ഇരുന്നൂറു രൂപ നോട്ടുമായി റിസർവ് ബാങ്ക്; സെപ്തംബർ ആദ്യവാരം പുറത്തിറങ്ങും

കള്ളപ്പണത്തിന്റെ ഒഴുക്കു തടയാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മാർഗങ്ങളിൽ ഒന്നായ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇരുന്നൂറു രൂപ നോട്ടുമായി റിസർവ് ബാങ്ക്; സെപ്തംബർ ആദ്യവാരം പുറത്തിറങ്ങും

ഇന്ത്യയിൽ ഇരുന്നൂറു രൂപാ കറൻസി നോട്ടുകൾ പുറത്തിറങ്ങുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം നൽകി. സെപ്തംബർ ആദ്യ വാരം ഇന്ത്യയിൽ ഇരുന്നൂറു രൂപ നോട്ടുകൾ പുറത്തിറങ്ങും.

റിസർവ് ബാങ്ക് ഇരുന്നൂറു രൂപാ നോട്ടുകൾ പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഗസറ്റ് വിജ്ഞാപനത്തിലൂടെ അറിയിച്ചു. റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡിന്റെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേകതകളോടെയാകും നോട്ട് പുറത്തിറങ്ങുക. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള നോട്ടാകും ഇതെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പറയുന്നു.

"റിസർവ് ബാങ്ക് നിയമം, 1934ലെ സെക്ഷൻ 24 ന്റെ ഉപ വിഭാഗം (1) ലെയും റിസർവ് ബാങ്ക് കേന്ദ്ര ഡയറക്ടർ ബോർഡിന്റെ ശുപാർശകളിലെയും സവിശേഷതകളോടെ ഇരുന്നൂറു രൂപ മൂല്യമുള്ള കറൻസി നോട്ടുകൾ പുറത്തിറങ്ങുമെന്ന് കേന്ദ്ര സർക്കാർ ഇതിനാൽ പ്രസ്താവിക്കുന്നു" ഔദ്യോഗിക സർക്കാർ നോട്ടിഫിക്കേഷൻ പറയുന്നു.

അഞ്ഞൂറു രൂപ നോട്ടുകളുടെ ചില്ലറ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുന്നൂറു രൂപ നോട്ടുകൾ ഇറക്കുന്നതെന്ന് റിസർവ് ബാങ്ക് പറയുന്നു. നൂറു രൂപയ്ക്കും അഞ്ഞൂറു രൂപയ്ക്കും ഇടയിൽ മറ്റു നോട്ടുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇരുന്നൂറു രൂപ നോട്ടുകൾ പണ വിനിമയങ്ങളെ കൂടുതൽ എളുപ്പമാക്കും എന്ന് സർക്കാരും റിസർവ് ബാങ്കും കൂട്ടിച്ചേർക്കുന്നു.

കള്ളപ്പണത്തിന്റെ ഒഴുക്കു തടയാൻ എന്ന് അവകാശപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മാർഗങ്ങളിൽ ഒന്നായ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതുതായി പുറത്തിറക്കിയ അഞ്ഞൂറ്, രണ്ടായിരം രൂപ നോട്ടുകളും നിരോധിക്കണമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read More >>