അർബുദ ചികിത്സയിൽ പുതിയ വഴിത്തിരിവ്; കാൻസർ കോശങ്ങളെ വളഞ്ഞുപിടിക്കുന്ന പ്രതിരോധകോശങ്ങളുടെ പ്രവർത്തനം വെളിപ്പെടുത്തി സ്റ്റാൻഫോർഡ് ഗവേഷകർ

മാക്രോഫേജുകൾ സ്വതവേ തന്നെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ ഭാഗമായി പ്രവർത്തിക്കുന്നവയാണ്. അതുകൊണ്ടുതന്നെ, അവയ്ക്ക് ഒരു രോഗിയിലുള്ള എല്ലാത്തരം അർബുദകോശങ്ങളെയും കണ്ടെത്താൻ സാധിക്കും.

അർബുദ ചികിത്സയിൽ പുതിയ വഴിത്തിരിവ്; കാൻസർ കോശങ്ങളെ വളഞ്ഞുപിടിക്കുന്ന പ്രതിരോധകോശങ്ങളുടെ പ്രവർത്തനം വെളിപ്പെടുത്തി സ്റ്റാൻഫോർഡ് ഗവേഷകർ

പിഡി-1, പിഡി-എൽ1 എന്നീ മാംസ്യങ്ങളുടെ ആന്റിബോഡികൾ ഉപയോഗിച്ചുള്ള ചികിത്സ, ടി സെൽസ് എന്നറിയപ്പെടുന്ന ഒരിനം പ്രതിരോധ കോശങ്ങളെ കെട്ടഴിച്ചുവിട്ട് അർബുദത്തെ പ്രതിരോധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ 'ഇമ്മ്യൂണോ തെറാപ്പി' അഥവാ പ്രതിരോധചികിത്സ തീർത്തും വ്യത്യസ്തമായ മറ്റൊരു വിധത്തിലും അർബുദത്തോടു പോരാടുന്നതായി കണ്ടെത്തിയിരിക്കുന്നു. മാക്രോഫേജസ് എന്നു വിളിക്കപ്പെടുന്ന പ്രതിരോധ കോശങ്ങളെ ഉദ്ദീപിപ്പിച്ച് അർബുദകോശങ്ങളെ ചുറ്റിവളയാനും ആഹരിക്കാനും പ്രേരിപ്പിക്കുന്നതാണു പുതിയ കണ്ടെത്തൽ.

ക്യാൻസർ പ്രതിരോധ പദ്ധതി മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഇടയാക്കുന്ന പ്രധാനപ്പെട്ട കണ്ടെത്തലായാണ് ഇതു വിലയിരുത്തപ്പെടുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലം നേച്ചർ മാഗസിൻ മേയ് 17൹ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പഥോളജി, ഡവലപ്മെന്റൽ ബയോളജി എന്നീ വിഷയങ്ങളിലെ പ്രൊഫസറായ ഇർവിങ് വെയ്സ്മാൻ ആണ്, സീനിയർ ഓഥർ. ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ സിഡ്സി ഗോർഡൻ ആണ് ലീഡ് ഓഥർ.

ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ അമിതാവേശം നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കോശ സ്വീകരിണി (cell receptor) ആണ് പിഡി-1 എന്ന പ്രോട്ടീൻ. കേടുവന്നതോ അസുഖബാധിതമോ ആയ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ സ്വയം പഠിക്കുന്ന പ്രതിരോധ കോശങ്ങളാണ്, ടി സെൽസ്. എന്നാൽ ഇവ ചിലപ്പോൾ തെറ്റിദ്ധാരണയുടെ പുറത്ത് ആരോഗ്യമുള്ള കോശങ്ങളേയും ആക്രമിക്കാം. ലൂപ്പസ്, മൾട്ടിപ്പിൾ സ്‌ക്ലീറോസീസ് തുടങ്ങിയ ഓട്ടോ ഇമ്മ്യൂൺ ക്രമഭംഗങ്ങൾക്കു കാരണമായേക്കാവുന്ന അവസ്ഥയാണിത്. പ്രതിരോധ വ്യവസ്ഥയുടെ കാവൽത്തുറയായി (immune checkpoint) പ്രവർത്തിക്കുന്ന പിഡി-1 എന്ന സ്വീകരിണി മാംസ്യം (protein receptor) അമിതമായി പ്രവർത്തനക്ഷമമാകുന്ന ടി സെൽസിനെ അടിച്ചമർത്തുന്നതിലൂടെ അവ ആരോഗ്യമുള്ള കോശജാലത്തെ ആക്രമിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.

അർബുദം എങ്ങനെയാണ് പിഡി-1നെ ഉപയോഗപ്പെടുത്തുന്നത്?

ഈ പ്രതിരോധ രക്ഷാകവചത്തെ തങ്ങളുടെ ആവശ്യത്തിനായി ദുരുപയോഗിക്കാൻ അർബുദ കോശങ്ങൾ പഠിക്കുന്നതായി പത്തുവർഷങ്ങൾക്കു മുമ്പ് ഗവേഷകർ കണ്ടെത്തിയിരുന്നു. ട്യൂമർ കോശങ്ങൾ പിഡി-എൽ1 മാംസ്യത്തിന്റെ ഉത്പാദനത്തിനു വഴി വയ്ക്കും. പിഡി-1 സ്വീകരിണി ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും ട്യൂമറിനെ ആക്രമിക്കുന്നതിൽ നിന്ന് ടി സെൽസിനെ വിലക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, ട്യൂമൽ സെൽ ഉദ്ദീപിപ്പിക്കുന്ന പിഡി-1 എന്ന പ്രോട്ടീൻ "എന്നെ കൊല്ലരുതേ," എന്ന സന്ദേശം പ്രതിരോധവ്യവസ്ഥയ്ക്കു നൽകും.

