ഡിക്കി തുറക്കാം കച്ചവടത്തിന്റെ പുതു സാധ്യതയിലേക്ക്; കാർ ബൂട്ട് സെയിൽ കേരളത്തിലും എത്തുന്നു

ഫ്ലോട്ടിങ് മാർക്കറ്റുകൾ എന്ന നവ ആഗോള പ്രവണതയെ പിന്തുടർന്നാണ് കാർ ബൂട്ട് സെയിൽ 2018 എന്ന ഈ പ്രദർശനത്തിന്റെ വരവ്. തൃശൂർ പറവട്ടാനി കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ച് ജനുവരി 12,13,14 എന്നീ തീയതികളിൽ നടക്കുന്ന കാർ ബൂട്ട് സെയിലിൽ പങ്കെടുക്കാൻ കച്ചവടക്കാർക്കാവശ്യം ഒരു കാർ മാത്രമാണ്.

ഡിക്കി തുറക്കാം കച്ചവടത്തിന്റെ പുതു സാധ്യതയിലേക്ക്; കാർ ബൂട്ട് സെയിൽ കേരളത്തിലും എത്തുന്നു

ലോകമൊരു ആഗോള വിപണിയായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പുത്തൻ കച്ചവടങ്ങളും കച്ചവട തന്ത്രങ്ങളും പരീക്ഷിക്കേണ്ടതൊരു അനിവാര്യത കൂടിയാണ്. ഉത്സവപ്പറമ്പുകളിലും മറ്റും താൽക്കാലികമായി നിർമ്മിക്കപ്പെടാറുള്ള ചെറിയ കടകളും വൻതുകകൾ മാസവാടക നൽകി ഷോപ്പിങ് കോംപ്ലക്സുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന വലിയ കടകളും ഓൺലൈൻ വഴി സാധനങ്ങൾ ആവശ്യക്കാരിലേക്കെത്തിക്കുന്ന ഷോപ്പിംഗ് വെബ് സൈറ്റുകളുമുൾപ്പടെ നിരവധി വില്പനകൾ കണ്ടു ശീലിച്ച നമുക്ക് മുന്നിലേക്ക് പുതിയൊരു ആശയവുമായി വരികയാണ് ഡിഫൈൻ മാർക്കറ്റിങ് എന്ന സംരംഭകരുടെ സംഘം. ഫ്ലോട്ടിങ് മാർക്കറ്റുകൾ എന്ന നവ ആഗോള പ്രവണതയെ പിന്തുടർന്നാണ് കാർ ബൂട്ട് സെയിൽ 2018 എന്ന ഈ പ്രദർശനത്തിന്റെ വരവ്.

തൃശൂർ പറവട്ടാനി കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ച് ജനുവരി 12,13,14 എന്നീ തീയതികളിൽ നടക്കുന്ന കാർ ബൂട്ട് സെയിലിൽ പങ്കെടുക്കാൻ കച്ചവടക്കാർക്കാവശ്യം ഒരു കാർ മാത്രമാണ്. കാറിന്റെ ഡിക്കിയാണ് നിങ്ങളുടെ വിൽപ്പനശാല. നിങ്ങൾ വിൽക്കാനുദ്ദേശിക്കുന്ന വസ്തുക്കൾ കാറിന്റെ ഡിക്കിയിൽ പ്രദർശിപ്പിച്ച് കച്ചവടം ആരംഭിക്കാം. എന്തെളുപ്പമാണ്,അല്ലേ!!. നിങ്ങൾ വീട്ടിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, ചെറുകിട ഉൽപ്പന്നങ്ങൾ, ഓർഗാനിക് ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ആഹാര സാധനങ്ങൾ അങ്ങനെ തുടങ്ങിയെന്തും നമുക്കിവിടെ വാങ്ങുകയും വിൽക്കുകയുമാവാം.

യു.കെ യിലെ സ്റ്റോക്ക് പോർട്ടിൽ പുരോഹിതനായിരുന്ന ഹാരി ക്ലാർക്കാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനായി കാർ ബൂട്ട് സെയിലിങ് അഥവാ ഡിക്കി വിൽപ്പന എന്ന ആശയം കണ്ടെത്തുന്നത്. എഴുപതുകളിൽ അവധിക്കാലം ചെലവിടാൻ കാനഡയിലെത്തിയ ഹാരി ക്ലർക്ക് അവിടെ വഴിയരികിലും മറ്റും കണ്ട ട്രങ്ക് ഫെയർ എന്ന രീതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കാർ ബൂട്ട് സെയിൽ ആരംഭിക്കുന്നത്. ഇന്ന് ഇത്തരം വിൽപ്പനക്ക് ലോകത്തിൽ പരക്കെയും ഇന്ത്യയിൽ ഈയടുത്ത കാലത്തായും മികച്ച സ്വീകാര്യതയുണ്ട്.

കേരളത്തിൽ ഇതാദ്യമായാണ് കാർ ബൂട്ട് മേള നടക്കുന്നത്. പ്രദർശനവും വിൽപ്പനയും മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് പലതരം സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളും തൃശ്ശൂരിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ക്യാമ്പ്ഫയർ മ്യൂസിക്, പ്രഗത്ഭരുടെ സംഗീതനിശകൾ, നാടകങ്ങൾ,പല തരം മത്സരങ്ങൾ, ലഹരി വിരുദ്ധ ക്യാമ്പയ്‌നുകൾ, കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്യാമ്പയ്‌നുകൾ എന്നിവയ്ക്ക് പുറമേ ഇവിടേക്കെത്തുന്ന ഉപഭോക്താക്കൾക്കായി ഒരു ലക്കി ഡ്രോ കോണ്ടസ്റ്റും ഇവിടെയുണ്ട്. 60 കാർ ബൂട്ടുകളും 90 സ്റ്റാളുകളുമായി 100 ചതുരശ്ര അടിയിലാണ് പ്രദർശനമൊരുങ്ങുന്നത്. വിൽപ്പനയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഒരു ഫോൺ കോളിലൂടെ നിങ്ങളുടെ ഇടമുറപ്പാക്കാനാവും. കച്ചവടത്തിന്റെ ഒരു വലിയ സാധ്യതയാണ് കാർ ബൂട്ട് സെയിൽ 2018ലൂടെ സംഘാടകർ തുറന്നിടുന്നത്. ‍
Read More >>