ഈ ഗവേഷണം കൊണ്ടു മനുഷ്യരാശിയ്ക്കെന്താ ഉപയോഗം?

പ്രയോഗതലത്തിൽ ഉടനടി ഫലം തരാത്ത അടിസ്ഥാന ശാസ്ത്രഗവേഷണം മനുഷ്യകുലത്തിന് എന്തു ഗുണമാണുണ്ടാക്കുന്നത് എന്ന ചോദ്യം ശാസ്ത്രവിരോധികൾ മാത്രമല്ല, ആപ്ലിക്കേഷൻസ് ഡവലപ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാങ്കേതികവിദഗ്ദ്ധർ വരെ ചോദിക്കുന്നതു കേൾക്കാം. ഈയടുത്ത് ആവർത്തനപ്പട്ടികയിലെ ഏഴാംനിര പൂർത്തീകരിച്ചുകൊണ്ട്, നാലുപുതിയ മൂലകങ്ങളെ കണ്ടെത്തിയ രസതന്ത്രജ്ഞർ നേരിടേണ്ടിവന്നതും മറ്റൊരു ചോദ്യമല്ല. ഈ പശ്ചാത്തലത്തിൽ അറിവു നേടാനും അങ്ങനെ പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാനും ഉള്ള തൃഷ്ണയും ത്വരയും മനുഷ്യന്റെ അടിസ്ഥാന ചോദനയിൽ ഒന്നാണെന്നു വിശദീകരിക്കുകയാണ്, ലേഖിക.

ഈ ഗവേഷണം കൊണ്ടു മനുഷ്യരാശിയ്ക്കെന്താ ഉപയോഗം?

ഡാ ലി (Da Ly)

ഈ ഗവേഷണം കൊണ്ടു മനുഷ്യരാശിയ്ക്കെന്താ ഉപയോഗം?

കഴിഞ്ഞ മാസം അറ്റോമിക് & മോളികുലാർ ഫിസിക്സിൽ ഒരു കോൺഫെറൻസിൽ കേട്ട ചോദ്യമാണ്. അയോണിക ഇടികളെ (ionic collision) കുറിച്ചൊരു ഗവേഷണ പ്രബന്ധം ഒരു യുവഗവേഷകൻ അവതരിപ്പിച്ചപ്പോൾ ഒരു തുടക്കക്കാരൻ ഗവേഷണ വിദ്യാർത്ഥിയാണ് ഈ ചോദ്യം ചോദിക്കുന്നത്. ആദ്യമാത്രയിൽ ഗവേഷകൻ ആകെ ഞെട്ടിത്തെറിച്ച് ചോദിച്ചവനെ നോക്കി നിന്നുപോയി. രണ്ടാമത്തെ മാത്രയിലെ മുഖഭാവം പക്ഷേ, 'ബ്രോ, ഞാൻ അടിസ്ഥാന ഭൗതീക ശാസ്ത്രത്തിൽ ഗവേഷണം ചെയ്യുന്നത് തന്നെ പുതിയ അറിവുകൾക്കായുള്ള എന്റെ അടങ്ങാത്ത മോഹം കൊണ്ടാണ്' എന്നു വ്യക്തമായി വായിക്കാമായിരുന്നു.

എന്തായാലും അറിവുണ്ടെങ്കിൽ അതിന് എന്തെങ്കിലും ഉപയോഗം നല്ലതായാലും, ചീത്തയായാലും, ഉണ്ടാകും. അതുകൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു മുതിർന്ന പ്രൊഫസ്സർ ആ കുട്ടിയ്ക്കുള്ള ഉത്തരം കൊടുത്തു. ടി കക്ഷി ഇനി മനുഷ്യരാശിയെ സഹായിക്കാനായി ഗവേഷണത്തിൽ ഏർപ്പെടുമെന്നു പ്രതീക്ഷിക്കാം.

അപ്പോൾ ഓർത്തതു മറ്റൊന്നാണ്. IUPAC പുതിയ നാലു മൂലകങ്ങളെ [113 (Nihonium), 115 (Moscovium), 117 (Tennessine) and 118 (Oganesson)] പിരിയോഡിക് റ്റേബിളിൽ എടുത്തതുമായി ബന്ധപ്പെട്ട് ഈയടുത്ത് ഇത്തരം ധാരാളം ചോദ്യങ്ങൾ കേട്ടിരുന്നല്ലോ. എന്താണ് ഈ മൂലകങ്ങളുടെ ഉപയോഗം? എന്താണ് അവയുടെ വാണിജ്യസാധ്യതകൾ? ഇത്രയ്ക്കും അസ്ഥിരമായ, തീരെ ചെറിയ സമയം നിലനില്ക്കുന്ന ഈ മൂലകങ്ങളോട് എന്താണു രസതന്ത്രജ്ഞർക്ക് ഇത്ര താല്പര്യം? ഇപ്പോഴാണെങ്കിൽ പുതിയ പുതിയ പരീക്ഷണ യന്ത്രങ്ങൾ ഉപയോഗിച്ച് ഇങ്ങനെ മൂലകങ്ങൾ ഉണ്ടാക്കാൻ തന്നെ കൃത്യമായ ഒരു രീതിയുണ്ടല്ലോ! ആ രീതിയിൽ ഒരു മൂലകം ഉണ്ടാക്കുന്നതിന് എന്തിനാണ് ഇത്രയും ഒച്ചപ്പാടും ബഹളവും? അങ്ങനെ പോകുന്നു ചോദ്യങ്ങൾ.

