പാമ്പാടിയില്‍ വീണ്ടും ജിഷ്ണുവിന്റെ കൂട്ടുകാരുടെ വിജയം; പ്രതികളുടെ വിളച്ചിലടക്കി വിദ്യാര്‍ത്ഥി ഐക്യം

ജിഷ്ണുവിന്റെ കൊലപാതക കേസിലെ പ്രതികളെ പുറത്താക്കണം, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്നീ നിബന്ധനകളില്‍ നിന്നു പിന്മാറാനുള്ള നീക്കം പൊളിഞ്ഞു.

പാമ്പാടിയില്‍ വീണ്ടും ജിഷ്ണുവിന്റെ കൂട്ടുകാരുടെ വിജയം; പ്രതികളുടെ വിളച്ചിലടക്കി വിദ്യാര്‍ത്ഥി ഐക്യം

പാമ്പാടി നെഹ്രു കോളേജിലെ വിഷയങ്ങളില്‍ കളക്ടറുടെ മധ്യസ്ഥതയില്‍ നടത്തിയ ഒത്തുതീര്‍പ്പുകളില്‍ നിന്നുപിന്മാറാനുള്ള നീക്കം മിന്നല്‍ സമരത്തിലൂടെ പൊളിച്ചടുക്കി വിദ്യാര്‍ത്ഥി ഐക്യം. ജിഷ്ണുവിന്റെ കൂട്ടുകാരുടെ മുന്നില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ് മാനേജ്‌മെന്റ്. ഇതോടെ ജിഷ്ണുവിന്റെ കൊലപാതക കേസിലെ പ്രതികളെ പുറത്താക്കണം, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്നീ നിബന്ധനകളില്‍ നിന്നു പിന്മാറാനുള്ള മാനേജ്‌മെന്റിന്റെ നീക്കം പൊളിഞ്ഞു.
ജിഷ്ണു പ്രണോയുടെ മരണത്തില്‍ പ്രതികളായ ചെയര്‍മാന്‍ കൃഷ്ണദാസ്, മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനും പി.ആര്‍.ഒയുമായ സഞ്ജിത്ത് വിശ്വനാഥന്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ലാബ് അസിസ്റ്റന്റ് സിപി പ്രവീണ്‍, അധ്യാപകന്‍ ദിപിന്‍ എന്നിവരെ പുറത്താക്കാനാവില്ലെന്നു സിഇഒയും കൃഷ്ണദാസിന്റെ സഹോദരനുമായ കൃഷ്ണകുമാര്‍ സ്റ്റുഡന്‍സ് എക്‌സിക്യുട്ടീവില്‍ പറഞ്ഞു. ഇന്നുച്ചയ്ക്കു ഒരുമണിക്ക് നടന്ന വിദ്യാര്‍ത്ഥികളുടെ എക്‌സിക്യുട്ടീവ് യോഗത്തിലായിരുന്നു മാനേജ്‌മെന്റിന്റെ പിന്മാറ്റം.ഇതേ തുടര്‍ന്ന് കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ ബഹിഷ്‌കരിച്ചു സമരം ആരംഭിച്ചു. കേളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭാസ്‌കര ബ്ലോക്കിനു മുന്നില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്ന് സിഐയുടെ നേതൃത്വത്തില്‍ നിര്‍ദ്ദേ
ശം വന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2017/03/Strike-on.mp4"][/video]

അവസാനം കളക്ടര്‍ ഇടപെട്ടതോടെ മറ്റു വഴികളില്ലാതെ മാനേജ്‌മെന്റ് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുകൊടുത്തു. എന്നാല്‍ ഇതു നിയമപരമായ രേഖയാക്കാതെ പിരിഞ്ഞുപോവില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രേഖകള്‍ ലഭിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

ഇതു മൂന്നാമത്തെ തവണയാണു ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങളില്‍ നിന്നു മാനേജ്‌മെന്റ് പിന്മാറുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം സെമിനാര്‍ ഹാളില്‍ പൂട്ടിയിട്ട് ഉപരോധിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച ചെയ്യാമെന്നു കൃഷ്ണദാസ് ആദ്യം സമ്മതിക്കുന്നത്.

എന്നാല്‍ ഈ ചർച്ച നടത്താതെ വിദ്യാര്‍ത്ഥികളെ പറ്റിച്ചു. തുടര്‍ന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. തഹസീല്‍ദാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്താമെന്നു വാക്കുനല്‍കിയതിന് ശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. പിന്നീടാണ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 16 ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതിന്റെ വെളിച്ചത്തില്‍ ക്ലാസുകള്‍ ആരംഭിച്ചു.പ്രതികളായവരെ പുറത്താക്കണം, ജിഷ്ണുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തനിക്കാവില്ലെന്നും മാനേജ്‌മെന്റിലെ ഉന്നതരുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്നും കൃഷ്ണകുമാര്‍ വിദ്യാര്‍ത്ഥി ഒരാഴ്ച മുന്നേ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു. ഇതിനായി ഏഴു ദിവസത്തെ സമയം വേണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ സമയം നല്‍കി. എന്നാല്‍ ഇന്നു നടന്ന ചര്‍ച്ചയില്‍ രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു.

വീണ്ടും മാനേജ്‌മെന്റിനെ പരാജയപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചുവെങ്കിലും മുന്‍കൂര്‍ ജാമ്യത്തില്‍ പ്രതികള്‍ വിലസുകയാണ്. ജിഷ്ണുവിന്റെ ദുരൂഹമരണം കഴിഞ്ഞ് രണ്ടുമാസം കിഴിയുമ്പോഴും പ്രതികളെ അറസ്റ്റുചെയ്യാന്‍ സാധിച്ചിട്ടില്ല.

Read More >>