'ആത്മഹത്യ നിരോധിത' ഫാനുമായി ഒരു മുംബൈ സ്വദേശി

ക്രോംപ്ടൻ ഗ്രീവ്‌സ് കമ്പനിയിൽ നിന്നും അസിസ്റ്റന്റ് ജനറൽ മാനേജർ ആയി വിരമിച്ച ഈ 61കാരനായ മുംബൈ സ്വദേശിയാണ് ആത്മഹത്യ നിരോധിത ഫാന്‍ കണ്ടുപിടിച്ചിരിക്കുന്നത്

ആത്മഹത്യ നിരോധിത ഫാനുമായി ഒരു മുംബൈ സ്വദേശി

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവര്‍ ഇനി ഫാനില്‍ കുരുക്കിട്ടു മരിക്കാം എന്ന് കരുതേണ്ട. അത് തടയുന്നതിനുള്ള പോംവഴിയാണ് ശരദ് ആശാനിയുടെ ഈ കണ്ടുപിടുത്തം. സീലിംഗ് ഫാനിൽ തൂങ്ങി മരിക്കാന്‍ ശ്രമിച്ചാൽ അയാളെ സുരക്ഷിതമായി നിലത്തെത്തിക്കുന്ന സംവിധാനമാണ് ശരദ് ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നത്. ക്രോംപ്ടൻ ഗ്രീവ്‌സ് കമ്പനിയിൽ നിന്നും അസിസ്റ്റന്റ് ജനറൽ മാനേജർ ആയി വിരമിച്ച ആളാണ്‌ ശരദ് ആശാനി.

2004 ജൂണില്‍ നടിയും മോഡലുമായ നഫിയ ജോസഫിന്റെ ആത്മഹത്യയാണ് തന്നെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശരദ് ആശാനി പറയുന്നു. പ്രതിവർഷം ശരാശരി 1.3 ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നതിൽ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 60,000 പേരും തൂങ്ങി മരിക്കുകയായിരുന്നു. മിക്കവരും വീടുകളിലെ സീലിംഗ് ഫാനിലാണ് ആത്മഹത്യ ചെയ്യുന്നതും.

തന്റെ ഗവേഷണം ഇത്തരത്തിലുള്ള ആത്മഹത്യയെ നിയന്ത്രിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു. ജോലി ഉണ്ടായിരുന്ന സമയവും ഗവേഷണം തുടര്‍ന്നിരുന്നു. നിശ്ചിത തൂക്കത്തിൽ കൂടുതൽ ഭാരം വഹിക്കേണ്ടി വരുമ്പോള്‍ സീലിംഗിൽ നിന്നും താഴ്ന്നു വരുന്ന രീതിയിലാണ് സീലിംഗ് ഫാനിന്റെ റോഡ് (ദണ്ഡ്) ശരദ് ആശാനി വികസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ചെറിയ ഭാരം അനുഭവപ്പെടുമ്പോള്‍ ഫാന്‍ താഴെയെത്തും എന്നൊരു ഭയം വേണ്ട. ആത്മഹത്യ ചെയ്യാന്‍ ഫാനില്‍ തൂങ്ങുമ്പോള്‍ ഫാന്‍ താഴേക്ക്‌ നീണ്ടു ആളെ സുരക്ഷിതമായി നിലത്തെത്തിക്കുന്നതാണ് ഈ കണ്ടുപിടുത്തം.

തന്റെ കണ്ടുപിടുത്തത്തിനു പേറ്റന്റ് എടുത്തിട്ടുള്ള ആശാനി ആഗ്രഹിക്കുന്നത് എല്ലാ വീടുകളിലും ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്നാണ്. 500ലധികം തവണ പരിശോധിച്ചു നോക്കിയ ശേഷമാണ് ഇതിന്റെ സുരക്ഷ ഉറപ്പു വരുത്തിയത്. എത്ര പ്രാവശ്യം തലയിടിച്ചു നിലത്തു വീണു എന്ന് നിശ്ചയമില്ല. അപ്പോഴെല്ലാം ഹെല്‍മെറ്റ്‌ ധരിച്ചിരുന്നതിനാല്‍ വലിയ അപകടങ്ങള്‍ ഉണ്ടായില്ല എന്നും ആശാനി പറയുന്നു.നിലവിലുള്ള ഫാനുകളിലും 250 രൂപ മുടക്കിയാല്‍ ഈ റോഡ്‌ അധികമായി വച്ചുപിടിപ്പിക്കാന്‍ കഴിയുന്നതാണ്. നിലവില്‍ 100 യുണിറ്റ് റോഡുകള്‍ താന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഗോള്‍ഡ്‌ ലൈഫ് എന്ന പേരില്‍ ഇത് വിപണിയില്‍ എത്തിക്കാനാണ് ഇപ്പോള്‍ ആശാനിയുടെ തീരുമാനം.

ജീവിതം സ്വര്‍ണ്ണത്തേക്കാള്‍ അമൂല്യമാണ്‌. ആത്മഹത്യ ചെയ്യണം എന്നുള്ള ആ നിമിഷത്തെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ പലരും ജീവിതത്തിലേക്ക് മടങ്ങി വരും. ഹോസ്റ്റലുകളില്‍ ഇത് സ്ഥാപിക്കാനായുള്ള തീരുമാനവും ഉണ്ടാകണം. അങ്ങനെയെല്ലാം ഒരുമിച്ചു ശ്രമിച്ചാല്‍ ആത്മഹത്യ ഒരു നല്ല പരിധി വരെ രാജ്യത്ത് നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഈ 61കാരന്‍ വിശ്വസിക്കുന്നു.

Read More >>