പിഡി-1 റിസപ്റ്ററിനെ തടസ്സപ്പെടുത്തുകയോ അതിന്റെ ബൈൻഡിങ് പാർട്‌ണർ ആയ പിഡി-എൽ1 പ്രോട്ടീനോടു പറ്റിച്ചേർന്ന് ഈ "എന്നെക്കൊല്ലരുതേ" സന്ദേശം പുറപ്പെടുവിക്കുന്നത് ഒഴിവാക്കിക്കയോ ചെയ്യാനായി ഇവയുടെ ആന്റിബോഡികൾ ഉപയോഗിച്ചുള്ള ചികിത്സയാണ് ക്യാൻസർ രോഗികൾക്കു നൽകുക. അതിലൂടെ ടി സെല്ലുകളുടെ അക്രമത്തെ കെട്ടഴിച്ചുവിടാനാവും. ക്യാൻസർ പ്രതിരോധ ചികിത്സയുടെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നാണ്, പിഡി-1ന്റെയും പിഡി-എൽ1ന്റെയും ആന്റിബോഡികളുടെ ഉപയോഗം.

മിക്ക അന്വേഷകരും, ഈ ആന്റിബോഡികൾ, ടി സെൽസിന്റെ മേലെ പ്രവർത്തിക്കുന്ന ബ്രേക്കുകളെ നിർജ്ജീവമാക്കി, അവയെ യഥേഷ്ടം പ്രവർത്തിക്കാൻ അനുവദിക്കുന്നതിനെ കുറിച്ചാണു പഠിച്ചത്. എന്നാൽ മറ്റൊരു പ്രവർത്തനം കൂടി സമാന്തരമായി നടക്കുന്നതായാണ്, സ്റ്റാൻഫോർഡ് ഗവേഷകരുടെ കണ്ടെത്തൽ. മാക്രോഫേജ് എന്നു വിളിക്കപ്പെടുന്ന വേറൊരുതരം പ്രതിരോധ കോശങ്ങളുടെ പ്രയോഗമാണത്. പിഡി-1ന്റെ പ്രവർത്തനം ടി സെൽസിനെ മാത്രമല്ല, ട്യൂമർ കോശങ്ങളിലേക്കു കടന്നുകയറുന്ന മാക്രോഫേജുകളുടെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നതാണ്. പിഡി-1ഉം പിഡി-എൽ1ഉം ആന്റി ബോഡികൾ ഉപയോഗിച്ച് തടസ്സപ്പെടുത്തിയാൽ അവ അർബുദകോശങ്ങളെ ആക്രമിക്കാൻ മാക്രോഫേജുകൾക്ക് അവസരമൊരുക്കും.

ഈ കണ്ടെത്തലിന്റെ മെച്ചം, വരുംകാല ക്യാൻസർ ഡ്രഗുകളുടെ വികസനത്തിലാണ്. പ്രതിരോധ വ്യവസ്ഥയിലെ ടി സെൽസ് കമ്പോണന്റിനെ പോലെ തന്നെ മാക്രോഫേജ് കമ്പോണന്റിനെയും അർബുദത്തിനെതിരെ ഉപയോഗിക്കാം. അവയിൽ ഏതിനെ വേണമെങ്കിലും പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്ന മരുന്നുകൾ ഉപയോഗപ്പെടുത്താം. സിഡി-47 മാംസ്യത്തിന്റെ ആന്റിബോഡി ഉപയോഗിച്ചു മാക്രോഫേജുകളെ കെട്ടഴിച്ചുവിട്ട് അർബുദകോശങ്ങളെ ആക്രമിക്കാമെന്ന് വെയിസ്മാനും സംഘവും നേരത്തെ കണ്ടെത്തിയിരുന്നു. നിലവിൽ മനുഷ്യരിൽ ഇതുസംബന്ധിച്ച പരീക്ഷണം നടന്നുകൊണ്ടിരിക്കയാണ്. അതിനു പുറമേയാണ്, പുതിയ കണ്ടെത്തൽ.

ഇതിൽ ടി സെൽസ് ഉപയോഗിച്ചുള്ള ചികിത്സയുടെ പരിമിതിയെന്തെന്നാൽ, പ്രത്യേകയിനം അർബുദകോശങ്ങളെ കണ്ടെത്തുന്നതു സ്വയം പഠിച്ച ടി സെല്ലുകളുടെ സഞ്ചയം ഉണ്ടാവണമെന്നുള്ളതാണ്. ഇത് ഒരു വെല്ലുവിളിയാണ്. അതേ സമയം മാക്രോഫേജുകൾ സ്വതവേ തന്നെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ ഭാഗമായി പ്രവർത്തിക്കുന്നവയാണ്. അതുകൊണ്ടുതന്നെ, അവയ്ക്ക് ഒരു രോഗിയിലുള്ള എല്ലാത്തരം അർബുദകോശങ്ങളെയും കണ്ടെത്താൻ സാധിക്കും.

Read More >>