ക്രിപ്റ്റോ കറൻസിയുമായി റിലയൻസ് ജിയോ; പേര് ജിയോ കോയിൻ

പദ്ധതി ആസൂത്രണം ചെയ്യാനായി മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനിയുടെ നേതൃത്വത്തിൽ 50 അംഗങ്ങൾ ഉൾപ്പെടുന്ന ടീമിനെ ഉടനെ ചുമതലപ്പെടുത്തുമെന്നാണ് വിവരം. ബ്ലോക്ക് ചെയിൻ ടെക്‌നോളജി വികസിപ്പിക്കലാവും ഈ സംഘത്തിന്റെ ലക്‌ഷ്യം.

ക്രിപ്റ്റോ കറൻസിയുമായി റിലയൻസ് ജിയോ; പേര് ജിയോ കോയിൻ

ടെലികോം മേഖലയിൽ തുടങ്ങിയ വിപ്ലവം ഡിജിറ്റൽ കറൻസിയിലേക്കും വ്യാപിപ്പിക്കാൻ റിലയൻസ് ജിയോ. ജിയോ കോയിൻ എന്ന പേരിൽ സ്വന്തമായി ക്രിപ്റ്റോ കറൻസി വികസിപ്പിക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പദ്ധതി ആസൂത്രണം ചെയ്യാനായി മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനിയുടെ നേതൃത്വത്തിൽ 50 അംഗങ്ങൾ ഉൾപ്പെടുന്ന ടീമിനെ ഉടനെ ചുമതലപ്പെടുത്തുമെന്നാണ് വിവരം. ബ്ലോക്ക് ചെയിൻ ടെക്‌നോളജി വികസിപ്പിക്കലാവും ഈ സംഘത്തിന്റെ ലക്‌ഷ്യം. സ്മാർട്ട് കോൺട്രാക്ട്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ലോജിസ്റ്റിക്സ് തൂങ്ങിയ ആപ്ലിക്കേഷനുകളും ഇതോടൊപ്പം വികസിപ്പിക്കും. എന്നാൽ പദ്ധതിയെക്കുറിച്ച് ഔദ്യോഗികമായി റിലയൻസ് ഇത് വരെ പ്രതികരിച്ചിട്ടില്ല.

രാജ്യത്ത് നിലവിൽ ക്രിപ്റ്റോ കറന്സിക്ക് നിയമപരിരക്ഷയില്ല. ഇത് സംബന്ധിച്ചുള്ള പഠനങ്ങൾക്കായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ ജാഗ്രത പുലർത്തണമെന്ന് റിസർവ് ബാങ്കും ധനകാര്യ മന്ത്രാലയവും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

അടുത്തിടെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ മൂല്യത്തിന് വൻ കുതിപ്പുണ്ടായതോടെയാണ് നിക്ഷേപകരുടെ ശ്രദ്ധ ഡിജിറ്റൽ കറൻസിയിലേക്ക് ആകർഷിച്ചത്. കഴിഞ്ഞ ഡിസംബറിൽ 20000 ഡോളറോളം മൂല്യമുയർന്നെങ്കിലും പിന്നീട് ഇടിവുണ്ടായിരുന്നു.

Read More >>