പൊമ്പിള ഗോമതി; ചായത്തോട്ടത്തിലെ കൊടുങ്കാറ്റ്: മൂന്നാറില്‍ മഹാപ്രക്ഷോഭം പ്രഖ്യാപിക്കുന്നു

മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ സ്ത്രീതൊഴിലാളികള്‍ തെരുവിലിറങ്ങിയത് ചരിത്രത്തിലേക്കായിരുന്നു. പൊമ്പിള ഒരുമൈ സമരത്തിന്റെ മുന്‍നിരയില്‍ നിന്ന ഗോമതിയുടെ മുഖം മറക്കാനാവില്ല- മൂന്നാറില്‍ മഹാപ്രക്ഷോഭം പ്രഖ്യാപിക്കുകയാണ് ഗോമതി.

പൊമ്പിള ഗോമതി; ചായത്തോട്ടത്തിലെ കൊടുങ്കാറ്റ്: മൂന്നാറില്‍ മഹാപ്രക്ഷോഭം പ്രഖ്യാപിക്കുന്നു

പച്ചപ്പ് വിതച്ച തേയിലത്തോട്ടങ്ങളില്‍ സമരാഗ്‌നിയുടെ ചുവപ്പ് ആളിപ്പടര്‍ന്നൊരു ദിവസം. അതാരും മറക്കാനിടയില്ല. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ സ്ത്രീതൊഴിലാളികള്‍ തെരുവിലിറങ്ങിയത് ചരിത്രത്തിലേക്കുള്ള കാല്‍വെയ്പ് കൂടിയായിരുന്നു. ആ സമരത്തിന്റെ മുന്‍നിരയില്‍ നിന്നൊരു സ്ത്രീമുഖം അത്ര പെട്ടെന്ന് നമ്മുടെ മനസ്സില്‍ നിന്നും മായില്ല- ഗോമതി.

ഈ വനിതാ ദിനത്തില്‍ ഓര്‍ക്കേണ്ട പെണ്‍ വീരാനുഭവങ്ങളില്‍ ഒന്നാണ് ഗോമതിയുടെ സമരഗാഥ. ഗോമതിയുടെ നേതൃത്വത്തിലുള്ള പൊമ്പിളൈ ഒരുമൈ എന്ന പേരിലുള്ള സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം വിപ്ലവം തന്നെയായിരുന്നു. മൂന്നാറിനെയാകെ സ്തംഭിപ്പിച്ച നാലു ദിനങ്ങള്‍. സംരക്ഷകരുടെ മുഖംമൂടിയണിഞ്ഞ വഞ്ചകരേയും കുത്തക കമ്പനിയേയും വിചാരണ ചെയ്ത ദിവസങ്ങള്‍. തണുത്തുറഞ്ഞ മൂന്നാര്‍ മലനിരകള്‍ സമരച്ചൂടിന്റെ തീക്ഷ്ണതയാല്‍ പൊട്ടിത്തെറിച്ച നിമിഷങ്ങള്‍.

ഒടുവില്‍, നിരവധി ചര്‍ച്ചാ നാടകങ്ങളിലും വിട്ടുവീഴ്ചയില്ലാതെ ഉറച്ചു നിന്ന് ആവശ്യപ്പെട്ട 20 ശതമാനം ബോണസ് കൈകളിലെത്തിയപ്പോള്‍ മാത്രം അവസാനിപ്പിച്ച ഒന്നാംഘട്ട സമരം. പിന്നീട് 500 രൂപയെന്ന വേതനത്തിനു വേണ്ടി വീണ്ടും തെരുവിലിറങ്ങി. ഒടുവില്‍ ട്രേഡ് യൂണിയനുകളുടെ അണിയറ നീക്കങ്ങളും സമ്മര്‍ദ്ദങ്ങളും മൂലം 301 രൂപയില്‍ അവസാനിപ്പിക്കേണ്ടിവന്ന രണ്ടാംഘട്ട സമരം. അടിച്ചമര്‍ത്തപ്പെട്ടവന്റെ ചെറുത്തു നില്‍പ്പിനെയും വിപ്ലവ വീര്യത്തെയും അടയാളപ്പെടുത്തിയ സമരം തൊഴിലാളികളുടെ ആത്മവിശ്വാസത്തെയും ദൃഢനിശ്ചയവും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു.