ശരിയാണ്, ഏറ്റവും ലളിതമായി പറഞ്ഞാൽ, ഇന്നത്തെ പരീക്ഷണ സാമഗ്രഹികൾ ഉപയോഗിച്ച്, രണ്ടു ചെറിയ അണുകേന്ദ്രങ്ങൾ കൂട്ടിച്ചേർത്താൽ ഒരു വലിയ അണു (atom) വിനെ കിട്ടും. ഒരുദാഹരണം പറഞ്ഞാൽ അറ്റൊമിക് നമ്പർ 117 ഉള്ള റ്റെന്നസീൻ കിട്ടാൻ അറ്റൊമിക് നമ്പർ 97 ഉള്ള ബെർക്ലിയവും അറ്റൊമിക് നമ്പർ 20 ഉള്ള കാൽഷ്യവും കൂട്ടി ഇടിപ്പിച്ച് യോജിപ്പിച്ചാൽ മതി. പക്ഷേ ശരിയ്ക്കുള്ള പരീക്ഷണങ്ങളിൽ അതത്ര എളുപ്പമല്ല. രണ്ട് അണുകേന്ദ്രങ്ങൾ ശക്തമായി വികർഷിക്കും ഈ വികർഷണത്തെ മറികടക്കാൻ അവയ്ക്ക് കൃത്യമായ അളവിൽ ഊർജ്ജം വേണം. ഊർജ്ജം കൂടിപ്പോയാലോ? കൂട്ടിയിടിയിൽ കൂടിച്ചേരുന്നതിനു പകരം അവ പരസ്പരം നശിപ്പിച്ചു കളയും.


അതായത് ഒരു സന്തുലിത ഊർജ്ജനില അഥവാ മധുരനില ഇവയ്ക്കുണ്ട്. ഈ മധുരനില കണ്ടെത്താൻ ധാരാളം അധ്വാനവും പരീക്ഷണ നിരീക്ഷണങ്ങളും ഊഹങ്ങളും അനുകരണങ്ങളും ആവശ്യമാണ്.

പിന്നെ ഇത്രയൊക്കെ കഷ്ടപ്പെട്ട് ഇതു ചെയ്യുന്നതെന്തിനാണ്? കുറച്ചേറെ ബുദ്ധിമുട്ടിയാലും ഇതൊക്കെ നമുക്ക് ചെയ്യാൻ പറ്റും എന്നതുകൊണ്ടു തന്നെ. മാത്രമല്ല, ശാസ്ത്രം സൈദ്ധാന്തികമായി കണ്ടുപിടിച്ച കാര്യങ്ങൾ പരീക്ഷണങ്ങൾ നടത്തി തെളിയിക്കുക എന്നത് ശാസ്ത്രത്തിന്റെ നിലനില്പ്പിന് അത്യാവശ്യമാണ്.

രസതന്ത്രജ്ഞരും ഭൗതീക ശാസ്ത്രജ്ഞരും ഒക്കെ സുസ്ഥിരമായ അണുക്കളെ കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇത് ഭാരമേറിയ അണുക്കളിലെത്തുമ്പോൾ അത്ര ശരിയല്ലാതാകും. അങ്ങനെ വരുമ്പോൾ ഈ പരീക്ഷണങ്ങൾ നടത്തി കിട്ടുന്ന അസ്ഥിര ഡാറ്റ പുതിയ സിദ്ധാന്തങ്ങളെ പരീക്ഷിക്കാനും അവ ഒത്തുപോകുന്നില്ലെങ്കിൽ പുതിയവ ഉണ്ടാക്കാനും സഹായിക്കും. ഇതിന്റെ പ്രാധാന്യം എന്താണെന്നു വച്ചാൽ ഇങ്ങനെ ഉണ്ടാകുന്ന സിദ്ധാന്തങ്ങൾ, ശാസ്ത്ര ലോകം ഇതേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിജയകരമായതും ദൂരവ്യാപകഫലങ്ങൾ ഉള്ളതുമായ രണ്ടു സിദ്ധാന്തങ്ങളായ ക്വാണ്ടം മെകാനിക്സിന്റേയും പ്രത്യേക അപേക്ഷിക സിദ്ധാന്തത്തിന്റേയും (special theory of relativity) ഒരു സംയോജനമായിരിക്കാം. ആവർത്തനപ്പട്ടികയുടെ യുക്തി പോലും ഇവ ചോദ്യം ചെയ്തേക്കാം. ഉദാഹരണത്തിന് 114 അറ്റോമിക നമ്പർ ഉള്ള ഫ്ലെറോവിയം (Flerovium) ഒരു തരത്തിൽ ഒരു ലോഹമായിരിക്കുകയും അതേസമയം തന്നെ മറ്റൊരു തരത്തിൽ ഒരു വാതകമാകുകയും ചെയ്യുന്ന ഒരു അണുവാണ്.


