ടെക്സ്റ്റൈൽ മേഖലയും തകർച്ചയിൽ; തമിഴ്‌നാട്ടിൽ തൊഴില്‍ നഷ്ടമായത് മലയാളികളടക്കം 1.20 ലക്ഷം പേര്‍ക്ക്

കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ ടെക്‌സറ്റെയില്‍ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളെ കൂടിയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.

ടെക്സ്റ്റൈൽ മേഖലയും തകർച്ചയിൽ; തമിഴ്‌നാട്ടിൽ തൊഴില്‍ നഷ്ടമായത് മലയാളികളടക്കം 1.20 ലക്ഷം പേര്‍ക്ക്

മോട്ടോർ വാഹന രംഗത്തടക്കം ഇന്ത്യൻ വ്യവസായങ്ങൾ പ്രതിസന്ധി നേരിടുന്നതിനിടെ, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായമായ ടെക്‌സ്റ്റെയില്‍ മേഖലയും തകർച്ചയിലാണെന്ന് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തന്നെ 300 സ്പിന്നിങ് മില്ലുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ. 1.20 ലക്ഷം പേര്‍ക്കാണ് ഇതോടെ ജോലി നഷ്ടപ്പെട്ടത്. ജോലി നഷ്ടപ്പെട്ടവരിൽ മലയാളികളും ഉണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ ടെക്‌സറ്റെയില്‍ മേഖലയില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. നല്ലൊരു ശതമാനം സ്പിന്നിങ് മില്ലുകൾ, ട്രേഡിങ് കമ്പനികൾ എന്നിവയിൽ മലയാളികൾ നിക്ഷേപം നടത്തിയിട്ടുമുണ്ട്.

ഔദ്യോഗിക കണക്കുകളനുസരിച്ച് മാര്‍ച്ച് 2017 വരെ ഇന്ത്യയിലുടനീളം 605 സ്പിന്നിങ് മില്ലുകളാണ് അടച്ചു പൂട്ടിയത്. അതില്‍ 225 എണ്ണം തമിഴ്‌നാട്ടില്‍ നിന്നുള്ളവയാണ്. നിരവധി മില്ലുകള്‍ വില്‍പനയ്ക്കുണ്ടെങ്കിലും 500 മുതല്‍ 1000 കോടി രൂപ വരെ വില വരുന്നതിനാല്‍ ആരും ഈ മില്ലുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നില്ലെന്നും ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണെന്നും തമിഴ്‌നാട്ടിലെ സ്പിന്നിങ് മില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയബാല്‍ പറയുന്നു.

ഓരോ മാസവും കുറഞ്ഞത് 100 ദശലക്ഷം കിലോ കോട്ടണ്‍ നെയ്ത്ത് നൂലാണ് തമിഴ്‌നാട്ടില്‍ നിന്ന് കയറ്റുമതി ചെയ്യുന്നെന്ന് വ്യവസായികള്‍ പറയുന്നു. ഈ വര്‍ഷം ജൂണില്‍ കയറ്റുമതി ചെയ്തത് വെറും 57 ദശലക്ഷം നെയ്ത്ത്‌നൂലുകള്‍ മാത്രമാണ്.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ചുമത്തുന്ന ഉയര്‍ന്ന നികുതി നിരക്കുകളും ജി.എസ്.ടിയും ടെക്‌സ്റ്റെയില്‍ വ്യവസായത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയും ആഗോള വിപണിയില്‍ ഇന്ത്യന്‍ നെയ്ത്ത്‌നൂലിന്റെ ആവശ്യകതയില്‍ ഇടിവ് വരുത്തകയും ചെയ്‌തെന്നാണ് ഈ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് പുറമെ അസംസ്‌കൃത വസ്തുകളുടെ വിലക്കയറ്റവും ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ള നിലവാരം കുറഞ്ഞ നെയ്ത്തു നൂലിന്റെ ഇറക്കുമതിയും വ്യവസായത്തെ സാരമായി ബാധിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് കയറ്റുമതിയില്‍ ഇടിവ് വരുത്തിയതെന്ന് ഇന്ത്യന്‍ ടെക്‌സ്‌പ്രെനേഴ്‌സ് ഫെഡറേഷന്‍ കണ്‍വീനര്‍ പറഞ്ഞു. ഇവിടത്തെ തുണിത്തരങ്ങളുടെ കയറ്റുമതി യുഎസ് വിപണിയിലേക്ക് കേന്ദ്രീകരിക്കുകയും ആര്‍.ബി.ഐ വായ്പാ നിരക്കുകളുടെ ആദായം വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്താല്‍ ടെക്‌സ്റ്റെയില്‍ മേഖലയെ രക്ഷിയ്ക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.