ബാങ്കുകളുടെ മോശം സമയം മന്‍മോഹന്‍ സിങ് - രഘുറാം രാജന്‍ കാലത്ത് ; നിര്‍മ്മലാ സീതാരാമന്‍

മന്‍മോഹന്‍ സിങും രഘുറാം രാജനും നോട്ടു നിരോധനമുള്‍പ്പെടെ എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചിരുന്നു

ബാങ്കുകളുടെ മോശം സമയം മന്‍മോഹന്‍ സിങ് - രഘുറാം രാജന്‍ കാലത്ത്  ; നിര്‍മ്മലാ സീതാരാമന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെയും സമയത്താണ് ഇന്ത്യയിലെ പൊതുബാങ്കുകളുടെ ഏറ്റവും മോശം കാലഘട്ടമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍ നടന്ന പ്രഭാഷണത്തിലാണ് നിര്‍മലാ സീതാരാമന്റെ പ്രസ്താവന. യുപിഎ കാലത്തെ കിട്ടാ കടങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

'രഘുറാം രാജനോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്നപ്പോഴുള്ള പ്രതിസന്ധി പൊതുമേഖലാ ബാങ്കുകള്‍ക്കു മറ്റൊരിക്കലുമുണ്ടായിട്ടില്ല. ആ സമയത്ത് ആരും ഇത് അറിഞ്ഞിരുന്നില്ല. സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന നിലയില്‍ രഘുറാം രാജനെ ബഹുമാനിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച കാലഘട്ടത്തില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം തിരഞ്ഞെടുത്തത്.' നിര്‍മല സീതാരാമന്‍ പറഞ്ഞു.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മോദി സര്‍ക്കാറിനും ധനമന്ത്രിയ്ക്കും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മന്‍മോഹന്‍ സിങും രഘുറാം രാജനും നോട്ടു നിരോധനമുള്‍പ്പെടെ എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചിരുന്നു.

അടുത്തിടെ ബ്രൗണ്‍ സര്‍വലകാശാലയില്‍ നടന്ന പരിപാടിയിലും മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രഘുറാം രാജന്‍ രൂക്ഷ വിമര്‍ശനമന്നയിച്ചു. മോദി സര്‍ക്കാരിന് കേന്ദ്രീകൃത നയങ്ങളാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭ്യന്തര സമന്വയത്തിനും സാമ്പത്തിക വളര്‍ച്ചക്കും പ്രധാന്യം നല്‍കാതെ ഭൂരിപക്ഷ വാദമാണ് ഇന്ത്യയില്‍ ഉയര്‍ത്തുന്നതെന്നും ഇത്തരത്തിലുള്ള ഭൂരിപക്ഷ വാദം കുറച്ച് കാലം തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുമെങ്കിലും അത് ഇന്ത്യയെ ഇരുണ്ടതും അനിശ്ചതത്വം നിറഞ്ഞതുമായ യുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read More >>