ഇന്ത്യൻ രൂപയ്ക്ക് ചരിത്ര വീഴ്ച; ഡോളറിനെതിരെ ആദ്യമായി 69 കടന്നു

2018ന്റെ തുടക്കം മുതൽ രൂപ വീഴ്ചയുടെ പാതയിലാണ്. ഏഴ് ശതമാനമാണ് ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്.

ഇന്ത്യൻ രൂപയ്ക്ക് ചരിത്ര വീഴ്ച; ഡോളറിനെതിരെ ആദ്യമായി 69 കടന്നു

ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയിലേയ്ക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തി. യുഎസ് ഡോളറിനെതിരെ 69 രൂപയായാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. 68.61 രൂപയിൽ ചൊവ്വാഴ്ച വ്യാപാരമാരംഭിച്ച ഇന്ത്യൻ രൂപ ഇന്നാരംഭിച്ചത് 68.87ൽ. രാ‍വിലെയുള്ള വ്യാപാരങ്ങൾക്കിടെ 69 രൂപ 10 പൈസയായി താഴ്ന്നതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണം രൂപയ്ക്കുണ്ടായത്.

കഴിഞ്ഞ വർഷം യു‌എസ് ഡോ‍ളറിനെതിരെ 5.96 ശതമാനം വളർച്ച നേടിയ രൂപ 2018ന്റെ തുടക്കം മുതൽ വീഴ്ചയുടെ പാതയിലാണ്. ഏഴ് ശതമാനമാണ് ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്.

നോട്ട് നിരോധനത്തിന് തൊട്ടടുത്ത ദിവസങ്ങളിലാണ് രൂപ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ മൂല്യം രേഖപ്പെടുത്തിയിരുന്നത്. 2014 നവംബർ 24ന് 68.86 രൂപയുടെ ഏറ്റവും വലിയ കുറവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ രൂപ ഡോളറിനെതിരെ ആദ്യമായി 69 തൊടുന്നത് ഇന്നാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിൽ രൂപ വ്യാപാരം അവസാനിപ്പിക്കുന്നത് 2013 ആഗസ്റ്റ് 28നാണ്- 68.80 രൂപ.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം കുറച്ചുകൊണ്ടുവരുമെന്ന് ബിജെപി പറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 40ൽ എത്തിക്കുമെന്ന് ബിജെപി നേതാക്കൾ പ്രസ്താവനകളും നടത്തിയിരുന്നു.


Read More >>