സാമ്പത്തിക തകർച്ച: ജനറൽ മോട്ടോഴ്സിന് പിന്നാലെ ഫോക്സ് വാഗനും സ്കോഡയും ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നു; പത്ത് ലക്ഷത്തോളം തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്ന് സൂചന

ഐടി മേഖലയിൽ ഒരു വർഷത്തിനിടയിൽ ആറു ലക്ഷത്തോളം തൊഴിൽ നഷ്ടം ഉണ്ടായെങ്കിൽ , ഓട്ടോമൊബൈൽ മേഖലയിൽ പത്തു ലക്ഷത്തോളം തൊഴിലുകൾ ഉടൻ പോകുമെന്ന് റിപ്പോർട്ട്, പല പ്രധാന ഓട്ടോമൊബൈൽ കമ്പനികളും അടച്ചു പൂട്ടാൻ പോകുകയാണ്.

സാമ്പത്തിക തകർച്ച: ജനറൽ മോട്ടോഴ്സിന് പിന്നാലെ ഫോക്സ് വാഗനും സ്കോഡയും ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നു; പത്ത് ലക്ഷത്തോളം തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്ന് സൂചന

ഇന്ത്യയിലെ ഐടി മേഖലയില്‍ നിന്നും അശുഭമായ വാര്‍ത്തകള്‍ മാത്രമാണ് പുറത്ത് വരുന്നത്. മുന്‍ നിര ഐടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, കോഗ്നിസന്‌റ്, കാപ്ജമിനി തുടങ്ങിയവ വന്‍ തോതിലാണ് തൊഴിലാളികളെ പിരിച്ച് വിടുന്നത്. ഏതാണ്ട് ആറ് ലക്ഷം ഐടി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.


ടെലികോം മേഖലയിലും സമാനമായ അവസ്ഥയാണുള്ളതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം നിലവില്‍ 40000 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഖ്യ കൂടാനേ സാധ്യതയുള്ളൂ. എന്നാല്‍ ഇന്ത്യയിലെ തൊഴില്‍ മേഖലയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന പുതിയ വാര്‍ത്ത ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്നുമാണ് വരുന്നത്.


കഴിഞ്ഞ മാസം ഡിട്രോയറ്റ് ആസ്ഥാനമായുള്ള വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ വില്‍പന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് കാലം ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്ന കമ്പനിയാണ് ജനറല്‍ മോട്ടോഴ്‌സ്. പൂനെയിലെ തെലിഗാവിലെ ഫാക്ടറിയില്‍ നിന്നും വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജിഎമ്മിന്‌റെ പദ്ധതി.


ഗുജറാത്തിലെ ഹാലോളിലുള്ള പ്ലാന്‌റ് അടച്ചു പൂട്ടുകയാണ് ജിഎം. 2016-17 ല്‍ 25823 കാറുകളുടെ വില്‍പന മാത്രമേ ഇന്ത്യയില്‍ നടന്നിട്ടുള്ളൂ എന്നത് ജിഎമ്മിന് തിരിച്ചടിയാണ്. പതിനേഴ് കാര്‍ നിര്‍മ്മാതാക്കള്‍ ഉള്ള വിപണിയില്‍, 75 ശതമാനവും നാല് നിര്‍മ്മാതാക്കള്‍ കൈയടക്കിയിക്കുമ്പോള്‍, ഒരു ചോദ്യം ഉയരുന്നത് ജിഎമ്മിന് ശേഷം ആരാണെന്നതാണ്. ഫോക്‌സ് വാഗനും സമാനമായ പ്രതിസന്ധിയെ നേടിടുകയാണ്. 1.6 ശതമാനം വിപണി ഓഹരിയുള്ള ഫോക്‌സ് വാഗന്‍ 2016 ല്‍ ലോകമാകമാനം 10 ദശലക്ഷം കാറുകള്‍ വിറ്റിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അവരുടെ അവസ്ഥ പരിതാപകരമാണ്. വെറും 20042 കാറുകളേ 2016-17 ല്‍ ഫോക്‌സ് വാഗന് വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.


