ബാഷ്‌പീകരണം തടയാന്‍ വെള്ളത്തില്‍ ഷീറ്റ് വിരിച്ചു തമിഴ്നാട് സര്‍ക്കാര്‍; മണ്ടത്തരത്തിനും പരിധിയില്ലേയെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍

വൈഗൈ ജലസംഭരണിയിലെ ബാഷ്‌പീകരണം തടയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മധുരയിലെക്ക് ശുദ്ധജലമെത്തിക്കുന്ന പ്രധാന ജലസ്രോതസാണ് വൈഗൈ ഡാം.

ബാഷ്‌പീകരണം തടയാന്‍ വെള്ളത്തില്‍ ഷീറ്റ് വിരിച്ചു തമിഴ്നാട് സര്‍ക്കാര്‍; മണ്ടത്തരത്തിനും പരിധിയില്ലേയെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍

ഡാമിലെ വെള്ളത്തിന്റെ ബാഷ്‌പീകരണം തടയാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ഒരു പദ്ധതി ഇങ്ങനെയാണ് - വെള്ളത്തിന്റെ മുകളില്‍ തെര്‍മോകോള്‍ ഷീറ്റുകള്‍ വിരിക്കുക. അങ്ങനെയെങ്കില്‍ ബാഷ്പീകരണത്തിന്റെ അളവ് കുറയുകയും, വെള്ളം ഡാമില്‍ സുരക്ഷിതമായിരിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വൈഗൈ ജലസംഭരണിയിലെ ബാഷ്‌പീകരണം തടയുകയാണ് ലക്ഷ്യം. മധുരയിലെക്ക് ശുദ്ധജലമെത്തിക്കുന്ന പ്രധാന ജലസ്രോതസാണ് വൈഗൈ ഡാം.

പദ്ധതിയുടെ ഉത്ഘാടനം മന്ത്രി സെല്ലൂര്‍ കെ.രാജു ഉത്ഘാടനം ചെയ്തു. 10ലക്ഷം രൂപ മുടക്കിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നത്. ചേര്‍ത്തു ഒട്ടിച്ചു വച്ച തെര്‍മോകോള്‍ ഷീറ്റുകള്‍ മന്ത്രി വെള്ളത്തിലേക്ക് ഒഴുക്കിയായിരുന്നു ഉത്ഘാടനം നടത്തിയത്. ചിലത് അപ്പോള്‍ തന്നെ ഒടിഞ്ഞുപോയി. മറ്റു ചിലത് കെട്ടുകള്‍ പൊട്ടി ദിശ മാറി സ്വതന്ത്രമായും ഒഴുകി നടന്നു.

200ചതുരശ്രയടിയുള്ള ഷീറ്റാണ് വെള്ളം പുതപ്പിക്കാനായി ഒഴുക്കി വിടുന്നത്. പദ്ധതി വിജയമാണ് എന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ തുക വകയിരുത്തി ജലസംഭരണി ഇനിയും പുതപ്പിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

"ജലചംക്രമണത്തെ (വാട്ടര്‍ സൈക്കിള്‍) കുറിച്ചു എത്ര മാത്രം വികലമായ അറിവാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നാണ് ഈ പദ്ധതി തെളിയിക്കുന്നത്. പരിസ്ഥിതി സംരക്ഷക പ്രവര്‍ത്തകനായ സുന്ദരരാജന്‍ പറയുന്നു. പ്രകൃതിയുടെ സ്വാഭാവിക താളം ഇവര്‍ മനസിലാക്കിയിട്ടുണ്ടാകില്ല.

മാത്രമല്ല, ഈ തെര്‍മോകോള്‍ ഷീറ്റുകള്‍ ഭക്ഷിക്കാനിടയുള്ള മത്സ്യങ്ങളുടെയും പക്ഷികളുടെയും ആരോഗ്യത്തെ കുറിച്ചും ഇവര്‍ ചിന്തിക്കുന്നില്ല. മണ്ടത്തരത്തിനും ഒരു പരിധിയില്ലേയെന്നു ഇതു കണ്ടാല്‍ ആരും ചോദിച്ചു പോകും.ചുരുക്കത്തില്‍ ഔദ്യോഗികമായി ജലസംഭരണി മലിനപ്പെടുത്തുന്ന ഒരു പദ്ധതി മാത്രമാണിത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തെര്‍മോകോള്‍ ഷീറ്റുകള്‍ ഒരിടത്ത് തന്നെ ഉറച്ചു നില്‍ക്കുമെന്ന് ഇവര്‍ കരുതുന്നുണ്ടോ? വെള്ളത്തില്‍ ചിതറി കിടക്കുന്ന ഇത്തരം വസ്തുക്കള്‍ വേസ്റ്റ് മാത്രമാണ്" സുന്ദരരാജന്‍ പ്രതികരിച്ചു.

Read More >>