ഇന്ത്യൻ ജിഡിപിയുടെ താഴ്ചയും തിരശ്ശീലയ്ക്ക് പുറകിലെ നാടകങ്ങളും

വെറും നാല് മിനിറ്റ് കൊണ്ട് പാർലമെന്റിൽ മുൻ പ്രധാനമന്ത്രി ഡോക്റ്റർ മൻമോഹൻ സിംഗ് വരച്ചു കാണിച്ചത് പോലെ തന്നെ ചരിത്രപരമായ പിഴവായി മാറി മോദിയുടെ കറൻസി പിൻവലിക്കൽ തീരുമാനം. ഈ തീരുമാനത്തിന്റെ ആഘാതം ബാധിക്കാത്ത ഒരു മേഖലയുമില്ല എന്നതാണ് വസ്തുത.

ഇന്ത്യൻ ജിഡിപിയുടെ താഴ്ചയും തിരശ്ശീലയ്ക്ക് പുറകിലെ നാടകങ്ങളും

നസറുദ്ധീൻ മണ്ണാർക്കാട്

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ ജിഡിപിയുടെ കണക്കുകൾ പുറത്തു വരുമ്പോൾ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല എന്ന് തെളിയുന്നു. 7.1 % വളർച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് കൈവരിക്കാനായത് 6.1% മാത്രം. വളർച്ചയിൽ ചൈനയോട് മത്സരിക്കുന്ന നാം പുറകോട്ടു പോകാനുള്ള കാരണമന്വേഷിച്ചു വേറെയെങ്ങും പോവേണ്ടതില്ല.ഡീമോണിടൈസേഷൻ തന്നെയാണ് വില്ലൻ.

വെറും നാല് മിനിറ്റ് കൊണ്ട് പാർലമെന്റിൽ മുൻ പ്രധാനമന്ത്രി ഡോക്റ്റർ മൻമോഹൻ സിംഗ് വരച്ചു കാണിച്ചത് പോലെ തന്നെ ചരിത്രപരമായ പിഴവായി മാറി മോദിയുടെ കറൻസി പിൻവലിക്കൽ തീരുമാനം. ഈ തീരുമാനത്തിന്റെ ആഘാതം ബാധിക്കാത്ത ഒരു മേഖലയുമില്ല എന്നതാണ് വസ്തുത. ചില കണക്കുകൾ നോക്കാം.നിർമ്മാണ മേഖല 3.7% ഉം ഖനന മേഖല 10.5 % ഉം ഉത്പാദന മേഖല 5.3% ഇടിവ് രേഖപ്പെടുത്തിയപ്പോൾ കാർഷിക മേഖല 5.2% തകർച്ച നേരിട്ടു. പതിറ്റാണ്ടുകളായി വളർച്ച രേഖപ്പെടുത്തി വരുന്ന ഈ മേഖലകൾ ഒരൊറ്റ തീരുമാനത്തോടെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായത് തൊഴിൽ മേഖല കൂടിയാണ്.

ഇന്റർ നാഷണൽ ലേബർ ഓര്ഗിനൈസേഷന്റെ കണക്കാനുസരിച്ച്‌ 2018 ഓടെ ഇന്ത്യയിലെ തൊഴിലില്ലായ്മ 18 ദശലക്ഷം കവിയുമെന്നാണ് കണക്കുകൾ. ഇപ്പോൾ തന്നെ 18-നും 29 നും ഇടയ്ക്കുള്ള 30% ൽ അധികം യുവാക്കൾ തൊഴിൽ രഹിതരാണ്. സർക്കാർ അവകാശപ്പെട്ടത് പോലെയല്ല കാര്യങ്ങളെന്ന് തെളിയുകയാണ്. ജിഡിപിയിലെ കളികൾ ഇപ്പോഴത്തെ ജിഡിപി പോലും വിശ്വസിക്കാവുന്ന സ്ഥിതിയല്ല നിലവിലുള്ളത്. ജിഡിപി പെരുപ്പിക്കാൻ പുതിയൊരു മെത്തേഡ് മോഡി സർക്കാർ ആവിഷ്കരിക്കുന്നത്

