ചീരയില കൊണ്ട് കൃത്രിമ ധമനികള്‍; ഹൃദയങ്ങളെ രക്ഷിക്കാന്‍ ശാസ്ത്രത്തിന്റെ കണ്ടെത്തല്‍

ചീരയിലയിലെ ധമനികള്‍ ഉപയോഗിച്ച് കൃത്രിമഹൃദയധമനികള്‍ സൃഷ്ടിക്കാം എന്ന സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നെന്ന് അടുത്ത കാലത്തെ പരീക്ഷണഫലങ്ങള്‍ പറയുന്നു.

ചീരയില കൊണ്ട് കൃത്രിമ ധമനികള്‍; ഹൃദയങ്ങളെ രക്ഷിക്കാന്‍ ശാസ്ത്രത്തിന്റെ കണ്ടെത്തല്‍

പൊപ്പോയ്‌ ദ സെയ്‌ലര്‍മാന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിനെ ഓര്‍മ്മയില്ലേ? ചീര കഴിച്ച് ശക്തി നേടി വില്ലനെ ഇടിച്ച് പറത്തുന്ന ഒറ്റക്കണ്ണന്‍ നാവികന്‍. ചീരയാണ് പൊപ്പോയുടെ ശക്തികേന്ദ്രം. എന്നാല്‍ കാര്‍ട്ടൂണിലെ വെറും തമാശയല്ല ചീരയുടെ ശക്തി എന്ന് എല്ലാവര്‍ക്കും അറിയാം. പോഷകസമ്പന്നമാണ് ചീര. വൈറ്റമിനുകളും, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും നിറഞ്ഞിരിക്കുന്ന ഇലക്കറിയാണ് ചീര.

പുതിയ ഗവേഷണവിവരങ്ങള്‍ അനുസരിച്ച് മനുഷ്യന് ദീര്‍ഘായുസ്സ് നല്‍കാന്‍ ചീരയ്ക്ക് മറ്റു കഴിവുകളുമുണ്ട്. കൃത്രിമ ധമനികൾ ഉണ്ടാക്കാന്‍ ചീര നല്ലതാണെന്നാണ് അവര്‍ പറയുന്നത്.

കൃത്രിമ അവയവങ്ങള്‍ എന്നാല്‍, ഒരാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നു എന്ന് കരുതുക. സിടി സ്‌കാനില്‍ കാണുന്ന പ്രകാരം അയാളുടെ പൃദയത്തിന്‌റെ ത്രി ഡി ചട്ടക്കൂട് ഉണ്ടാക്കി അതില്‍ രോഗിയുടെ രക്തത്തില്‍ നിന്നും കോശങ്ങള്‍ വളര്‍ത്തി ഹൃദയത്തിന്റെ പേശികള്‍ നിര്‍മ്മിച്ച് ഹൃദയം ഉണ്ടാക്കാം. ഇതാണ് ടിഷ്യൂ എഞ്ചിനീയറിംഗില്‍ ചെയ്യുന്നത്.

പക്ഷേ, ഒരു പ്രശ്‌നമുള്ളത്, ഇത്തരം കൃത്രിമ കോശങ്ങളിലേയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും രക്തം എത്തിക്കുന്നത് എങ്ങിനെയാണ് എന്നതാണ്. ശാസ്ത്രജ്ഞര്‍ ഇതിനുള്ള പ്രകൃതിദത്തമായ പരിഹാരം തേടുകയാണെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ഏറ്റവും പുതിയ കണ്ടെത്തലാണ് ചീരയുടെ ഉപയോഗം. ചീരയിലകളെ സെല്ലുലോസ് ഉപയോഗിച്ച് റ്റ്യൂബുകള്‍ ആക്കി മാറ്റി രക്തധമനികളുടെ പതിപ്പ് സൃഷ്ടിച്ച് അതിലൂടെ പോഷകങ്ങള്‍ എത്തിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സസ്യകോശങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാന്‍ ലഭിക്കുന്നത് ഒന്നാന്തരം പ്രകൃതിദത്തമായ റ്റ്യൂബുകള്‍ തന്നെ.

രോഗങ്ങള്‍ക്കും ഗുരുതരമായ മുറിവുകള്‍ക്കും ചികിത്സ തേടിയെത്തുന്നവരില്‍ കൃത്രിമകോശങ്ങളോ എല്ലുകളോ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്രശ്‌നം ഓക്‌സിജന്‍, പോഷകങ്ങള്‍, മോളിക്യൂളുകള്‍ എന്നിവ ഹൃദയധമനികളിലൂടെയും ഞരമ്പുകളിലൂടെയും എങ്ങിനെ സൂക്ഷ്മമായ രീതീയില്‍ കടത്തി വിടുമെന്നതാണ്.

'ചീരയിലയിലെ ഞരമ്പുകള്‍ മനുഷ്യഹൃദയത്തിലെ ധമനികളും ഞരമ്പുകളും പോലെയാണ്. അതില്‍ നിന്നും സസ്യകോശങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാല്‍ ബാക്കിയാകുന്നത് നമുക്ക് ആവശ്യമുള്ള ഘടനയിലുള്ള രക്തവാഹിനിക്കുഴലുകളാണ്,' ഗവേഷണത്തില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞനായ ജോഷ്വാ റോബര്‍ട്ട് ഗെര്‍ഷ്‌ലാക്ക് പറയുന്നു.

ചീരയിലയുടെ ധമനീഘടനയിലൂടെ മനുഷ്യന്റെ രക്തകോശങ്ങള്‍ക്ക് സമാനമായ ദ്രവങ്ങളും സൂക്ഷ്മവസ്തുക്കളും കടത്തി വിട്ടു നോക്കിയപ്പോള്‍ കൃത്രിമഹൃദയപേശികള്‍ ഉണ്ടാക്കുന്നതിന് ചീരയില ഉപയോഗിക്കാമെന്നതിനുള്ള കൂടുതല്‍ ഉറപ്പുള്ള ഫലങ്ങള്‍ ലഭിച്ചു.

സമീപഭാവിയില്‍ തന്നെ കൃത്രിമമായ അവയവങ്ങളും ശരീരഭാഗങ്ങളും ഇങ്ങനെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതെല്ലാം എപ്പോള്‍ പ്രാവര്‍ത്തികമാകും എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. യാഥാര്‍ഥ്യമാകുമെങ്കില്‍ ഏകദേശം 23 ദശലക്ഷം ഹൃദ്രോഗികള്‍ ഉള്ള ഈ ലോകത്ത് ആയുസ്സിന്റെ പുസ്തകത്തില്‍ തിളങ്ങുന്ന അദ്ധ്യായമായിരിക്കും അത്.

Read More >>