അവിവാഹിതരാണ് കൂടുതല്‍ സന്തുഷ്ടരെന്ന് അമേരിക്കന്‍ മനശാസ്ത്ര കോണ്‍ഫറന്‍സ്

124മത് അമേരിക്കന്‍ മനശാസ്ത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവിവാഹിതരുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള അനുകൂലവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്.

അവിവാഹിതരാണ് കൂടുതല്‍ സന്തുഷ്ടരെന്ന് അമേരിക്കന്‍ മനശാസ്ത്ര കോണ്‍ഫറന്‍സ്

അവിവാഹിതരെ കാണുമ്പോള്‍ എപ്പോഴെങ്കിലും ഒരു ജേതാവിന്റെ ഭാവത്തോടെ നിങ്ങളുടെ സുന്ദരിയും മിടുക്കിയുമായ ഭാര്യയെ ഓര്‍ക്കുകയും, അപ്പോള്‍ അവരോട് പുച്ഛം തോന്നുകയും ചെയ്തിട്ടുണ്ടോ? കഷ്ടം എന്നൊരു മനോഭാവത്തോടെ അവരോട് മനസ്സിലെങ്കിലും സഹതപിച്ചിട്ടുണ്ടോ? എങ്കില്‍ അറിയുക, വിവാഹിതരെക്കാള്‍ പതിന്മടങ്ങ്‌ സന്തുഷ്ട ജീവിതം നയിക്കുന്നത് അവിവാഹിതരാണ്!

വെറുതെയൊരു വാദമല്ല, 124മത് അമേരിക്കന്‍ മനശാസ്ത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവിവാഹിതരുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള അനുകൂലവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. കാരണങ്ങള്‍ അറിയേണ്ടേ?

മെച്ചപ്പെട്ട സാമൂഹിക ജീവിതം:


കുടുംബത്തിനൊപ്പവും, സുഹൃത്തുക്കള്‍ അയല്‍വാസികള്‍ എന്നിവര്‍ക്കൊപ്പവും കൂടുതല്‍ സമയം ചെലവിടാന്‍ കണ്ടെത്തുന്നത് അവിവാഹിതരായിരിക്കും. വിവാഹിതരാകട്ടെ, പങ്കാളിയോടോപ്പമായിരിക്കും കൂടുതല്‍ സമയം ചെലവിടുന്നത്. മറ്റൊന്നും കൂടിയുണ്ട്, മാമന്റെ മോളുടെ കല്യാണത്തിനു പോയില്ലെങ്കിലോ, കുടുംബത്തിലെ മറ്റു ചടങ്ങുകള്‍ക്ക് പോയില്ലെങ്കിലോ കാര്യമായി അവിവാഹിതര്‍ക്ക് സാരമായ പരിഭവം നേരിടേണ്ടി വരില്ല. പക്ഷെ വിവാഹിതരുടെ കാര്യത്തില്‍ അങ്ങനെയല്ല, അകന്ന ബന്ധത്തിലുള്ളവരുടെ ക്ഷണിക്കപ്പെടുന്ന സ്വകാര്യ ചടങ്ങുകള്‍ ഒന്നു മിസ്സാക്കി നോക്കു, വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരാതിക്കെട്ടു ഒഴിയുകയുമില്ല,അവസരം കിട്ടിയാല്‍ മധുരപ്രതികാരം പ്രതീക്ഷിക്കുകയും ആകാം.(സാമ്പത്തിക ചെലവുകള്‍ വേറെയും..)

ബാച്ചിലേര്‍സിന്റെ പക്കല്‍ കൂടുതല്‍ പണമുണ്ടാകും:


ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല ഇവര്‍ കാശുകാരാകുന്നത്, മറിച്ചു അത് ചെലവഴിക്കാനുള്ള സ്വാതന്ത്രത്തിന്റെ കാര്യത്തിലായിരിക്കും.

ജോലിയിലും പഠനത്തിലും കൂടുതല്‍ സമയം ചെലവിടാന്‍ കഴിയുന്നത്‌ ബാച്ചലര്‍ ജീവിതത്തിലായിരിക്കും എന്നുള്ളത് വിവരിക്കേണ്ടതില്ലെല്ലോ. ക്ലോക്കില്‍ നോക്കി സമയത്തെ കുറിച്ചു ആവലാതിപ്പെടാതെ ആത്മാര്‍ത്ഥമായി ജോലി ചെയ്‌താല്‍ കരിയര്‍ ഗ്രാഫ് ഉയരും എന്നുള്ളതിന് സംശയമില്ല. സമ്പാദിക്കുന്ന പണം ചോദ്യം ചെയ്യപ്പെടാതെ ചെലവഴിക്കാന്‍ അധികാരമുള്ള ഇവര്‍ ധനികരായിരിക്കും. സംശയമില്ല.

അത്യാവശ്യം പണം വായ്പ നല്‍കാനും ഇവരെ ഉണ്ടാവുകയുള്ളൂ.

സ്വയം പര്യാപ്തത കൂടുതല്‍ ഉള്ളവരും ഇവര്‍ തന്നെ മച്ചൂ...


ആരുടെയെങ്കിലും നിര്‍ബന്ധം ഇല്ലാതെ സ്വയം കാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ അവിവാഹിതര്‍ തന്നെയാണ് മിടുക്കര്‍. പാചകം മുതല്‍ സാമ്പത്തിക ക്രമീകരണം വരെയുള്ള കാര്യങ്ങളിലും അങ്ങനെതന്നെയായിരിക്കും.

സമയത്തിന്റെ കാര്യത്തിലും ഇവര്‍ തന്നെ സമ്പന്നര്‍


ഇഷ്ടമുള്ള ഹോബികള്‍ക്ക് സമയം ചെലവിടാനും അവിവാഹിതരായിരിക്കും കൂടുതല്‍ സമയം കണ്ടെത്തുക. ഡ്രോയിംഗ്, പാട്ട്, നൃത്തം, വാദ്യോപകരണ പരിശീലനം എന്നിങ്ങനെ ഇഷ്ടങ്ങള്‍ എന്തുമാകട്ടെ വൈവാഹിക ജീവിതത്തിനിടയില്‍ ഇവയ്ക്കായി സമയം കണ്ടെത്തുന്നവര്‍ ചുരുക്കമായിരിക്കും. ശരിയല്ലേ?

ആത്മാര്‍ത്ഥ ബന്ധങ്ങള്‍:


പ്രണയമോ, സൗഹൃദമോ ബന്ധം ഏതു തരവുമാകട്ടെ, അവയില്‍ മനപ്പൂര്‍വ്വമായി ഒരു അകലം ഇവര്‍ക്കുണ്ടാകില്ല. ബന്ധങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയമപരമായ കടപ്പാടോ ബാധ്യതയോ ഇല്ലാത്തതാണ് മാനസികമായ ഈ സ്വാതന്ത്രത്തിന്റെ ഹേതു. തമ്മില്‍ ചേര്‍ന്നു പോകില്ല എന്ന് തോന്നുമ്പോള്‍ ഗുഡ് ബൈ പറഞ്ഞു പിരിയുന്നതിനു സമൂഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെലോ. നിയമപരമായ പൊല്ലാപ്പുകളെ ഓര്‍ത്തുള്ള അമിതമായ ഭയവും വേണ്ടാ.