ട്രേഡ് യൂണിയനുകളും കമ്പനി മുതലാളിമാരും തോളോടു തോള്‍ ചേര്‍ന്നപ്പോള്‍ അവഗണിക്കപ്പെട്ടത് അവരെ ആശ്രയിച്ച് കാലങ്ങളായി കൊളുന്തു നുള്ളിവന്ന തൊഴിലാളി കുടുംബങ്ങളായിരുന്നു. അങ്ങനെ ദുരിതങ്ങളുടെ പേമാരിപ്പെയ്ത്ത് സഹിക്കവയ്യാതെയാണ് അവര്‍ മുദ്രാവാക്യം വിളിയുമായി തെരുവിലേക്കിറങ്ങിയത്. ഒരു പാര്‍ട്ടികളുടേയും ട്രേഡ് യൂണിയനുകളുടേയും നേതാക്കളുടേയും പിന്‍ബലമില്ലാതെ തൊഴിലാളി സ്ത്രീകള്‍ മാത്രം അണിനിരന്ന വിപ്ലവം. ടുണിഷ്യയില്‍ നിന്നു പടര്‍ന്നുപിടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ മറ്റൊരു പകര്‍പ്പ്- അതായിരുന്നു മൂന്നാറിലെ തേയിലത്തൊഴിലാളി സ്ത്രീകളുടെ സമരം.

എന്തിനായിരുന്നു സമരം:സമരവീര്യത്തില്‍ മൂന്നാര്‍ എരിഞ്ഞ ദിനങ്ങള്‍

2015 സെപ്തംബര്‍ അഞ്ചിനായിരുന്നു ദേവികുളം കണ്ണന്‍ദേവന്‍ എസ്‌റ്റേറ്റില്‍ ഒരു വിഭാഗം സ്ത്രീതൊഴിലാളികളില്‍ ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണില്‍ എത്തിയത്. മൂന്നു ജീപ്പുകളിലായി ഏകദേശം അമ്പതോളം പേര്‍ വരുന്ന തൊഴിലാളി സ്ത്രീകള്‍ അവിടെ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഗോമതിയായിരുന്നു മുദ്രാവാക്യം വിളിച്ചുകൊടുത്തത്. തുടര്‍ന്ന് ആറാം തിയതി മൂന്നാറിലെ ട്രേഡ് യൂണിയന്‍ ഓഫീസിനു മുന്നില്‍ പോയി സമരം ചെയ്തു. കമ്പനി ഉടമകളോടൊപ്പം ചേര്‍ന്ന് തങ്ങളെ വഞ്ചിക്കുകയാണ് ട്രേഡ് യൂണിയനുകള്‍ എന്ന തിരിച്ചറിവായിരുന്നു അവര്‍ക്കെതിരെ തിരിയാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ച ഘടകം. ഇനി വഞ്ചിക്കാന്‍ സമ്മതിക്കില്ല എന്നുറക്കെ പ്രഖ്യാപിച്ചായിരുന്നു അവര്‍ സമരത്തിനു തീകൊളുത്തിയത്.

20 ശതമാനം ബോണസ്, ആശുപത്രി സൗകര്യം, ലയങ്ങളിലെ ശോചനീയാവസ്ഥ പരിഹരിക്കുക, മെച്ചപ്പെട്ട പാര്‍പ്പിടം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഓരോ ദിവസവും കഴിയും തോറും സമരത്തിലേക്ക് തൊഴിലാളികളുടെ ഒഴുക്കായിരുന്നു. മൂന്നാര്‍ ഇളകി മറിഞ്ഞു. പുരുഷ തൊഴിലാളികളും സ്ത്രീ തൊഴിലാളികളും അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമടക്കം സമരരംഗത്തെത്തി. അമ്പത്, നൂറ്, ഇരുന്നൂറ്, അഞ്ഞൂറ്, ഒടുവില്‍ ഒമ്പതാം തിയതി ആയപ്പോള്‍ 2000ത്തിലേറെ പേര്‍ അണിനിരന്ന വമ്പന്‍ പ്രക്ഷോഭമായി അതു മാറി. ഗോമതിയോടൊപ്പം, ഇന്ദ്രാണി, മനോജ്, മണി, സംഗീത, രേവതി, രാജേശ്വരി, വെള്ളത്തായി, കൂസത്തായി തുടങ്ങിയവരായിരുന്നു നേതൃനിരയില്‍. കൊളുന്തു നുള്ളുന്ന സമയം ആയതിനാല്‍ കമ്പനി അധികൃതരെ ഇത് ഞെട്ടിച്ചു. അതോടെ അവര്‍ സമവായ ശ്രമവുമായി വന്നെങ്കിലും 20 ശതമാനം ബോണസ് എന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് തൊഴിലാളികള്‍ ഉറപ്പിച്ചുപറഞ്ഞു. ഇതോടെ ചര്‍ച്ച സര്‍ക്കാര്‍ തലത്തിലെത്തി.

ഇതിനിടെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പൊള്ളയായ വാഗ്ദാനങ്ങളുമായി തൊഴിലാളികള്‍ക്ക് അരികിലെത്തിയെങ്കിലും തൊഴിലാളികള്‍ അത് തള്ളിക്കളഞ്ഞു. ഇതിനിടെ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചവെയിലിനോളമുയര്‍ന്ന സമരച്ചൂട് അടങ്ങിയത് സര്‍ക്കാരില്‍ നിന്നും ആ തീരുമാനം വന്നതോടെ മാത്രമായിരുന്നു. സെപ്ംബര്‍ ഒമ്പതിനു രാത്രി എട്ടരയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം വന്നു-20 ശതമാനം ബോണസ് അംഗീകരിച്ചിരിക്കുന്നു. അതോടെ ആ സമരം വിജയകരമായി അവസാനിച്ചു. പ്രക്ഷോഭം അപ്രതീക്ഷിതമായി പടര്‍ന്നുപിടിച്ചതോടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കമ്പനിക്കു കഴിയാതെ വരികയായിരുന്നു. അപ്പോഴേക്കും, മൂന്നാറിലെ തേയില തൊഴിലാളികള്‍ക്കിടയില്‍ ഗോമതി വിജയനായികയായി ഉയര്‍ന്നിരുന്നു.

500 രൂപ വേതനത്തിനായുള്ള സമരവും തുടര്‍ സംഭവങ്ങളും

തുടര്‍ന്ന് 2015 സെപ്തംബര്‍ 29നാണ് മിനിമം കൂലി 500 രൂപയാക്കി ഉയര്‍ത്തുക എന്ന ആവശ്യവുമായി പൊമ്പിളൈ ഒരുമൈ തുടര്‍പ്രക്ഷോഭത്തിനിറങ്ങുന്നത്. മനോജ് എന്ന ചെറുപ്പക്കാരനായിരുന്നു ഈ ആവശ്യവുമായി ഗോമതിയെ സമീപിച്ചത്. തുടര്‍ന്ന് എല്ലാവരും കൂടി ഒരുമിച്ച് ഇറങ്ങുകയായിരുന്നു. ഇതോടെ വീണ്ടും ചര്‍ച്ചാ പ്രഹസനങ്ങള്‍. ട്രേഡ് യൂണിയനുകള്‍ വക സമവായ നാടകങ്ങള്‍. എന്നാല്‍ ഒടുവില്‍, 301 രൂപ മിനിമം വേതനം എന്ന നിലയിലേക്കെത്തിച്ച് അവര്‍ക്ക് സമരം അവസാനിപ്പിക്കേണ്ടിവന്നു. അതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഒറ്റപ്പെടുത്തലുകളും വീട്ടിലെ പ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നതായി ഗോമതി പറയുന്നു. എങ്കിലും അതുവരെ 232 രൂപ ആയിരുന്ന ദിവസ വേതനം 301 രൂപ ആയി ഉയര്‍ത്താന്‍ കഴിഞ്ഞത് സമരത്തിന്റെ വിജയം തന്നെയാണല്ലോ.

ഇതോടൊപ്പം മറ്റു ചില പാക്കേജുകള്‍ക്കൂടി അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി നേരിട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അവയൊക്കെ ജലരേഖയമായി മാറിയെന്ന് ഗോമതി ചൂണ്ടിക്കാട്ടുന്നു. അന്ന് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു പാക്കേജ് പ്രഖ്യാപിക്കുക സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും പ്രതിമാസം 25 കിലോ സൗജന്യ അരി, നല്ല പാര്‍പ്പിടം, കുട്ടികള്‍ക്കു വിദ്യാഭ്യാസ സൗകര്യം തുടങ്ങിയവയായിരുന്നു പാക്കേജിലെ പ്രഖ്യാപനങ്ങള്‍. അവയൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കടലാസിലൊതുങ്ങിയ വാഗ്ദാനങ്ങള്‍.

