കൃഷി രം​ഗത്ത് വൻ കുതിച്ചുചാട്ടം; തെങ്ങിന്റെ ജനിതകഘടന കണ്ടെത്തി

കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും ന്യൂഡല്‍ഹിയിലെ ദേശീയ തോട്ടവിള-ജനിതക സാങ്കേതികവിദ്യാ ഗവേഷേണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലാണ് പുതിയ കണ്ടെത്തൽ

കൃഷി രം​ഗത്ത് വൻ കുതിച്ചുചാട്ടം; തെങ്ങിന്റെ ജനിതകഘടന കണ്ടെത്തി

തെങ്ങിന്റെ ജനിത ഘടന ​ഗവേഷകർ കണ്ടെത്തി. പാരമ്പര്യ സ്വഭാവ സവിശേഷതകൾ നിർണയിക്കുന്ന ഘടനയാണ് കണ്ടെത്തിയത്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും ന്യൂഡല്‍ഹിയിലെ ദേശീയ തോട്ടവിള-ജനിതക സാങ്കേതികവിദ്യാ ഗവേഷേണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലാണ് പുതിയ കണ്ടെത്തൽ.

തെങ്ങിന്റെ ഉയരം, തേങ്ങയുടെ നിറം, വരാവുന്ന രോഗങ്ങള്‍, വെളിച്ചെണ്ണയുടെ അളവും ഗുണവും തുടങ്ങിയ അടിസ്ഥാനഘടകങ്ങള്‍ നിര്‍ണയിക്കുന്ന മിക്ക ജീനുകളും ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. 'പത്തൊന്‍പത് പട്ടത്തെങ്ങ്' എന്നറിയപ്പെടുന്ന ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് (ചാവക്കാട് പച്ചക്കുള്ളന്‍) തെങ്ങിലായിരുന്നു പരീക്ഷണം. പല കോശങ്ങളെടുത്ത് ഓരോരുത്തർ ഒരോ ജീനുകളെ മനസിലാക്കി. തെങ്ങിന്റെ ഒരു കോശത്തില്‍ 25,000 മുതല്‍ 30,000 വരെ ജീനുകളുണ്ട്. മനുഷ്യന് 20,000 മുതല്‍ 25,000 വരെ ജീനുകളാണുള്ളത്. ഒരു വർഷത്തിനുള്ളിൽ ​​ഗവേഷണഫലങ്ങൾ പരീക്ഷിക്കുകയാണ് ​അടുത്ത ലക്ഷ്യം.

തെെ ആയിരിക്കുമ്പോൾ തന്നെ തെങ്ങിന്റെ ​ഗുണഫലങ്ങൾ കൃത്യമായി അറിയാം. ഇന്ത്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിലായി 454 ഇനം തെങ്ങുകളുടെ വിത്തുശേഖരമുണ്ട്. ഉത്പാദനക്ഷമത കൂട്ടുന്നതിനൊപ്പം തൈകളെ അവയുടെ സ്വഭാവം നോക്കി ഉയരം കുറഞ്ഞത്-കൂടിയത്, കൂടുതല്‍ എണ്ണയുള്ള തേങ്ങ കായ്ക്കുന്നത്, പച്ച-മഞ്ഞ നിറമുള്ളത്, രോഗം വരാവുന്നത് എന്നിങ്ങനെ തരംതിരിക്കാം. ഉത്പാദനക്ഷമതയുള്ള തെെകൾ നോക്കി ഇനി നടാം.

ഒരു ജീവിയിലെ പാരമ്പര്യ സ്വഭാവങ്ങളെ വഹിക്കുന്ന അടിസ്ഥാന തന്മാത്രകളാണ് ജീനുകള്‍. ഇവ പാരമ്പര്യ സ്വഭാവങ്ങളെ നിയന്ത്രിക്കുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. കോശത്തിലെ ഡിഎന്‍എയുടെ ഭാഗങ്ങളാണ് ജീനുകള്‍. ഓരോ ജീനും ഉണ്ടാക്കുന്ന പ്രോട്ടീനുകളാണ് ജീവിക്ക് പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നത്. ജീനുകള്‍ മുറിച്ചുമാറ്റുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുകവഴി ജീവികളില്‍ മാറ്റങ്ങളുണ്ടാക്കാം. ജീവിയുടെ ജനിതകഘടന കണ്ടെത്തുന്നതിലൂടെ ഏതൊക്കെ ജീനുകളാണുള്ളത്, ഏതു ജീൻ എന്തുതരം പ്രോട്ടീനുകളാണ് ഉണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ഒരു വർഷത്തിനുള്ളിൽ ​ഗവേഷണഫലങ്ങൾ പരീക്ഷണ ഘട്ടത്തിലേക്ക് എത്തിക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം.


Story by
Read More >>