കണ്ണില്‍ ലിംഗമുള്ള ജീവിയല്ല മയില്‍; നിത്യ 'ബ്രഹ്മചാരി'യായ മയിലിന്റെ ലൈംഗീക ജീവിതം- 7 കാര്യങ്ങള്‍

മയിലുകള്‍ക്ക് ലൈംഗിക കാര്യത്തില്‍ വലിയ താല്‍പ്പര്യമാണ്. ദിവസം എണ്ണിയാലും തീരാത്തത്രയും തവണ വേഴ്ചയിലേര്‍പ്പെടുന്ന ജീവിയാണിത്- അല്ലാതെ കാമം കരഞ്ഞു തീര്‍ക്കുകയല്ല- മയിലിന്റെ 7 ലൈംഗിക കാര്യങ്ങള്‍

കണ്ണില്‍ ലിംഗമുള്ള ജീവിയല്ല മയില്‍; നിത്യ ബ്രഹ്മചാരിയായ മയിലിന്റെ ലൈംഗീക ജീവിതം- 7 കാര്യങ്ങള്‍

കണ്ണീര്‍പ്പൊഴിച്ച പിടയെ ഗര്‍ഭിണിയാക്കുന്ന നിത്യ ബ്രഹ്മചാരിയൊന്നുമല്ല മയില്‍. മയില്‍ സെക്‌സിനെക്കുറിച്ച് ഡിഗ്രിക്ക് സസ്യശാസ്ത്രം പഠിച്ച ജഡ്ജിക്ക് വലിയ ധാരണയൊന്നുമില്ലെന്നു തോന്നുന്നു. സെക്‌സൊക്കെ ബയോളജിയാണല്ലോ. ജഡ്ജിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. പലരുടേയും ധാരണ മയില്‍ ലൈംഗീക വികാരം കരഞ്ഞു തീര്‍ക്കുകയാണെന്നാണ്. ലൈംഗീക ചോദന തോന്നുമ്പോള്‍ പെണ്ണിനെ ആകര്‍ഷിക്കാന്‍ പീലി വിടര്‍ത്തുന്ന മയിലിനെ മഴവരുമ്പോള്‍ സന്തോഷ ന്യത്തം ചെയ്യുന്ന നിഷ്‌കുവാണെന്ന് ചിത്രീകരിക്കുന്ന പാഠപുസ്തകമാണല്ലോ ഇന്നും നമ്മുടെ നാട്ടിലുള്ളത്.

വീഡിയോ കാണാം


ഞാനെങ്ങനെയാ ഉണ്ടായതെന്ന് പണ്ട് കുട്ടികള്‍ അമ്മൂമ്മമാരോടും അമ്മമാരോടും ചോദിക്കാറുണ്ടായിരുന്നു. നീ പെരുവെള്ളത്തില്‍ ഒഴുകിവന്നതാണെന്ന് അവര്‍ മറുപടിയും പറഞ്ഞു. കാര്യം ഇങ്ങനെയായിരിക്കെ പാവം ബി.എസ്.സി സസ്യശാസ്ത്രക്കാരന്‍ ജഡ്ജി ഇത്തരമൊരു മറുപടി പറഞ്ഞതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു. കണ്ണിലൂടെയാണ് മയില്‍ ശുക്ലം പുറപ്പെടുവിക്കുന്നതെന്ന അദ്ദേഹം പറഞ്ഞെന്നൊക്കെയിരിക്കും. പാവം പിള്ളാരെ പറ്റിക്കാന്‍ പറയുന്നതാണ്.

ഒന്ന്- വസന്തകാലം തണുത്ത പ്രഭാതം

വസന്തകാലത്തിന്റെ അവസാനകാലത്താണ് മയിലുകള്‍ ഇണയെ തിരയുക. പെണ്‍മയിലുകളുള്ള പ്രദേശം കണക്കാക്കി ആണ്‍മയിലുകള്‍ തമ്പടിക്കും. പിന്നീട് പിടകളെ ആകര്‍ഷിക്കാനുള്ള വിശ്രമമില്ലാത്ത പരിപാടിയാണ്. പീലിവിടര്‍ത്തി കുണ്ടുകുലുക്കി ഭംഗിയായി ആണ്‍മയിലുകള്‍ ചുവടുവയ്ക്കും. പീലികുലുക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന ആ സീല്‍ക്കാര ശബ്ദത്തില്‍ പിടകള്‍ മനംമയങ്ങും. ആണ്‍യിലുകള്‍ മാത്രമല്ല പീലിക്കു കിടിലന്‍ സീല്‍ക്കാരമുള്ള ആണുങ്ങളെ തിരക്കി പെണ്ണുങ്ങളും ഇറങ്ങും. തനിക്കൊത്ത ഇണയെ കണ്ടെത്തും വരെ ഈ അലച്ചില്‍ തുടരും.

രണ്ട്- ഇണയെ തേടല്‍

മയിലുകള്‍ ഒരൊറ്റ ഇണയിലൊതുങ്ങി ജീവിക്കുന്നവരല്ല. ഇണകളെ തേടുന്നതില്‍ ആര്‍ഷഭാരത സംസ്‌ക്കാരം അവര്‍ക്ക് തടസ്സമാകാറുമില്ല. പീലിവലുപ്പവും അഴകുമുള്ള ആണിണകളെതേടി പെണ്‍മയിലുകള്‍ അലയാറുണ്ട്. പീലിക്കരുത്തുള്ള ആണുങ്ങളെ കണ്ടെത്തിയാല്‍പ്പിന്നെ പെണ്‍മയിലുകള്‍ ഇണചേരുന്നതിനായി മത്സരിക്കും. ആണിനെ ചുറ്റിപ്പറ്റിയിങ്ങനെ നില്‍ക്കും. ആകര്‍ഷിച്ചു കൊണ്ടേയിരിക്കും. ഏതുസമയത്തും 'അത്' പെണ്ണാഗ്രഹിക്കുന്നു.

