'റിലയന്‍സ് വാതകമോഷണ കേസ്' എന്തിനായിരുന്നു എന്ന് സര്‍ക്കാറിനോട് അന്താരാഷ്ട്ര വ്യവഹാരകോടതി

മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം റിലയന്‍സിനു അനുകൂലമായി സിംഗപൂര്‍ ആസ്ഥാനമായ അന്താരാഷ്ട്രകോടതിയുടെ വിധി ഉണ്ടായത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

റിലയന്‍സ് വാതകമോഷണ കേസ് എന്തിനായിരുന്നു എന്ന് സര്‍ക്കാറിനോട്  അന്താരാഷ്ട്ര വ്യവഹാരകോടതി

മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ, കേന്ദ്ര സര്‍ക്കാരിനു റിലയന്‍സിനെതിരെ കേസ് നല്‍കാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു വേണമെങ്കില്‍ പറയാം. ഒഎന്‍ജിസിയുടെ നിയന്ത്രണത്തിലുള്ള കൃഷ്ണ– ഗോദാവരി വാതകപ്പാടത്തുനിന്ന് പ്രകൃതിവാതകം മോഷ്ടിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്(ആര്‍ഐഎല്‍) 10,400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്രാ വ്യവഹാര കോടതിയില്‍ കേസ് നല്‍കിയത്. എന്നാല്‍ സര്‍ക്കാരും ഒഎന്‍ജിസിയും റിലയന്‍സ് അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനു നഷ്ടപരിഹാരം നല്‍കണം എന്നാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായത്.

പ്രകൃതിവാതക തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് എ പി ഷാ കമ്മിറ്റി റിലയന്‍സില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സിന് അനുകൂലമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

2009 ഏപ്രില്‍ ഒന്നിനും 2015 മാര്‍ച്ച് 31നും ഇടയിലുള്ള കാലയളവില്‍ ഒഎന്‍ജിസിക്ക് അവകാശപ്പെട്ട വാതകപ്പാടത്തു നിന്നും റിലയന്‍സ് പ്രകൃതിവാതകം അനധികൃതമായി ഊറ്റിയെടുത്തു ഖനനം നടത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇക്കാര്യം ഒഎന്‍ജിസിക്ക് അറിയാമായിരുന്നെങ്കിലും ആറുവര്‍ഷം മൌനംപാലിച്ചതായി ഷാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:

1991ലാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഖനനം സ്വകാര്യകമ്പനികള്‍ക്കായി തുറന്നുകൊടുത്തത്. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കനേഡിയന്‍ കമ്പനിയും ബ്രിട്ടീഷ്‌ കമ്പനിയുമായി ചേര്‍ന്ന് റിലയന്‍സ് കണ്‍സോര്‍ഷ്യം കൃഷ്ണ–ഗോദാവരി പാടത്തില്‍ ഖനനത്തിനുള്ള അവകാശം നേടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

ബംഗാള്‍ ഉള്‍ക്കടലിന്റെ ആന്ധ്ര തീരത്തെ അരലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള കൃഷ്ണ–ഗോദാവരി എണ്ണപ്പാടം ഇന്ത്യയിലെ ഏറ്റവുംവലിയ പ്രകൃതിവാതക ബ്ളോക്കാണ്. റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള മാത്രമല്ല, കൃഷ്ണ–ഗോദാവരിയിലെ ഡി–6 ബ്ളോക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഒഎന്‍ജിസിയുടെ ഡി1, ഡി3 ബ്ളോക്കുകളില്‍നിന്ന് ഇവര്‍ വാതകം ഖനനം ചെയ്യുകയും ചെയ്തു എന്നാണ് കണ്ടെത്തിയിരുന്നത്. ഒഎന്‍ജിസിയുടെ പാടങ്ങള്‍ നിര്‍ജ്ജീവമാക്കി റിലയന്‍സിന് അനര്‍ഹമായി വന്‍നേട്ടം ലഭിച്ചതായും ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം റിലയന്‍സിനു അനുകൂലമായി സിംഗപൂര്‍ ആസ്ഥാനമായ അന്താരാഷ്ട്രകോടതിയുടെ വിധി ഉണ്ടായത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

വിധി :

കരാർ പ്രദേശത്ത് നിന്ന് എത്രയളവിലും വാതകം ഖനനം ചെയ്യാന്‍ റിലയന്‍സ് ഉള്‍പ്പെടുന്ന കൺസോർഷ്യത്തിനു അധികാരമുണ്ടെന്നും അതിനാല്‍ ഇന്ത്യൻ സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും തിരസ്കരിക്കപ്പെട്ടുവെന്നുമാണ് വിധി ഉണ്ടായത്. കൂടാതെ, 8.3 മില്യൻ ഡോളർ (56.44 കോടി രൂപ) റിലയന്‍സിനു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അന്താരാഷ്ട്രകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലൊരു ദൂരവ്യാപകമായ തിരിച്ചടി പ്രതീക്ഷിക്കുന്ന വിധി കേന്ദ്ര സര്‍ക്കാരും ഒഎന്‍ജിസിയും പ്രതീക്ഷിച്ചിരുന്നില്ല.

