ഭഗത് സിംഗിന്റെ 'പിസ്റ്റല്‍' പഞ്ചാബിന് തിരികെ ലഭിക്കാന്‍ സാധ്യത

1969 വരെയും ഈ പിസ്റ്റല്‍ പഞ്ചാബ് പൊലീസ് അക്കാദമിയില്‍ സൂക്ഷിച്ചിരുന്നു. പിന്നീടാണ് ബി.എസ്.എഫ് ഇത് രേഖാമൂലം ആവശ്യപ്പെട്ടു ഇന്‍ഡോറിലേക്ക് കൊണ്ടുപോയെങ്കിലും മടക്കി നല്‍കിയിരുന്നില്ല

ഭഗത് സിംഗിന്റെ പിസ്റ്റല്‍ പഞ്ചാബിന് തിരികെ ലഭിക്കാന്‍ സാധ്യത

അതിര്‍ത്തി സംരക്ഷണ സേന (ബി.എസ്.എഫ്) ഭഗത് സിംഗിന്റെ പിസ്റ്റല്‍ പഞ്ചാബിന് മടക്കി നല്‍കാന്‍ സാധ്യത. ചണ്ഡിഘര്‍ സ്വദേശിയായ അഡ്വക്കേറ്റ് സി.അറോറയാണ് ഇക്കാര്യം മാധ്യമങ്ങളോട് അറിയിച്ചത്.

ഭഗത് സിംഗിന്റെ കൈത്തോക്ക് സംസ്ഥാന സര്‍ക്കാരിന് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു അറോറ പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതികളില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വാദം കേള്‍ക്കുന്നതിനിടെയാണ് അപേക്ഷ പരിഗണിച്ചു പിസ്റ്റല്‍ കൈമാറുന്നതിനെ കുറിച്ചു തങ്ങള്‍ ഗൌരവമായി ആലോചിക്കുന്നുണ്ട് എന്ന് ബി.എസ്.എഫ് വാക്കാല്‍ മറുപടി നല്‍കിയത്. മറുപടി രേഖാമൂലം ഫയല്‍ ചെയ്യാനായി ബി.എസ്.എഫ് മെയ്‌ 22വരെ കോടതിയോട് സമയം ചോദിച്ചിട്ടുണ്ട്.

മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച ഹര്‍ജി അറോറ സമര്‍പ്പിച്ചത്. നിലവില്‍ ഇന്‍ഡോറിലെ ബി.എസ്.എഫ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പിസ്റ്റല്‍, ഭഗത് സിംഗിന്റെ ജന്മനാടായ പഞ്ചാബിലെ ഖട്ഖാര്‍ കലനിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനമാണ് അറോറ ഹര്‍ജിയിലൂടെ തേടുന്നത്. ഭഗത് സിംഗുമായി ബന്ധപ്പെട്ട മറ്റു വസ്തുവകകള്‍ ഈ മ്യൂസിയത്തിലാണ് സൂക്ഷിക്കുന്നത്.

1969 വരെയും ഈ പിസ്റ്റല്‍ പഞ്ചാബ് പൊലീസ് അക്കാദമിയില്‍ സൂക്ഷിച്ചിരുന്നു. പിന്നീടാണ് ബി.എസ്.എഫ് ഇത് രേഖാമൂലം ആവശ്യപ്പെട്ടു ഇന്‍ഡോറിലേക്ക് കൊണ്ടുപോയെങ്കിലും മടക്കി നല്‍കിയിരുന്നില്ല

ഹര്‍ജിയിന്മേല്‍ ഹൈക്കോടതി പഞ്ചാബ് സംസ്ഥാനസര്‍ക്കാറിനും, കേന്ദ്രസര്‍ക്കാറിനും ബി.എസ്.എഫിനും നോട്ടീസ് അയച്ചിരുന്നു. 1928, ഡിസംബര്‍ 17നാണ് ഈ 32-mm കോള്‍ട്ട് ഓട്ടോമാറ്റിക്ക് പിസ്റ്റല്‍ അവസാനമായി ഉപയോഗിച്ചത് എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പൊലീസ് അസ്സിസ്റ്റ്‌ന്റ്റ് സൂപ്രണ്ടായ ജോണ്‍ സാന്ടെര്സാണ് അന്ന് കൊല്ലപ്പെട്ടത്.