സ്‌കോഡയുടെ കാര്യവും വ്യത്യസ്തമല്ല. അടുത്തിടെ സ്‌കോഡയുടെ ഇന്ത്യയിലെ എംഡി സുധീര്‍ റാവു ജോലി രാജി വച്ചിരുന്നു. 2016-17 ല്‍ ഇന്ത്യയില്‍ 13712 കാറുകളേ സ്‌കോഡയ്ക്ക് വില്‍ക്കാനായുള്ളൂ. ഫിയറ്റ്, ഫോര്‍ഡ്, നിസ്സാന്‍ തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കളും ശക്തമായ പ്രതിസന്ധിയാണ് ഇന്ത്യന്‍ വിപണിയില്‍ അഭിമുഖീകരിക്കുന്നത്.


കാര്‍ വിപണിയിലെ വമ്പന്മാര്‍ ഇടറുമ്പോള്‍ തരക്കേടില്ലാത്ത നേട്ടം കൊയ്യുന്നത് താരതമ്യേന ചെറിയ നിര്‍മ്മാതാക്കളായ മാരുതി സുസുകിയും ഹ്യൂണ്ടായുമാണ്. ഇപ്പോള്‍ വിപണിയുടെ 65 ശതമാനവും അവരുടെ കൈവശമാണ്. ഭീമമായ പദ്ധതിച്ചെലവ് ഉള്ള കാര്‍ നിര്‍മ്മാണ മേഖലയില്‍ ഇത്തരം ഒരു അനുപാതമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കും.


കാര്‍ വിപണിയിലെ തകര്‍ച്ചയില്‍ ഇന്ത്യയുടെ നയങ്ങള്‍ക്കും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറണമെന്ന നയം അതിലൊന്നാണ്. ഓട്ടോമോട്ടീവ് ടെക്നോളജിയിലെ തവളച്ചാട്ടവും പ്രതിസന്ധികളെ സൃഷ്ടിക്കുന്നു.


ഗൂഗിളും ആപ്പിളും കൊണ്ടുവരുന്ന ഡ്രൈവറില്ലാ കാര്‍ പോലെയുള്ള പുതിയ സാങ്കേതികവിദ്യകളും കുറച്ചൊന്നുമല്ല കാര്‍ നിര്‍മ്മാതാക്കളെ പ്രശ്‌നത്തിലാക്കുന്നത്. ഐടി രംഗത്ത് ഓട്ടോമേഷന്‍ കൊണ്ടുണ്ടാകുന്ന തൊഴില്‍ നഷ്ടം പോലെയാണ് ഡ്രൈവറില്ലാ കാറും കൊണ്ടുവരുന്നത്. ഉത്പാദനരംഗത്ത് മാത്രമല്ല ഈ തകര്‍ച്ചയുടെ ബാക്കിപത്രങ്ങള്‍ ഉണ്ടാകുക. കാര്‍ വില്‍പ്പനക്കാരേയും തൊഴിലാളികളേയും ആകമാനം ബാധിക്കുന്നതായിരിക്കും കാര്‍ നിര്‍മ്മാതാക്കളുടെ പിന്‍ വാങ്ങല്‍. ജനറല്‍ മോട്ടോഴ്‌സിന് പിന്നാലെ ഫോക്‌സ് വാഗനും, ഫോര്‍ഡും സ്‌കോഡയും ഇന്ത്യന്‍ വിപണിയില്‍ നിന്നും കളം മാറ്റുമ്പോള്‍ ഐടി രംഗത്തിനൊപ്പം തന്നെയായിരിക്കും ഓട്ടോമൊബൈല്‍ മേഖലയിലെ തൊഴില്‍ നഷ്ടവും.