വിശകലനം:

തങ്ങളുടെ കരാര്‍ പ്രദേശത്തു നിന്നും റിലയന്‍സ് 0.3 ട്രില്യൺ ക്യുബിക് അടി (ടിസിഎഫ്) ഊറ്റിയെടുത്ത പ്രകൃതിവാതകം ഒഎൻജിസിയുടെ 98/2 ഫീൽഡിന് അവകാശപ്പെട്ടിരുന്നതാണ് എന്നു വ്യക്തമാണ്. എന്നിരുന്നാലും റിലയൻസിന്റെ ലാഭം ഇവിടെയെങ്ങനെ ഒ.എൻ.ജി.സിയുടെ നഷ്ടമാകുന്നു എന്നുള്ള ചോദ്യം ബാക്കിയാണ്. നഷ്ടം കണക്കാക്കണം എന്നുണ്ടെങ്കില്‍ ചെലവഴിച്ച തുകയും ആനുപാതികമായി കോടതി വിലയിരുത്തി.

കൃഷ്ണ–ഗോദാവരി എണ്ണപ്പാടത്ത് നിന്നും ഒഎൻജിസി പ്രസ്തുത , 0.3 ടിസിഎഫ് വാതകം ഖനനം ചെയ്തെടുക്കാന്‍ ധാരാളം ബില്ല്യൺ ഡോളർ ചെലവാക്കേണ്ടതുണ്ട്. അതിനാൽ തന്നെ ലാഭത്തിന്റെയും നഷ്ടത്തിന്റെയും കാര്യത്തിൽ ഒ.എൻ.ജി.സി ഉയര്‍ത്തിയ ക്ലെയിമുകൾക്ക് പരിധി നിശ്ചയിക്കേണ്ടി വരും എന്നാണ് അന്താരാഷ്ട്ര വ്യവഹാര കമ്മീഷൻ കണ്ടെത്തിയത്. കൂടാതെ ഒ.എൻ.ജി.സി അവകാശപ്പെട്ട അളവിലുള്ള പ്രകൃതിവാതക നിക്ഷേപം അവിടെയില്ല എന്നും അന്താരാഷ്ട്ര പര്യവേഷണ റിപ്പോര്‍ട്ടും വ്യവഹാര കമ്മീഷന്‍ പരിശോധിച്ചു. ഇനിയും നിക്ഷേപം നടത്തുന്ന പക്ഷം ഒ.എൻ.ജി.സി ഭീമമായ നഷ്ടത്തിലേക്ക് കടക്കുമായിരുന്നു എന്നും ഇവര്‍ വിലയിരുത്തി.

കോടതി വ്യവഹാര ചെലവുകള്‍ നല്‍കുന്നതിനുള്ള തുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനും ഒഎന്‍ജിസിക്കും മേല്‍ പിഴയായി ചുമത്തിയിരിക്കുന്നത്. ആഗോള പ്രകൃതിവാതക പര്യവേക്ഷണ ചരിത്രത്തിൽ ഇത്തരത്തിലൊന്ന് ആദ്യ പരാതിയല്ല. കാരണം പലപ്പോഴും ഇത്തരം എണ്ണപ്പാടങ്ങള്‍ പ്രകൃതിദത്തമായി ഭൂഗര്‍ഭത്തില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ടാകും. ഇവിടെ സംയുക്ത പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. ഇപ്പോള്‍ വാതക മോഷണം ആരോപിക്കപ്പെടുന്ന ഭൂമിയിലും ഇത്തരത്തിലൊരു അന്തര്‍ധാരയുണ്ടെന്നു കണ്ടെത്തിയതിനു ശേഷവും ഒരു സംയുക്ത പ്രവര്‍ത്തനത്തിനു ഒ.എൻ.ജി.സി മുന്‍കൈ എടുത്തില്ല. മറിച്ചു, റിലയന്‍സ് അടങ്ങുന്ന കണ്‍സോര്‍ശ്യം അതിന്റെ ആദായം എടുക്കുവാന്‍ മൌനമായി അനുവദിക്കുകയും പിന്നീട് തങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ മറച്ചു വയ്ക്കാന്‍ പരാതി നല്‍കിയെന്നുമാണ് വ്യവഹാരകോടതി പരാമര്‍ശിച്ചത്.

Read More >>