ഉറുമ്പിനെ കൊല്ലാനായി തീയിട്ടു, ഒടുവില്‍ വീട് മുഴുവന്‍ കത്തി നശിച്ചു

കാര്യം നിസ്സാരമാണ് പക്ഷെ അത് അബദ്ധമായി മാറുമ്പോഴോ? മെനെയിലെ ഈ യുവാവിനും അങ്ങനെയാണ് സംഭവിച്ചത്.

ഉറുമ്പിനെ കൊല്ലാനായി തീയിട്ടു, ഒടുവില്‍ വീട് മുഴുവന്‍ കത്തി നശിച്ചു

'എലിയെ പേടിച്ചു ഇല്ലം ചുടുക' എന്ന പ്രാസം മലയാളിക്ക് അപരിചതമല്ല. സമാനമായ ഒരു സംഭവമാണ് മെനെയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. ഉറുമ്പിനെ കൊല്ലാനായി യുവാവ് തീയിട്ടു, പക്ഷെ ഒടുവില്‍ ഉറുമ്പിന്റെ കൂട് മാത്രമല്ല, വീട് മുഴുവന്‍ കത്തി നശിച്ച ദുര്യോഗമാണ്‌ ഉണ്ടായത്. വീട് പൂര്‍ണ്ണമായും കത്തിനശിച്ചു കൂടാതെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളും തീയില്‍ കത്തി ചാമ്പലായി.

21 വയസുകാരനായ ഡവോണ്‍ ഡോസറ്റിന്റെ മാതാപിതാക്കന്മാര്‍ താമസിക്കുന്ന വീട്ടില്‍ ഈ യുവാവ് ഉറുമ്പ് നശീകരണത്തിനായി ചെയ്ത 'പൊടിക്കൈ'യാണ് ഒടുവില്‍ വലിയ ദുരന്തത്തില്‍ കലാശിച്ചത്. മെഴുകുതിരിയില്‍ തീ പകര്‍ന്നു ഉറുമ്പിന്‍ കൂടിനു മുകളില്‍ ഒഴിക്കുമ്പോഴായിരുന്നു വീടിന്റെ മറ്റു ഭാഗങ്ങളിലേക്കും തീ ആളിപ്പടര്‍ന്നത്‌. വീട്ടില്‍ അപ്പോള്‍ മറ്റാരുമുണ്ടായിരുന്നില്ല.

വീട്ടിലുണ്ടായിരുന്ന രണ്ടു പൂച്ചകളും ഒരു നായയും തീപിടുത്തത്തില്‍ കൊല്ലപ്പെട്ടു. യുവാവിനെ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നു ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മറ്റു ദുരൂഹതകള്‍ പ്രഥമാന്വേഷണത്തില്‍ കണ്ടെത്താത്തതിനാല്‍ കേസ് എടുക്കേണ്ടതില്ല എന്ന നിലപാടിലാണ് പോലീസ്.

(പ്രതീകാത്മക ചിത്രം)

Read More >>