മൂന്ന്- വശീകരണം

പെണ്‍മയിലുകളെ കാണുന്നമാത്രയില്‍ ആണ്‍മയിലുകള്‍ ചുവടുവയ്ക്കും. ഇണയെ ഇഷ്ടപ്പെട്ടാലുടന്‍ നീയാണെന്‍ പ്രാണപ്രിയനെന്നുള്ള ശബ്ദം പുറപ്പെടുവിച്ച് പെണ്‍ മയില്‍ ആണിനടുത്തേക്ക് നീങ്ങും. പെണ്ണാണ് മയിലുകളില്‍ ഇണയെ തിരഞ്ഞെടുക്കുന്നത്. ആണിനു വലിയ റോളൊന്നും അക്കാര്യത്തിലില്ല. റേപ്പിനു ചെന്നാല്‍ ആണിനു നല്ല കൊത്തും കിട്ടും.

നാല്- കാനന ഭംഗിയില്‍ ആറാടി മയിലിണകള്‍

സ്വതവേ ഇണകളെപ്പോലെയാണ് നടപ്പെങ്കിലും മയിലുകളുടെ കാര്യം സദാചാരം കൊണ്ട് അളക്കാനാവില്ല. ഒരു ലൈംഗിക കാലം എന്നാല്‍ മുട്ടയിടുന്നതുവരെയാണ്. മുട്ടയിടുന്നതോടെ ആണ്‍മയില്‍ വേറെ വഴിക്ക് പറക്കും. ചിലപിടകള്‍ക്ക് തേടിപിടിച്ച ആണിനെ വേറെയൊരുത്തിക്കും വിട്ടുകൊടുക്കുന്ന ശീലമില്ല. അതിനായി ആണ്‍മയിലിനൊപ്പം അവര്‍ കറങ്ങി നടക്കും. മറ്റ് പിടകളെ തേടി ആണ്‍മയില്‍ പോകാതിരിക്കാനാണ് ഈ ഏര്‍പ്പാട്. ആണ്‍മയിലാവട്ടെ കണ്ണുവെട്ടിച്ചാല്‍ മറ്റൊരുത്തിക്കു മുകളിലിരിക്കും.

അഞ്ച്- പൊസിഷന്‍

പിടയെ കണ്ടെത്തിയ ആണ്‍മയില്‍ പിടയുടെ മുതുകില്‍ ചവിട്ടിനിന്നാണ് ഇണചേരുക. ആണ്‍മയില്‍ പീലിവിടര്‍ത്തി ഇരുവര്‍ക്കും മുകളിലായി കുടപോലെ വിരിച്ചുപിടിക്കും. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് ലൈംഗികബന്ധം. ഈ സമയം ആണ്‍മയില്‍ തന്റെ ഇണയിലേക്ക് ബീജം നിക്ഷേപിക്കും. മറ്റെല്ലാ ജീവികളിലേയും പോലെ ലിംഗത്തില്‍ നിന്നും യോനിയിലേയ്ക്ക് ശുക്ലം തന്നെയാണ് സ്ഖലിക്കുന്നത്. അല്ലാതെ കണ്ണീരൊന്നുമല്ല. ഒന്നു കഴിഞ്ഞാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അടുത്ത വേഴ്ച. ഭക്ഷണം തേടാനൊഴികെ ബാക്കി സമയങ്ങളിലെല്ലാം ഇവര്‍ വേഴ്ച തുടര്‍ന്നു കൊണ്ടേയിരിക്കും.

ആറ്- അണ്ഡം വിരിയുന്നു

രണ്ടുമുതല്‍ ആറ് മുട്ടകളിടുന്ന പിട അനുയോജ്യമായ സ്ഥലം അതിനായി കണ്ടെത്തും. 28 മുതല്‍ 30 ദിവസം വേണ്ടിവരും മയില്‍ കുഞ്ഞുങ്ങള്‍ വെളിച്ചം കാണാന്‍.

ഏഴ്- ഡാര്‍വിന്റെ പഠനം

ഡാര്‍വിന്റെ പഠനമനുസരിച്ച് എറ്റവും ആകര്‍ഷണീയമായ വാലുള്ള ആണ്‍മയിലിനു കൂടുതല്‍ കുട്ടികളെ ഉദ്പാദിപ്പിക്കാൻ കഴിയും. വരും തലമുറകള്‍ ആരോഗ്യത്തോടെ വളരുന്നതിനാണ് പെണ്‍മയിലുകള്‍ കരുത്തരായ ഇണയെ കണ്ടെത്തുന്നത്. പീലികളില്ലാത്ത ആണ്‍മയിലുകളെ പെണ്‍മയിലുകള്‍ അവഗണിക്കുമെന്നു മാത്രമല്ല, ശൃംഗരിക്കാൻ അടുത്തു കൂടിയാല്‍ കൊത്തിയോടിക്കുകയും ചെയ്യും.


Read More >>