നാസയിലൂടെ പറന്നുയരാൻ പോകുന്നു ഷാറൂക്കിന്റെ കുഞ്ഞൻ സാറ്റലൈറ്റ്

കലാംസാറ്റ് എന്നു പേരിട്ടിട്ടുള്ള കുഞ്ഞന്‍ സാറ്റലൈറ്റ് വികസിപ്പിച്ചെടുത്തതു തമിഴ്‌നാട്ടിലെ പല്ലപ്പട്ടി സ്വദേശിയായ റിഫാത് ഷാറൂക്ക് എന്ന പതിനെട്ടു വയസ്സുകാരനാണ്.

നാസയിലൂടെ പറന്നുയരാൻ പോകുന്നു ഷാറൂക്കിന്റെ കുഞ്ഞൻ സാറ്റലൈറ്റ്

ജൂണ്‍ 21 ന് നാസ ലോകത്തിലെ ഏറ്റവും ചെറിയ സാറ്റലൈറ്റ് വിക്ഷേപിക്കുമ്പോള്‍ ഇന്ത്യയുടെ അഭിമാനം കൂടിയായിരിക്കും ആകാശം തൊടുന്നത്. കാരണം, ആ കുഞ്ഞു സാറ്റലൈറ്റ് വികസിപ്പിച്ചെടുത്തതു തമിഴ്‌നാട്ടിലെ പല്ലപ്പട്ടി സ്വദേശിയായ റിഫാത് ഷാറൂക്ക് എന്ന പതിനെട്ടു വയസ്സുകാരനാണ്.

കലാംസാറ്റ് എന്നു പേരിട്ടിട്ടുള്ള കുഞ്ഞന്‍ സാറ്റലൈറ്റ് വിര്‍ജീനിയയിലെ വാലപ്‌സ് ഐലന്‌റ്‌സില്‍ നിന്നുമായിരിക്കും വിക്ഷേപിക്കുക. 3ഡി പ്രിന്‌റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ചിട്ടുള്ള കലാംസാറ്റ് നാസയുടെ 'ക്യൂബ്‌സ് ഇന്‍ സ്‌പേസ്' എന്ന മത്സരത്തില്‍ വിജയിച്ചാണു വിക്ഷേപണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ സാങ്കേതികവിദ്യകളെ ബഹിരാകാശത്തിലെത്തിക്കാന്‍ ഉദ്ദേശിച്ചുള്ള മത്സരമാണത്.

സബ്-ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റ് ആണു കലാംസാറ്റ്. 240 മിനിറ്റുകള്‍ മാത്രമേ ഇതിന്‌റെ ആയുസ്സുണ്ടാകൂ. ബഹിരാകാശത്തിലെ മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തില്‍ 12 മിനിറ്റുകള്‍ മാത്രമേ ഈ കുഞ്ഞന്‍ സാറ്റലൈറ്റ് പ്രവര്‍ത്തിക്കുകയുള്ളൂ. 3ഡി പ്രിന്‌റിംഗ് ഉപയോഗിച്ചു നിര്‍മ്മിച്ച കാര്‍ബണ്‍ ഫൈബര്‍ സാറ്റലൈറ്റ് അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‌റെ പ്രദര്‍ശനം മാത്രമാണു നാസ ഉദ്ദേശിക്കുന്നുള്ളൂ.

'ഞങ്ങള്‍ ഇതു ഡിസൈന്‍ ചെയ്തത് ആരംഭം മുതലാണ്. പുതിയ ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടറും എട്ടു സെന്‍സറുകളും നിര്‍മ്മിച്ചു. ഭൂമിയുടെ കറക്കം, ത്വരിതം, കാന്തികവലയം എന്നിവ മനസ്സിലാക്കാനാണിത്. 64 ഗ്രാം മാത്രം ഭാരമുള്ള ഈ നാലു മീറ്റര്‍ ക്യൂബിനെ ബഹിരാകാശത്തില്‍ പറത്തുന്നതിനുള്ള ഡിസൈന്‍ ആയിരുന്നു ഏറ്റവും പ്രയാസം,' ഷാറൂക്ക് പറയുന്നു.

സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സംഘടനയാണു ഷാറൂക്കിന്‌റെ പരീക്ഷണത്തിനുള്ള ഫണ്ട് നല്‍കിയത്.