നമ്മൾ ഇന്ന് ആപ്പുകളുടെ ലോകത്താണു ജീവിക്കുന്നത്. ശാസ്ത്ര അറിവിനു വേണ്ടി മാത്രം നിലകൊള്ളുന്ന അടിസ്ഥാന ശാസ്ത്രത്തിന് അതിന്റെ തിളക്കം ഏതാണ്ടു പൂർണ്ണമായും നഷ്ടപ്പെട്ടു എന്നു തന്നെ പറയാം. അറിവു വിപ്ലവത്തിന്റെ ഇക്കാലത്ത് അറിവ് പ്രയോഗതലത്തിൽ (applications) എങ്ങനെ ഉപയോഗിക്കാം എന്നതാണ്, രോമാഞ്ചം തരുന്ന ഘടകം.

ദിനേന ഉള്ള കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അടിസ്ഥാന ശാസ്ത്രത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ അത് അല്പം ദീഘദർശിയാണ്. അതു നാളേയ്കുള്ള കാര്യങ്ങളല്ല, ഒരു പക്ഷേ, ഒരു ദശാബ്ദത്തിനു ശേഷമുള്ള കാര്യങ്ങളെയാണു മുങ്കൂട്ടി കാണുന്നത്.

പുതിയ പുതിയ മൂലകങ്ങളെ കണ്ടുപിടിക്കാൻ ഈ കിടന്നു പെടാപ്പാടു പെടുന്ന ശാസ്ത്രജ്ഞർക്കും ഒരു സ്വപ്നമുണ്ട്. ഒരു ദിവസം, ഈ അസ്ഥിരമായ മൂലകങ്ങളിൽ നിന്നും അതീവ സ്ഥിരതയുള്ളതും അതേ സമയം അതീവ ഭാരമേറിയതുമായ ഒരു മൂലകം ഉണ്ടാകും. സൈദ്ധാന്തികമായി 'സ്ഥിരതാദ്വീപ്' എന്നു വിളിക്കുന്നിടത്ത് ഉണ്ടാകാനിടയുള്ള ഈ മൂലകത്തിന്റെ സവിശേഷഗുണങ്ങൾ എന്തൊക്കെയാണെന്നു പ്രവചിക്കാനവില്ല.

ഇനി അസ്ഥിരമായ മൂലകങ്ങളാണുണ്ടാകുന്നതെങ്കിൽ അതിന്റെ അസ്ഥിരതാ ഡാറ്റ ഇനിയുള്ള അണുകേന്ദ്ര വിഭജനഅനുകരണങ്ങൾ (nuclear fission simulations) ഉണ്ടാക്കാനും അങ്ങനെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാനാകുന്ന അണുനിലയങ്ങൾ ഉണ്ടാക്കാനും സഹായിക്കും.


ഇതിനൊക്കെ ഉപരിയായി അണുകേന്ദ്രം കൂടുതൽ കൂടുതൽ ഭാരമേറിയതാകുന്തോറും അതിനു ചുറ്റും കറങ്ങുന്ന ഇലക്ട്രോണിന്റെ വേഗതയും കൂടും. അങ്ങനെ ഒരു പ്രത്യേക ഭാരമാകുമ്പോൾ ഇലക്ട്രോണിന്റെ വേഗത പ്രകാശവേഗത്തോളമെത്തും. ഈയൊവരസം സൃഷ്ടിക്കപ്പെട്ടാൽ ശാസ്ത്രം പിന്നെ കൈകാര്യം ചെയ്യാൻ പോകുന്നത് ഇതുവരെ അതു കൈകാര്യം ചെയ്തിട്ടില്ലാത്ത അതിഭയങ്കര ക്വാണ്ടം പ്രഭാവങ്ങളെയായിരിക്കും!

ഇതൊക്കെ പറയുമ്പോഴും, അറിവു നേടാനും അങ്ങനെ പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാനും ഉള്ള മനുഷ്യന്റെ തൃഷ്ണയും ത്വരയുമാണു മുകളിലെ എല്ലാ ചോദ്യങ്ങൾക്കുമുള്ള പ്രാഥമികവും പ്രധാനവുമായ ഉത്തരം. ഈ പുതിയ നാലു മൂലകങ്ങളുടെ കണ്ടുപിടുത്തം വഴി ആവർത്തന പട്ടികയിലെ ഏഴാമത്തെ നിര പൂർത്തീകരിച്ചിരിക്കുകയാണ്. എട്ടാമത്തെ നിരയിൽ എന്തായിരിക്കും എന്ന് അറിയാനുള്ള ആ ആകാംക്ഷ മനുഷ്യന്റെ അടിസ്ഥാന ചോദനയിൽ ഒന്നാണ്.

Read More >>