പൊതുമേഖലാ ബാങ്കുകളെ കേന്ദ്ര സർക്കാർ കൊല്ലുകയാണെന്ന് ബാങ്ക് ഓഫ് ബറോഡ ചെയർമാൻ രവി വെങ്കടേശൻ

പൊതുമേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നാണ് രവി വെങ്കടേശൻ നയിക്കുന്ന ബാങ്ക് ഓഫ് ബറോഡ.

പൊതുമേഖലാ ബാങ്കുകളെ കേന്ദ്ര സർക്കാർ കൊല്ലുകയാണെന്ന് ബാങ്ക് ഓഫ് ബറോഡ ചെയർമാൻ രവി വെങ്കടേശൻ

മോദി സർക്കാരിനെതിരെ ബാങ്ക് ഓഫ് ബറോഡയുടെ പടിയിറങ്ങുന്ന ചെയർമാൻ രവി വെങ്കടേശൻ. പൊതുമേഖലാ ബാങ്കിംഗ് സെക്ടറിനെ മോദി സർക്കാർ സാവധാനം കൊല്ലുകയാണെന്ന് രവി വെങ്കടേശൻ പറയുന്നു. കിട്ടാക്കടങ്ങൾ ബാങ്കുകളെ ഇല്ലാതാക്കുകയാണ്. അത്തരം കടങ്ങൾ തിരിച്ചു പിടിക്കാൻ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. എന്നാൽ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ പൊതു മേഖലാ ബാങ്കുകളെ ഇതിൽ നിന്ന് തടയുകയാണെന്നും രവി വെങ്കടേശൻ പറഞ്ഞു. പൊതുമേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നാണ് രവി വെങ്കടേശൻ നയിച്ചിരുന്ന ബാങ്ക് ഓഫ് ബറോഡ.

സർക്കാർ അത്തരം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയില്ലെങ്കിൽ അത് പൊതുമേഖലാ ബാങ്കുകളെ സാവധാനം കൊല്ലുന്നതിനു തുല്യമായിരിക്കും. സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഒന്നിച്ചു ചേരേണ്ടതുണ്ട്. അങ്ങനെ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ വിപണി പങ്കാളിത്തം ഒഴുകാതിരിക്കാനുള്ള വഴിയൊരുക്കുകയും ബാങ്കുകളെ ശക്തിപ്പെടുത്തേണ്ടതുമുണ്ട്. പൊതുമേഖലാ ബാങ്കിംഗ് സെക്ടറിനെ ശക്തിപ്പെടുത്താൻ ദുർബലമായ ബാങ്കുകളെ ലയിപ്പിക്കുകയല്ല വേണ്ടതെന്നും രവി വെങ്കടേശൻ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലായിരുന്നു ബാങ്ക് ഓഫ് ബറോഡ ചെയർമാന്റെ പ്രതികരണങ്ങൾ.


"നല്ല മൂലധന നിക്ഷേപമുള്ള, നന്നായി പ്രവർത്തിക്കുന്ന കുറച്ച് പൊതുമേഖലാ ബാങ്കുകളാണ് ഇന്ത്യക്കാവശ്യം. എന്നാൽ പൊതുമേഖലാ ബാങ്കുകളുടെ വിപണി പങ്കാളിത്തവും മൂലധനവും ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. അതിലൂടെ യഥാർത്ഥത്തിൽ നടന്നു കൊണ്ടിരിക്കുന്നത് സ്വകാര്യവത്കരണമാണ്."- രവി വെങ്കടേശൻ അഭിമുഖത്തിൽ പറയുന്നു.


കഴിഞ്ഞ ഫിസ്കൽ വർഷത്തെ നിക്ഷേപങ്ങളുടെ 70 ശതമാനവും സ്വകാര്യ മേഖലയിലേയ്ക്കാണ് പോയത്. മൂഡീസിനു കീഴിൽ പ്രവർത്തിക്കുന്ന ഇക്ര ലിമിറ്റഡ് പറയുന്നത് ഇന്ത്യയിലെ വായ്പകൾ 2020 ആകുമ്പോഴേയ്ക്ക് 8 മുതൽ 9.5 ശതമാനം വരെ വർധിക്കുമെന്നാണ്. എന്നാൽ അതിന്റെ 80 ശതമാനവും സ്വകാര്യ ബാങ്കുകളിൽ നിന്നായിരിക്കും. അതുകൊണ്ട് പൊതുമേഖലയെ സംരക്ഷിക്കാൻ അടിയന്തിര നടപടി എടുക്കേണ്ടതുണ്ടെന്നും ലോൺ നൽകുന്നതു പോലുള്ള കാര്യങ്ങളിലുള്ള കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും രവി വെങ്കടേശൻ പറയുന്നു.

Read More >>