ആയുധങ്ങള്‍ മറ്റാരോ കൊണ്ടുവച്ചതാവാനാണ് സാധ്യത; മഹാരാജാസ് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ശരിവച്ച് സിഐയുടെ റിപ്പോര്‍ട്ട്

എറണാകുളം മഹാരാജാസ് കോളേജില്‍ കണ്ടെത്തിയത് മാരകായുധങ്ങളല്ലെന്നും വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയ സമയം മറ്റാരെങ്കിലും അവ അവിടെ കൊണ്ടുവച്ചതാകാമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്എഫ്‌ഐയെ വെള്ളപൂശാനാണു ശ്രമമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണു സെന്‍ട്രല്‍ സിഐ ആഭ്യന്തരവകുപ്പിന് നല്‍കിയത്.

ആയുധങ്ങള്‍ മറ്റാരോ കൊണ്ടുവച്ചതാവാനാണ് സാധ്യത; മഹാരാജാസ് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ശരിവച്ച് സിഐയുടെ റിപ്പോര്‍ട്ട്

മഹാരാജാസ് കോളേജിലെ റൂമില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ പോയതിനു ശേഷം മറ്റാരോ അവിടെ ആയുധങ്ങള്‍ കൊണ്ടുവെച്ചതാവാനാണു സാധ്യതയെന്ന് എറണാകുളം സെന്‍ട്രല്‍ സിഐയുടെ റിപ്പോര്‍ട്ട്. ആയുധങ്ങള്‍ കൊണ്ടുവച്ചത് ആരാണെന്നു മനസിലായിട്ടില്ലെന്നും ആഭ്യന്തരവകുപ്പിന് എറണാകുളം സെന്‍ട്രല്‍ സി ഐ അനന്തലാല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയ സമയം മറ്റാരെങ്കിലും അവ അവിടെ കൊണ്ടുവച്ചതാകാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പി ടി തോമസ് എംഎല്‍എയ്ക്ക് നല്‍കിയ മറുപടിയെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണിത്.

വിദ്യാര്‍ത്ഥികള്‍ക്ക് താത്ക്കാലികമായി താമസിക്കാന്‍ അനുവദിച്ചിരുന്ന, സ്റ്റാഫുകള്‍ താമസിക്കുന്ന 14-ാം നമ്പര്‍ റൂമിലായിരുന്നു, പരിശോധന നടന്നത്. ഇവിടെ താമസിച്ചിരുന്ന ആറ് വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ മുപ്പതിന് മുറി വിട്ടുപോയിരുന്നു. ഇതിനു ശേഷമാണ് കോളേജിലെ അധ്യാപകനായ ജയ്‌സണ്‍ റൂമിനു പിറകുവശത്തെ ജനല്‍ തുറന്നു കിടക്കുന്നതായും ഏണി ചാരി വച്ചിരിക്കുന്നതായും കണ്ടത്. മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുന്നതായും അധ്യാപകന്‍ പറഞ്ഞിട്ടുണ്ടെന്ന് സിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


പിന്നീട് പുതിയ പൂട്ട് വാങ്ങി മുറി പൂട്ടിയിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഈ വിവരം പ്രിന്‍സിപ്പല്‍ സെന്‍ട്രല്‍ സിഐയെ അറിയിക്കുകയായിരുന്നു. ഈ മാസം മൂന്നിനാണ് കോളേജിലെ അദ്ധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. രണ്ടു മീറ്ററോളം നീലമുള്ള നാല് ഇരുമ്പു വടികള്‍, നാലു മരദണ്ഡുകള്‍, ഇരുമ്പു വാക്കത്തി എന്നിവയാണു മുറിയില്‍ നിന്നു കണ്ടെത്തിയത്. പുറമെ നിന്ന് മറ്റാരോ ആയുധങ്ങള്‍ കൊണ്ടുവച്ചതാകാമെന്ന സിഐയുടെ റിപ്പോര്‍ട്ട് സംഭവത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന സൂചനയാണു നല്‍കുന്നത്.

മഹാരാജാസ് കോളേജില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതു പൊലീസ് കണ്ടെത്തിയിട്ടും സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയുടെ പേരില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കുമെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്. എന്നാല്‍ വിഷയത്തില്‍ പൊലീസ് എഫ്‌ഐആറിലുള്ള കാര്യങ്ങളാണു താന്‍ ഉദ്ധരിച്ചതെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയുന്നു. മനക്കണക്കല്ലെന്നും എഫ്‌ഐആറിലെ കാര്യങ്ങളാണു പറഞ്ഞതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആയുധങ്ങള്‍ കണ്ടെത്തിയതിനു പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. കോളേജ് പ്രിന്‍സിപ്പലും എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും തമ്മില്‍ കഴിഞ്ഞ കുറേ നാളുകളായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു തര്‍ക്കങ്ങള്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പാൾ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും സദാചാര പൊലീസ് ചമയുകയാണെന്നും ആരോപിച്ചു വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നതു വരെ കാര്യങ്ങളെത്തിയിരുന്നു.

അതിനിടെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ആറു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ ദിനേശ്, എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീര്‍, സെക്രട്ടറി ഹരികൃഷ്ണന്‍, എസ്എഫ്‌ഐ പ്രവര്‍ത്തകരായ കെ എഫ് അഫ്രീദി, പ്രജിത് കെ ബാബു, വിഷ്ണു സുരേഷ് എന്നിവരെയാണു പുറത്താക്കാന്‍ തീരുമാനിച്ചത്.

അടിയന്തര കോളേജ് കൗണ്‍സില്‍ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം റെയ്ഡിനിടെ പ്രിന്‍സിപ്പല്‍ കെ എല്‍ ബീനയെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥികളും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീന നാരാദാന്യൂസിനോട് സ്ഥിരീകരിച്ചു.