എന്താണു മുഖ്യമന്ത്രി പറഞ്ഞ റാൻസംവെയറുകള്‍?

റാന്‍സംവെയറുകള്‍ കമ്പ്യൂട്ടറുകളെ തകരാറിലാക്കുക മാത്രമല്ല ചെയ്യുക, അതിനെ തിരിച്ചു കൊടുക്കാന്‍ മോചനദ്രവ്യം കൊടുക്കേണ്ടിയും വരും. ഒരുതരം കിഡ്നാപ്പിംഗ് ആണത്.

എന്താണു മുഖ്യമന്ത്രി പറഞ്ഞ റാൻസംവെയറുകള്‍?

ലോകമാകമാനമുള്ള കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറിയ റാന്‍സംവെയറുകളുടെ വാര്‍ത്തകളായിരുന്നു ഇന്നു ടെക് ലോകത്തെ പ്രധാന ചര്‍ച്ച. നൂറോളം രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളിലാണു റാന്‍സംവെയറുകള്‍ എന്നു വിളിയ്ക്കുന്ന മാല്‍വെയര്‍ കയറിക്കൂടിയത്. ഉടമയറിയാതെ കമ്പ്യൂട്ടറികളില്‍ കയറി തകരാറുണ്ടാക്കുന്ന പ്രോഗ്രാമുകളാണു മാല്‍വെയര്‍.

ഇംഗ്ലണ്ടിലേയും സ്കോട്ട്‌ലന്റിലേയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെയാണു ഈ ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആശുപത്രികളിലെ കമ്പ്യൂട്ടറുകള്‍ റാന്‍സംവെയറിന്റെ പിടിയിലായിപ്പോയി. അതു കാരണം ഫയലുകള്‍ തുറക്കാനോ രോഗികളുടെ റിക്കാര്‍ഡുകള്‍ പരിശോധിക്കാനോ സാധ്യമാകുന്നില്ല. ഫയലുകള്‍ തുറക്കാനായി 230 പൗണ്ട് ബിറ്റ്കോയിന്‍ ആയി കൊടുക്കണമെന്നാണു കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ കാണിച്ചിരിക്കുന്നത്.

റഷ്യയിലെ ബാങ്കുകളും, ആരോഗ്യമന്ത്രാലയവും, റെയില്‍വേയും ആക്രമണത്തിനിരയായെന്നു റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയിലെയും യൂറോപ്പിലേയും ഏഷ്യയിലേയും കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി വലിയ പ്രതിസന്ധിയാണു റാന്‍സംവെയറുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ സാങ്കേതികവിദ്യ മോഷ്ടിച്ചാണു ഈ റാന്‍സംവെയറുകള്‍ ലോകത്തിനെ ആക്രമിച്ചതെന്നു പറയപ്പെടുന്നു.

റാന്‍സംവെയറുകള്‍ കമ്പ്യൂട്ടറുകളെ തകരാറിലാക്കുക മാത്രമല്ല ചെയ്യുക, അതിനെ തിരിച്ചു കൊടുക്കാന്‍ മോചനദ്രവ്യം കൊടുക്കേണ്ടിയും വരും.സാധാരണ റാന്‍സംവെയറുകള്‍ ചെയ്യുന്നതു കമ്പ്യൂട്ടറിനെ ലോക്ക് ചെയ്യുക എന്നതു മാത്രമാണ്. അണ്‍ലോക്ക് ചെയ്യണമെങ്കില്‍ പണം കൊടുക്കണമെന്ന ഒരു സന്ദേശം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുകയും ചെയ്യും.

സാധാരണ റാന്‍സംവെയറുകളെ ഇല്ലാതാക്കി കമ്പ്യൂട്ടര്‍ തിരിച്ചെടുക്കാന്‍ അല്പം സാങ്കേതികജ്ഞാനമുള്ളവര്‍ക്കു സാധിക്കും.കൂടിയ ഇനം റാന്‍സംവെയറുകള്‍ എളുപ്പത്തില്‍ കീഴടങ്ങുന്നവയല്ല. അവ ചെയ്യുന്നതു കമ്പ്യൂട്ടറിലെ ഫയലുകളെ എന്‍ക്രിപ്റ്റ് (കോഡ് രൂപത്തിലേയ്ക്കു മാറ്റുക) ചെയ്യുകയാണ്. അത്തരം ഫയലുകള്‍ തിരിച്ചെടുക്കാന്‍ പ്രയാസമായിരിക്കും.

ഫയലുകള്‍ മാത്രമല്ല, ചിലപ്പോള്‍ ഹാര്‍ഡ് ഡിസ്ക് വരെ എന്‍ക്രിപ്റ്റ് ചെയ്യാന്‍ കഴിവുള്ള റാന്‍സംവെയറുകള്‍ ഉണ്ട്. ഡൗണ്‍ലോഡ് ചെയ്ത ഫയലുകള്‍, ഇമെയില്‍ ലിങ്കുകള്‍, വ്യാജസൈറ്റുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണു റാന്‍സെവെയറുകള്‍ കമ്പ്യൂട്ടറില്‍ കയറിപ്പറ്റുക. മോചനദ്രവ്യം പല രീതിയിലായിരിക്കും ആവശ്യപ്പെടുക.


കോര്‍പ്പറേറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ ആക്രമിക്കുക വഴി എളുപ്പത്തില്‍ പണം സമ്പാദിക്കാം എന്ന ലക്ഷ്യം ആയിരിക്കും റാന്‍സംവെയറുകള്‍ അയയ്ക്കുന്നവരുടെ പ്രധാന ലക്ഷ്യം. അതല്ലാതെ, തീവ്രവാദി ആക്രമണങ്ങള്‍ പോലെ ഒരു പ്രത്യേക രാജ്യത്തിന്റെ സമാധാനവും സാമ്പത്തികവും എല്ലാം അസ്വാരസ്യത്തിലാക്കാനും റാന്‍സംവെയറുകള്‍ ഉപയോഗിക്കപ്പെടാം.