20000ഓളം പേരെ ഏഴ് ഐടി കമ്പനികള്‍ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു; ഐടി, ഫിനാന്‍സ്, ടെലികോം മേഖലകളില്‍ പ്രതിസന്ധി; 1.5 ദശലക്ഷം തൊഴില്‍നഷ്ടങ്ങള്‍ ഉണ്ടാകുമെന്നു റിപ്പോർട്ട്

2021 ആകുമ്പോഴേയ്ക്കും ആറ് ലക്ഷത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളാണ് ഐടി മേഖലയില്‍ നഷ്ടപ്പെടുമെന്നു കരുതുന്നത്. ഉയര്‍ന്ന നിലവാരമുള്ള തൊഴിലുകളുടെ അപചയം ഐടി മേഖലയെ മാത്രമല്ല ബാധിക്കുക. ബാങ്കിംഗ്, ടെലികോം മേഖലകളിലും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകും. കടുത്ത മത്സരവും വരുമാനത്തിലുണ്ടാകുന്ന ഇടിവുമാണ് ഇതിനു കാരണം. ഈ മേഖലകളിൽ അഞ്ചാറു വർഷത്തിനകം 1.5 ദശലക്ഷം തൊഴില്‍നഷ്ടങ്ങള്‍ ഉണ്ടാകുമെന്നു പറയപ്പെടുന്നു.

20000ഓളം പേരെ ഏഴ് ഐടി കമ്പനികള്‍  പിരിച്ചുവിടാന്‍ ഒരുങ്ങുന്നു; ഐടി, ഫിനാന്‍സ്, ടെലികോം മേഖലകളില്‍ പ്രതിസന്ധി; 1.5 ദശലക്ഷം തൊഴില്‍നഷ്ടങ്ങള്‍ ഉണ്ടാകുമെന്നു റിപ്പോർട്ട്

ഐടി, ഫിനാന്‍സ്, ടെലികോം മേഖലകളില്‍ കടുത്ത തൊഴിൽ പ്രതിസന്ധി. അടുത്ത അഞ്ചാറു വർഷത്തിനകം ആകെ 1.5 ദശലക്ഷം തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ 20000 ഓളം ജീവനക്കാരെ ഏഴ് ഐടി കമ്പനികള്‍ ആദ്യ ഘട്ടത്തിൽ പിരിച്ചുവിടാന്‍ നീക്കം തുടങ്ങി.

വ്യാഴാഴ്ച ടെക് മഹീന്ദ്ര 1500 തൊഴിലാളികളെ പിരിച്ചു വിടുന്നതായി സൂചന നല്‍കി. കോഗ്നിസന്റ് 6000 തൊഴിലാളികളെ പിരിച്ചുവിടാൻ പോകുന്നതായി നേരത്തേ തന്നെ വാര്‍ത്ത വന്നിരുന്നു. പ്രൊജക്ട് മാനേജർ, ആര്‍ക്കിടെക്ട് തസ്തികകളിലുള്ള 1000 തൊഴിലാളികളെ കുറയ്ക്കുന്നയായി ഇൻഫോസിസും അറിയിച്ചിട്ടുണ്ട്. വിപ്രോയിലാകട്ടെ 350-400 തൊഴിലാളികളെ ഇത്തിനകം പിരിച്ചു വിട്ടു. കൂടുതല്‍ പേര്‍ക്കു ഇനിയും തൊഴില്‍ നഷ്ടപ്പെടുമെന്ന സൂചനയുമുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്നത് ഫ്രഞ്ച് ഐടി ഭീമനായ കാപ്ജമിനിയാണ്, 9000 തൊഴിലാളികള്‍. പ്രകടന മികവ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു എല്ലാ കമ്പനികളും വന്‍ തോതിലുള്ള പിരിച്ചുവിടല്‍ നടത്തുന്നതെന്നും പറയുന്നുണ്ട്.