2 വര്ഷം മുൻപാണ്. ജിഡിപി 4.7 ആയിരിക്കുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന സമയത്താണ് 2015 ജനുവരിയിൽ മോഡി സർക്കാർ പുതിയ മെത്തേഡിലൂടെ ജിഡിപി 6.9 ആക്കി ഉയർത്തിയത്. 7.5 % ജിഡിപി നിരക്കുണ്ടായിരുന്ന 2004-2005 എന്ന അടിസ്ഥാന വര്ഷവുമായി താരതമ്യം ചെയ്യുന്നതിന് പകരം താരതമ്യേന വളർച്ച മുരടിച്ച 2011-2012 യുമായി താരതമ്യം ആരംഭിച്ചു. 6.2% മാത്രമാണ് 2011-2012 ലെ ജിഡിപി എന്നോർക്കണം. ഈ മുരടിപ്പുള്ള വര്ഷവുമായി താരതമ്യം ചെയ്‌താൽ ഏത് ശരാശരി വളർച്ചയുള്ള വർഷവും മികച്ച വർഷമായി മാറും. ഫാക്റ്റർ കോസ്റ്റിനു (ഉത്പാദന ചെലവ് നോക്കി ജിഡിപി കണക്കാക്കുന്ന വിദ്യ) പകരം മാർക്കറ്റ് പ്രൈസിൽ ജിഡിപി കണക്കാക്കാൻ കൂടി ആരംഭിച്ചതോടെ ഇന്ത്യൻ ജിഡിപി 2 ട്രില്യൺ ഡോളർ കടന്നു. ) പുതിയ മെത്തേഡ് പ്രകാരം കണക്കാക്കിയിട്ട് പോലും ജിഡിപി 6.1 % മാത്രമാണെങ്കിൽ പഴയ രീതിയനുസരിച്ചു 4 % മാത്രമാവാനാണ് എല്ലാ സാധ്യതകളും. അതായത് ഇപ്പോഴുള്ള കണക്കുകളേക്കാൾ ദയനീയമാണ് കാര്യങ്ങൾ .

അത് കൊണ്ടു കൂടിയാവണം യു. എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ എക്കണോമിക് ബ്യുറോ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യൻ എകണോമിയുടെ ജിഡിപി കണക്ക് പെരുപ്പിച്ചതാണെന്ന പരാമർശം സ്ഥാനം പിടിച്ചത്. മോർഗൻ സ്റ്റാൻലിയെ പോലുള്ള ഏജൻസികളും ഇതേ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. കള്ളപ്പണമെവിടെ പോയി ?കൊട്ടിഘോഷിച്ച കറൻസി പിൻവലിക്കൽ തീരുമാനത്തിന്റെ പുറകിൽ കള്ളപ്പണമില്ലായ്മ ചെയ്യലാണ് എന്നായിരുന്നു തുടക്കം മുതൽ സർക്കാർ പറഞ്ഞു കൊണ്ടിരുന്നത്. അവസാന കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ഏതാണ്ട് 15 ലക്ഷം കോടിയുടെ കറൻസികൾ തിരിച്ചു വന്നിട്ടുണ്ട് എന്നാണു കണക്കുകൾ. പിൻവലിക്കപ്പെട്ട കറൻസിയുടെ 97% വരുമിത്. നികുതി വെട്ടിച്ചു സൂക്ഷിച്ച പണമെല്ലാം ഏതാണ്ട് ബാങ്കുകളിൽ എത്തിച്ചേർന്ന സ്ഥിതിക്ക് കള്ളപ്പണമെല്ലാമെവിടെ പോയി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

