നികുതി സംബന്ധിച്ച് ആശങ്ക; ബിറ്റ്കോയിൻ വിറ്റൊഴിഞ്ഞ് ഇന്ത്യൻ നിക്ഷേപകർ

ബിറ്റ്കോയിന്‍ വ്യാപാരത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം നിക്ഷേപം നടത്താനുമെന്നു റിസര്‍വ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നികുതി സംബന്ധിച്ച് ആശങ്ക; ബിറ്റ്കോയിൻ വിറ്റൊഴിഞ്ഞ് ഇന്ത്യൻ നിക്ഷേപകർ

ആദായ നികുതി സംബന്ധിച്ച വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ബിറ്റ്കോയിന്‍ വിറ്റൊഴിയുന്നതായി റിപ്പോര്‍ട്ട്. ബിറ്റ്കോയിന്‍ ഇടപാട് രാജ്യത്ത് അംഗീകൃതമല്ലെങ്കിലും 20 മുതല്‍ 30 ശതമാനം വരെ കാപിറ്റൽ ​ഗെയ്ൻ നികുതി ബിറ്റ്കോയിന് ബാധകമാവുമെന്ന് വിദഗ്ധര്‍ പറയുന്നു. ബിസിനസിലൂടെയുള്ള വരുമാനം അല്ലെങ്കില്‍ മൂലധന നേട്ടം എന്നിവയ്ക്ക് ബാധകമായ ആദായ നികുതിയായിരിക്കും നല്‍കേണ്ടി വരികയെന്നാണ് വിദഗ്ധരുടെ അഭിപ്രായം

എന്നാൽ ബിറ്റ്കോയിന്‍ വ്യാപാരത്തിന് രാജ്യത്ത് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇതില്‍ നിക്ഷേപിക്കാനെന്നും റിസര്‍വ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാമത്തെ തവണയാണ് ആർബിഐ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ആദ്യം 2013ലും പിന്നീട് ഈ വർഷം ഫെബ്രുവരിലുമാണ് മറ്റു മുന്നറിയിപ്പുകൾ വന്നത്.

50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ നിലവാരത്തിൽ വരെ ബിറ്റ്കോയിനില്‍ നിക്ഷേപിച്ചവര്‍ മൂല്യം 10 ലക്ഷം കടന്നപ്പോള്‍ വിറ്റഴിക്കാന്‍ തിരക്കുകൂട്ടിയതായി ഇന്ത്യയിലെ ബിറ്റ്കോയിന്‍ എക്സ്ചേഞ്ചായ സെബ്പെ സഹ സ്ഥാപകന്‍ സൗരബ് അഗര്‍വാള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ക്രിപ്റ്റോകറന്‍സി ഇടപാടുകൾ രാജ്യത്ത് ഇതുവരെ അംഗീകരിക്കാത്തതിനാൽ നികുതി റിട്ടേണ്‍ നല്‍കുമ്പോൾ എങ്ങനെ ഫയല്‍ ചെയ്യുമെന്നത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മുന്‍കൂര്‍ നികുതി അടയ്ക്കേണ്ട അവസാന തിയതി ഡിസംബര്‍ 15 ആയതിനാല്‍ നിക്ഷേപകരും നികുതി കണ്‍സള്‍ട്ടന്റുമാരും എങ്ങനെയാണ് ക്രിപ്റ്റോകറന്‍സിയില്‍ നിന്നുള്ള നേട്ടം കൈകാര്യം ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങുകയാണ്.

Read More >>