നിലവില്‍ 10-15 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ളവര്‍ മിഡില്‍ മാനേജ്‌മെന്റ് തസ്തികകളിലാണുള്ളത്. ഇത്തരക്കാരെ നിലനിര്‍ത്തിപ്പോകുക എന്നതു കമ്പനികള്‍ക്കു കൂടിയ സാമ്പത്തികബാധ്യത ഉണ്ടാക്കും. അതുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തിപരിചയം ഉള്ളവരെ മാറ്റി ആ സ്ഥാനത്തു കുറഞ്ഞ പരിചയസമ്പത്തുള്ളവരെ പ്രതിഷ്ഠിച്ചു ചെലവ് കുറയ്ക്കാനുള്ള താല്പര്യം കമ്പനികള്‍ക്കുണ്ട്. ഇങ്ങിനെയാണു കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ക്കും വഴിയൊരുങ്ങുന്നത്.

കൂടാതെ, ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ അമേരിക്കയുടെ നയമാറ്റങ്ങളും പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എച് 1 ബി വിസയിലെ നിയന്ത്രണങ്ങള്‍ അതില്‍ പ്രധാനമാണ്. അമേരിക്കയിലെ കൂടിയ വേതനനിരക്ക് ചെലവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇന്ത്യന്‍ തൊഴിലാളികളെ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ലാഭവും ഇല്ലാതാക്കുന്നു. അടുത്തിടെയാണ് ഇന്‍ഫോസിസ് 10000 അമേരിക്കക്കാരെ ജോലിയ്‌ക്കെടുക്കുന്നതായി അറിയിച്ചത്.

ഐടി മേഖലയില്‍ പുതിയ തൊഴിലാളികളെ നിയമിക്കുന്നതില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സോഫ്റ്റ്വേര്‍ സേവനങ്ങള്‍ ഊന്നുന്നതു നിലവാരം കുറഞ്ഞ എഞ്ചിനീയറിംഗ് കഴിവുകളിലാണ്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അവര്‍ തയ്യാറാവുകയില്ല. ചെറിയ തോതിലുള്ള ജോലികള്‍ ഇപ്പോള്‍ ഓട്ടോമേറ്റഡ് ആക്കാവുന്നതു കൊണ്ട് കൂടിയ നിലയിലുള്ള വൈദഗ്ധ്യങ്ങളിലേയ്ക്കു അവര്‍ നീങ്ങിയേ പറ്റൂ. സോഷ്യല്‍ മീഡിയ, മൊബൈല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് രംഗങ്ങളില്‍ കൂടുതല്‍ വൈദഗ്ധ്യത്തിനു പ്രാധാന്യമുണ്ട്. ഇന്ത്യയിലെ പരമ്പാരാഗത ഐടി സേവനങ്ങള്‍ ഇനി വിലപ്പോവില്ലെന്നു ചുരുക്കം.

ഉയര്‍ന്ന നിലവാരമുള്ള തൊഴിലുകളുടെ അപചയം ഐടി മേഖലയെ മാത്രമല്ല ബാധിക്കുക. 2021 ആകുമ്പോഴേയ്ക്കും ആറ് ലക്ഷത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളാണ് ഐടി മേഖലയില്‍ നഷ്ടപ്പെടുമെന്നു കരുതുന്നത്. അതിനോടൊപ്പം തന്നെ, ബാങ്കിംഗ്, ടെലികോം മേഖലകളിലും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. കടുത്ത മത്സരവും വരുമാനത്തിലുണ്ടാകുന്ന ഇടിവും ഇതിനു കാരണമാകുന്നു. അടുത്ത കുറച്ചു വര്‍ഷങ്ങളില്‍ ആകെ 1.5 ദശലക്ഷം തൊഴില്‍നഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

സാങ്കേതികവിദ്യയിലെ വളര്‍ച്ച കാരണം ബാങ്കിംഗ് മേഖല മാറുകയാണ്. ഓണ്‍ലൈന്‍/മൊബൈല്‍ ബാങ്കിംഗ് സാര്‍വത്രികമായതോടെ ബാങ്കുകള്‍ക്കു കൂടുതല്‍ ശാഖകളുടെ ആവശ്യം വരുന്നില്ല. ഉദാഹരണത്തിനു കൊടക് മഹിന്ദ്ര ആപ്പ് വഴി അക്കൗണ്ട് തുറക്കാനുള്ള സൗകര്യം കൊണ്ടുവന്നു കഴിഞ്ഞു. ഇതുപയോഗിച്ചു ഡെബിറ്റ് കാര്‍ഡും ഇ-പേയ്‌മെന്‌റും സുഗമമായി ഉപയോഗിക്കാവുന്നതാണ്.

