തിരിച്ചു വരവ് ഗംഭീരമാക്കി അറ്റ്ലസ് രാമചന്ദ്രൻ; അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരിമൂല്യത്തിൽ വൻ കുതിപ്പ്

എന്നാൽ ഇപ്പോൾ 286 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വെറും രണ്ട് മാസത്തിനിടയിലാണ് കമ്പനിയുടെ ഓഹരി മൂല്യം ഇത്രയും ഉയരുന്നത്.

തിരിച്ചു വരവ് ഗംഭീരമാക്കി അറ്റ്ലസ് രാമചന്ദ്രൻ; അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരിമൂല്യത്തിൽ വൻ കുതിപ്പ്

ഏറെ നാളത്തെ ജയില്‍ വാസത്തിന് ശേഷം വീണ്ടും വ്യവസായത്തിലേക്ക് ഇറങ്ങിയ അറ്റ്ലസ് രാമചന്ദ്രന്റെ സ്ഥാപനത്തിന് ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്നു അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യം. എന്നാൽ ഇപ്പോൾ 286 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വെറും രണ്ട് മാസത്തിനിടയിലാണ് കമ്പനിയുടെ ഓഹരി മൂല്യം ഇത്രയും ഉയരുന്നത്. അടുത്ത മാസം 19ന് അറ്റ്‌ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗം നടക്കും.

ബംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്‌ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയിൽ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികളാണ് അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്. കൂടുതല്‍ ബ്രാഞ്ചുകള്‍ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു ഇദ്ദേഹത്തിന്റെ പേരിൽ ദുബായിലുണ്ടായിരുന്നത്. ബിസിനസ് കാര്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. 2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്​.

Read More >>