കാട്ടുതീ പ്രതിരോധം: വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിയന്ത്രിച്ച് വനംവകുപ്പ്; സൈലന്റ്‌ വാലി മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനം

പാലക്കാട് ജില്ലയില്‍ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ ലഭ്യതക്കുറവു മൂലം അനുഭവപ്പെടുന്ന കടുത്ത വേനല്‍ കാട്ടുതീ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടിയതായാണ് വകുപ്പിന്റെ കണ്ടെത്തല്‍. കടുത്ത് വേനല്‍ക്കാലത്ത് കാട്ടുതീ ഭീഷണി ഒഴിവാക്കാനായി എല്ലാ വര്‍ഷവും ഇതേ കാലയളവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കാതെ പാര്‍ക്ക് അടച്ചിടണമെന്നും നിഷ്‌കര്‍ഷയുണ്ട്.

കാട്ടുതീ പ്രതിരോധം: വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിയന്ത്രിച്ച് വനംവകുപ്പ്; സൈലന്റ്‌ വാലി മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനം

സംസ്ഥാനത്ത് കാട്ടുതീ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വനമേഖലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിയന്ത്രിച്ച് വനവകുപ്പ്. ഇതിന്റെ ഭാഗമായി ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. വനങ്ങള്‍ കൂടുതലുള്ള വയനാട്, പാലക്കാട്, ഇടുക്കി അടക്കമുള്ള ജില്ലകളിലാണ് കാട്ടുതീ ഉണ്ടാവാന്‍ കൂടുതല്‍ സാധ്യതയുള്ളതായി വനംവകുപ്പ് വിലയിരുത്തുന്നത്.

കാട്ടുതീ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൈലന്റ് വാലി ദേശീയോദ്യാനം മാര്‍ച്ച് 31 അടച്ചിടാന്‍ വനംവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വന്യജീവി വിഭാഗം) ജി ഹരികുമാറിന്റേതാണ് ഉത്തരവ്. അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നടപടി.


ഈമാസം 20നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പാലക്കാട് ജില്ലയില്‍ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ ലഭ്യതക്കുറവു മൂലം അനുഭവപ്പെടുന്ന കടുത്ത വേനല്‍ കാട്ടുതീ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടിയതായാണ് വകുപ്പിന്റെ കണ്ടെത്തല്‍. കടുത്ത് വേനല്‍ക്കാലത്ത് കാട്ടുതീ ഭീഷണി ഒഴിവാക്കാനായി എല്ലാ വര്‍ഷവും ഇതേ കാലയളവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കാതെ പാര്‍ക്ക് അടച്ചിടണമെന്നും നിഷ്‌കര്‍ഷയുണ്ട്.

സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ 2012-13 - 2021-22 വരെ കാലയളവിലുള്ള അംഗീകരിച്ച മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരമാണിത്. അതേസമയം, സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ മുക്കാലി മുതല്‍ സൈരന്ധ്രി വരെയുള്ള റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള പുല്ലുകള്‍ കരിഞ്ഞ അവസ്ഥയിലാണെന്നും ചീഫ് വൈല്‍ഡ് ലൈഫ് (പാലക്കാട്) കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം, വയനാട്ടിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതവും ഇതേ കാലയളവില്‍ അടച്ചിടാനുള്ള ഉത്തരവ് വനംവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിന്റെ വനഭാഗങ്ങളില്‍ കാട്ടുതീ നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുകയാണെന്നും വയനാട് വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതു നിമിഷവും കാട്ടുതീ പടരാനുള്ള സാധ്യതയുണ്ടെന്നും ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടുണ്ട്.

കൂടാതെ വേനല്‍ കടുത്തതോടെ വനാന്തര്‍ ഭാഗത്ത് വന്യജീവികള്‍ക്ക് തീറ്റയും വെള്ളവും കുറയുന്നതിനാല്‍ അവ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്കു കടക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതുമൂലം സന്ദര്‍ശകര്‍ക്ക് അപകട സാധ്യത ഉണ്ടാകാമെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത, വന്യജീവികളുടെ സൈ്വര്യവിഹാരം, സന്ദര്‍ശകരുടെ സുരക്ഷിതത്വം എന്നി പരിഗണിച്ചാണ് ഈമാസം 31 വരെ സങ്കേതം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

Read More >>