ടെലികോമില്‍ റിലയന്‍സ് ജിയോയുടെ വരവോടെ വോയ്‌സ് കോളുകള്‍ ഏതാണ്ട് സൗജന്യമായിക്കഴിഞ്ഞു. ഇത് ടെലികോം മേഖലയില്‍ വലിയ മാറ്റം കൊണ്ടുവന്നു. കമ്പനികള്‍ തമ്മില്‍ ലയിക്കാന്‍ തുടങ്ങി. സേവനങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ തൊഴില്‍ നഷ്ടങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും.

വെള്ളക്കോളര്‍ ജോലിക്കാര്‍ക്ക് ഏറ്റവും വലിയ ഭീഷണി ഓട്ടോമേഷന്‍ ആണ്. അടുത്ത ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഷ്യയില്‍ ഏതാണ്ട് 137 ദശലക്ഷത്തോളം തൊഴിലുകള്‍ റോബോട്ടുകള്‍ ഏറ്റെടുക്കുമെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2020 അകുമ്പോഴേയ്ക്കും ഓട്ടോമേഷന്റെ ഫലമായി അമേരിക്കയില്‍ മാത്രം അഞ്ച് ദശലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇല്ലാതാകും. ഉദാഹരണത്തിനു, ഷൂ നിര്‍മ്മാതാക്കളായ ആഡിഡാസ് റോബോട്ടുകളെ ഉപയോഗിക്കാന്‍ തുടങ്ങി.

ഉൽ‍പാദനമേഖല വലിയ തിരിച്ചു വരവിന് ഒരുങ്ങുകയാണെങ്കിലും തൊഴിലവസരങ്ങള്‍ കാര്യമായി സൃഷ്ടിക്കപ്പെടുകയില്ല എന്നതാണു യാഥാര്‍ഥ്യം. കമ്പനികളുടെയടുത്ത് അടിഞ്ഞു കൂടിയിട്ടുള്ള മിച്ചമൂലധനം ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. അമേരിക്കയിലെ കോര്‍പറേറ്റുകളുടെ പക്കല്‍ മാത്രം 2.6 ലക്ഷം കോടി ഡോളറിന്റെ മിച്ചമൂലധനം ഉണ്ടെന്നാണു പറയപ്പെടുന്നത്. ഈ പണം അവര്‍ നിക്ഷേപിക്കുന്നതു ഡ്രൈവറില്ലാത്ത കാര്‍ പോലെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളിലാണ്. ഇതും തൊഴിലവസരങ്ങളെ സാരമായി ബാധിക്കും.

തൊഴിലവസരങ്ങള്‍ തീരെയുണ്ടാവില്ല എന്ന് അര്‍ഥമില്ല. സെയില്‍സ്, സര്‍വീസിംഗ്, കസ്റ്റമര്‍ കെയര്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഉൽ‍പാദന, സേവന മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുന്നതു തൊഴില്‍ സുരക്ഷയെ ബാധിക്കുമെന്നു മാത്രം.

അങ്ങിനെയാകുമ്പോള്‍ ജോലി നിലവാരം ആണ് ആദ്യം പ്രതിസന്ധിയിലാകാന്‍ പോകുന്നത്. ഉയര്‍ന്ന യോഗ്യതകളുള്ള തൊഴിലാളികളുടെ കൈവശമായിരിക്കും കൂടിതല്‍ വരുമാനമുള്ള ജോലികള്‍. വലിയ യോഗ്യതകളും പരിചയവും ആവശ്യമില്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ അനിശ്ചിതത്വത്തില്‍ തുടരേണ്ടിയും വരും.