്റ്റു ചെയ്യുന്നത് പതിവാക്കിയ അമേരിക്കന്‍ സ്വദേശിയായ ബ്രൂക്ക് അലിയേലിയ പീറ്റേഴ്‌സണ്‍ എന്ന പെണ്‍കുട്ടി ഈ ആഴ്ച ആദ്യമാണ് ആപ്പിളിന്റെ ക്യാമ്പസില്‍ നിന്നുള്ള വീഡിയോ അപ്‌ലോഡ് ചെയ്തത്.

ഒരു ദിവസം ഷോപ്പിംഗിന് ഇറങ്ങിയപ്പോള്‍ താന്‍ കണ്ട കാഴ്ചകള്‍ മുതല്‍ പിതാവ് ജോലി ചെയ്യുന്ന ആപ്പിളിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയത് വരെയുള്ള കാഴ്ചകളാണ് ബ്രൂക്ക് വീഡിയോയില്‍ പകര്‍ത്തിയത്. മകളുടെ സന്ദര്‍ശനത്തില്‍ ആഹ്ലാദചിത്തനായ പിതാവ് തന്റെ സ്‌പെഷ്യല്‍ സെക്യൂരിറ്റി കോഡ് ഉപയോഗിച്ചു ഐഫോണ്‍ എക്‌സ് ഫോണ്‍ അണ്‍ലോക്ക് ചെയ്തു മകള്‍ക്ക് പരിശോധിക്കാന്‍ നല്‍കുകയായിരുന്നു. ഐഫോണ്‍ എക്‌സിന്റെ പ്രത്യേക ജീവനക്കാര്‍ക്ക് മാത്രമുള്ള ക്യുആര്‍ കോഡുകളാണ് ഇത്. ഐഫോണ്‍ എക്‌സിന്റെ ചില പ്രത്യേകതകള്‍ വിവരിച്ചു കൊണ്ട് സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്തതും ബ്രൂക്ക് അപ്‌ലോഡ് ചെയ്തതില്‍ കാണാം.വീഡിയോ ഏതായാലും വൈറലായി. കഷ്ടിച്ച് ഒരാഴ്ചയ്ക്കകം രണ്ടര ലക്ഷം പേര്‍ ഈ വീഡിയോ കണ്ടു.


വൈകാതെ ബ്രൂക്കിന്റെ പിതാവിനെ ആപ്പിള്‍ കമ്പനി ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു.പുറത്തിറങ്ങാത്ത ആപ്പിള്‍ ഉല്‍പന്നങ്ങളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയതിന്റെ ശിക്ഷാ നടപടിയായിട്ടാണ് ബ്രൂക്കിന്റെ പിതാവിന് ജോലി നഷ്ടപ്പെട്ടത്. ആപ്പിള്‍ കാമ്പസില്‍ ഷൂട്ടിംഗ് നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചു എന്ന കുറ്റമാണ് ഈ എഞ്ചിനിയര്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത്. ഐഫോണ്‍ എക്‌സിലെ നോട്ട്‌സ് ആപ്ലിക്കേഷന്‍, രഹസ്യകോഡുകള്‍ ഉള്‍പ്പെടുന്ന സ്‌ക്രീനിന്റെ ചിത്രം, സ്‌പെഷ്യല്‍ കവര്‍ ഷീറ്റ് സ്‌ക്രീന്‍ എന്നിവയും ബ്രൂക്കിന്റെ വീഡിയോയില്‍ കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പിതാവിന്റെ ജോലി പോയതും ബ്രൂക്ക് തന്നെയാണ് മറ്റൊരു വീഡിയോയിലൂടെ അറിയിച്ചത്. എന്റെ അച്ഛന്‍ എന്നെ ഏറെ സ്നേഹിക്കുന്ന നല്ലൊരു മനുഷ്യനാണ്. അദ്ദേഹം കഴിവുള്ള ഒരു എഞ്ചിനീയര്‍ ആയതിനാല്‍ മറ്റൊരു ജോലി കിട്ടുമെന്ന് വിശ്വാസവുമുണ്ട്. പക്ഷെ, തന്റെ ഒരു താല്പര്യത്തിനു കൂട്ടുനിന്നതിനു ഇത്ര വലിയ ശിക്ഷ വേണോ എന്നാണ് ബ്രൂക്ക് കണ്ണീരോടെ ചോദിക്കുന്നത്.


Read More >>