ഇതിനിടെ നവംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പൊമ്പിളൈ ഒരുമൈയുടെ നിര്‍ബന്ധപ്രകാരം ഗോമതി ദേവികുളം ബ്ലോക്ക് പഞ്ചായത്ത് നല്ലതണ്ണി വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി. 1800 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. അവകാശങ്ങള്‍ക്കായി പോരാടാന്‍ തനിക്കിപ്പോള്‍ രാഷ്ട്രീയമായൊരു പദവി കൂടി ഉള്ളതിന്റെ ആശ്വാസത്തിലാണ് ഗോമതി. എന്നാല്‍ സമരം ചെയ്തു നേടിയ 20 ശതമാനം ബോണസ് 2016 ആയതോടെ 10 ശതമാനമാക്കി കമ്പനി കുറച്ചു. ഇത് ചോദ്യം ചെയ്യാന്‍ ട്രേഡ് യൂണിയനുകള്‍ തയ്യാറായില്ലെന്നു മാത്രമല്ല, കമ്പനിക്ക് അനുകൂലമായ നിലപാടാണ് അവര്‍ സ്വീകരിച്ചതും. സമരത്തെ തുടര്‍ന്ന് കമ്പനിക്ക് 50 കോടി നഷ്ടമുണ്ടായി എന്നായിരുന്നു ഇതിനുള്ള വാദം. ഇപ്പോള്‍ 10 ശതമാനം ബോണസാണ് തൊഴിലാളികള്‍ക്കു കിട്ടിവരുന്നത്.

ട്രേഡ് യൂണിയനുകളുടെയും കമ്പനിയുടേയും പ്രതികാര നടപടി; വീടുമാറ്റം

ട്രേഡ് യൂണിയനുകള്‍ക്കും കമ്പനിക്കുമെതിരെ നിലപാട് എടുത്തതിന്റെ പേരില്‍ പലവിധത്തില്‍ ഒറ്റപ്പെടുത്തലുകളും ഭീഷണികളും അവരുടെ ഭാഗത്തുനിന്നും തനിക്കും കുടുംബത്തിനും നേരെയുണ്ടായതായി ഗോമതി നാരദാ ന്യൂസിനോടു പറഞ്ഞു. സമരം തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ ഭീഷണികളാണ്. പണി സ്ഥലത്തും വീട്ടിലെത്തിയും അവര്‍ പ്രശ്നമുണ്ടാക്കി. കുടുംബക്കാര്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്തി അവരില്‍ പലരേയും തനിക്കെതിരാക്കി. തന്നെയും കുടുംബത്തേയും അവിടെ ജീവിക്കാന്‍ അനുവദിക്കാത്ത വിധമുള്ള ചെയ്തികള്‍. ഒടുവില്‍ ദേവികുളം വിടേണ്ടിവന്നു.

ഇപ്പോള്‍ മൂന്നാറില്‍ ഒരു ചെറിയ വാടകവീട്ടിലാണ് മൂന്ന് ആണ്‍മക്കള്‍ക്കും അച്ഛനുമൊപ്പം ഗോമതി കഴിഞ്ഞുവരുന്നത്. ഇതിനിടെ ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദവും പദവികള്‍ സംബന്ധിച്ച തര്‍ക്കങ്ങളും മൂലം പൊമ്പിളൈ ഒരുമൈയില്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ കയറിക്കൂടി. ഇതോടെ ഗോമതി സംഘടനയില്‍ നിന്നും പുറത്തായി. എന്നാല്‍ ഇന്നും അവരെല്ലാം തനിക്കൊപ്പം ഉണ്ടെന്ന് ഗോമതി ഉറച്ചുവിശ്വസിക്കുന്നു.

അണ്ടര്‍ 16 വിഭാഗത്തില്‍ തേയില തൊഴിലാളി കുടുംബത്തില്‍ നിന്നും ആദ്യമായി കേരളാ ഫുട്ബോള്‍ ടീമില്‍ സെലക്ഷന്‍ കിട്ടിയ കുട്ടിയാണ് ഗോമതിയുടെ ഇളയമകന്‍ ജീവ. ചെറുപ്പം മുതലേ ഫുട്ബോളിനോട് അഭിനിവേശമുണ്ടായിരുന്ന ജീവ കഠിന പ്രയത്നത്തിലൂടെയാണ് ടീമില്‍ ഇടംനേടിയത്. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ജീവ ഉള്‍പ്പെടുന്ന കേരളാ ടീം മൂന്നാംസ്ഥാനത്തെത്തിയിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും ഇത്തരം വലിയ സന്തോഷങ്ങളാണ് ഗോമതിയുടെ കരുത്ത്. മൂന്ന് ആണ്‍മക്കളും ഗോമതിക്കു താങ്ങും തണലും പിന്തുണയുമായി എല്ലായ്പോഴും ഒപ്പമുണ്ട്. അവരാണ് തന്റെ ശക്തിയെന്ന് ഗോമതി പറയുന്നു.