പത്തുശതമാനമെങ്കിലും നോട്ടുകൾ തിരിച്ചു വരില്ലെന്ന അവകാശ വാദം പരാജയപ്പെടുകയാണുണ്ടായത്. അഞ്ചു മാസം കഴിഞ്ഞിട്ടും അവസാന റൌണ്ട് കണക്കുകൾ പുറത്തു വിടാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. എന്തായിരുന്നു യഥാർത്ഥ ലക്‌ഷ്യം :കറൻസി നിരോധനത്തിന്റെ യാതാർത്ഥ ലക്ഷ്യം ബാങ്കുകളെയും കോർപ്പറേറ്റുകളുടെ പേയ്‌മെന്റ് ബാങ്കുകളെയും സഹായിക്കുകയായിരുന്നു എന്ന സത്യം പിന്നീടാണ് വ്യക്തമായത്.മുൻ ആർ ബി ഐ ഗവർണ്ണർ രഘുറാം രാജൻ നടത്തിയ ഡീപ് സർജ്ജറി ബാങ്കുകളെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ബാങ്കുകളും വ്യവസായികളും ചേർന്ന് നടത്തി വരുന്ന ചില പ്രോജക്റ്റ് ഫൈനാൻസിംഗുകൾ ഈ രംഗത്ത് സാധാരണമാണ്.

ഒരു പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചാൽ അതിനു വേണ്ട പണമോ അതിലധികമോ പണം ബാങ്കുകൾ കാര്യമായ പരിശോധനകൾ കൂടാതെ നൽകുന്നു. പ്രോജക്ട് പാതി വഴി ഉപേക്ഷിച്ചാൽ തിരിച്ചടക്കാൻ കഴിയാതെ വരും. ഉടൻ മറ്റൊരു വായ്‌പ്പ നൽകി കൊണ്ട് ആദ്യത്തെ ലോണിനെ രക്ഷിച്ചെടുക്കും. നിഷ്‌ക്രിയ ആസ്തി വർദ്ധിക്കാതിരിക്കാൻ ബാങ്കുകളും കോർപ്പറേറ്റുകളും ചേർന്ന് നടത്തുന്ന സാധാരണ ഇടപാടാണിത്. ബാങ്കിന്റെ ബാലൻസ് ഷീറ്റുകൾ ക്ളീനാണെങ്കിലും അതിനു പുറകിൽ ഇത്തരമൊരു കളി നടക്കുന്നുണ്ട് എന്ന് സാമ്പത്തിക വിദഗ്ദനായ രഗുറാം രാജൻ മനസ്സിലാക്കി. ഇതവസാനം വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്നും പൊതു മേഖലാബാങ്കുകൾ ഒരു സുപ്രഭാതത്തിൽ തകരാൻ വരെ കാരണമാകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം പുതിയ വായ്പകൾക്ക് ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇനി വായ്‌പ്പ നൽകണമെങ്കിൽ മുൻ ലോണുകളിൽ വീഴ്ച്ചയുണ്ടാവാൻ പാടില്ല. മാത്രമല്ല പ്രോജക്റ്റുകൾ ഫൈനാൻസ് ചെയ്യാനുള്ള മാനദണ്ഡങ്ങളും ഒന്ന് കഠിനമാക്കി.

ഇത് പ്രതിസന്ധിയിലാക്കിയത് ബാങ്കുകളെയാണ്. തിരിച്ചടവ് ഇല്ലാത്ത ലോണുകൾ പുതുക്കി നൽകി നിഷ്ക്രിയ ആസ്തിയുടെ കനം കുറച്ചിരുന്ന പരിപാടി അതോടെ നിലച്ചു. നിഷ്ക്രിയ ആസ്തി കുമിഞ്ഞു കൂടി. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ നിഷ്ക്രിയ ആസ്തി പെടുന്നനെ പ്രത്യപ്പെടാൻ തുടങ്ങി. ഈ അനിവാര്യമായ പൊട്ടിത്തെറിയുടെ വക്കിലാണ് ബാങ്കുകളെ സഹായിക്കാൻ നാം ക്യാഷ് ലെസ്സാവുന്നത്. ജനങ്ങളുടെ പണം മുഴുവൻ ബാങ്കുകളിലേക്ക് എത്തിക്കുകയും അത് പിൻവലിക്കാൻ കർശന നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ബാങ്കുകളിൽ പണം കുമിഞ്ഞു കൂടി. അവരുടെ വായ്പ നൽകാനുള്ള കഴിവ് വർദ്ധിച്ചു. ഒരു രാജ്യം മുഴുവൻ പേറ്റു നോവ് അനുഭവിച്ചത് കോർപ്പറേറ്റുകൾ വരുത്തി വെച്ച ബാധ്യതകളുടെ പേരിലായിരുന്നു എന്ന് ചുരുക്കം.