ഭാവി പരിപാടികള്‍; പുതിയ പ്രക്ഷോഭത്തിനു നാന്ദികുറിക്കുന്നു

യുഡിഎഫ് സര്‍ക്കാരിന്റേയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും വാഗ്ദാനങ്ങള്‍
പാഴ്വാക്കായതോടെ ലയങ്ങളില്‍ കഴിയുന്ന തേയില തൊഴിലാളികളുടെ ദുരിതങ്ങള്‍ പഴയപടി തുടരുകയാണ്. പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരക്കു താഴെ മഴയും തണുപ്പും വെയിലും സഹിച്ച് അവര്‍ കഴിയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ മാറി മാറി വരുന്ന ഒരു സര്‍ക്കാരില്‍നിന്നും ഇവര്‍ക്കു മാത്രം യാതൊരു മെച്ചവും കിട്ടുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും അന്യമായ ലയങ്ങളില്‍ രാപ്പകല്‍ തള്ളിനീക്കുന്ന തേയിലത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ കണ്ടിരിക്കാന്‍ ആവുന്നില്ല. അതിനാല്‍ തൊഴിലാളികളെ അണിനിരത്തി വന്‍ പ്രക്ഷോഭത്തിനു ഒരുങ്ങുകയാണ്.

ഈ വര്‍ഷം തന്നെ പ്രക്ഷോഭമുണ്ടാവും. കോളനിവാസികള്‍, തേയില തൊഴിലാളികള്‍, പ്രദേശത്തെ മറ്റു പാവപ്പെട്ട കുടുംബങ്ങള്‍ എന്നിവര്‍ക്കു വേണ്ടിയാണ് സമരം.

ട്രേഡ് യൂണിയനുകള്‍ എന്തുവേണമെങ്കിലും ചെയ്തോട്ടെയെന്നാണ് ഗോമതിയുടെ അഭിപ്രായം. അവരെ ഇനിയും പേടിച്ചിരിക്കാന്‍ കഴിയില്ല. അവരുടെ പിന്തുണയും സഹായവുമില്ലാതെയല്ലേ ചരിത്രത്തിലാദ്യമായി തേയിലത്തൊഴിലാളികള്‍ അവകാശങ്ങള്‍ക്കു വേണ്ടി മുഷ്ടി ഉയര്‍ത്തിയതും ബോണസും കൂലി വര്‍ധനയും സാധിച്ചെടുത്തതും. അതുകൊണ്ടുതന്നെ ഇനിയുള്ള പ്രക്ഷോഭവും അത്തരത്തില്‍ തന്നെയായിരിക്കും. ഇക്കാര്യം പൊമ്പിളൈ ഒരുമൈ നേതൃത്വങ്ങളുമായി സംസാരിച്ചിട്ടുണ്ട്. തനിക്കൊപ്പം നില്‍ക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മൊത്തം തൊഴിലാളികളും തനിക്കൊപ്പമുണ്ടെന്നും അവരാണ് തന്റെ ധൈര്യമെന്നും ഗോമതി ചൂണ്ടിക്കാട്ടി. കേള്‍വികേട്ട രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമെല്ലാം പറ്റിക്കലിനു പേരുകേട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ ആരുടേയും സഹായം വേണ്ട. എല്ലാ സൗകര്യങ്ങളും അവരുടെ കുടുംബത്തിലേക്കു മാത്രമാണ് പോകുന്നത്. തൊഴിലാളികളെ വഞ്ചിച്ച് അവര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളും മറ്റും തട്ടിയെടുക്കുകയാണ് നേതാക്കളെന്നും ഗോമതി കുറ്റപ്പെടുത്തുന്നു.

എന്തായാലും കേരളക്കരയെയാകെ ഞെട്ടിച്ച, അന്താരാഷ്ട തലത്തില്‍പോലും ചര്‍ച്ചയായൊരു മഹാ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്നൊരു സ്ത്രീയെന്ന നിലയില്‍ ഗോമതി ഒരു മാതൃകയാണ്. രാഷ്ട്രീയ പിന്‍ബലമില്ലാതെ ഏതൊരു അവകാശവും ആവശ്യവും നേടിയെടുക്കാന്‍ കഴിയും എന്നതിനുള്ള ഉത്തമോദാഹരണവും ദൃഢനിശ്ചയത്തിന്റെ പര്യായവും കൂടിയാണ് അവര്‍. തോല്‍പ്പിക്കാനുള്ള എല്ലാ കുല്‍സിത ശ്രമങ്ങളേയും നുള്ളിമാറ്റി ഗോമതി തന്റെ ജീവിതയാത്ര തുടരുകയാണ്.

Read More >>