ട്രംപും നെതന്യാഹുവും സ്വപ്‌നം കാണുന്ന ഫലസ്തീന്‍

ഗസയിലേയും വെസ്റ്റ് ബാങ്കിലേയും നേതാക്കള്‍ തമ്മില്‍ യോജിക്കുന്നതോളം ഇസ്രായേലിനെ അസഹ്യപ്പെടുത്തിയിട്ടുള്ള മറ്റൊരു വാര്‍ത്തയും അവര്‍ക്ക് ഫലസ്തീനില്‍ നിന്നുണ്ടാകാറില്ല. എപ്പോഴൊക്കെ ഇങ്ങനെയുള്ള യോജിപ്പുകളുടെ ശബ്ദമുയരാറുണ്ടോ അപ്പോഴൊക്കെ അതിനെ പൊളിക്കുന്നതിനുള്ള പദ്ധതികളും ഇസ്രായേല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇസ്രായേലിനെ സംബന്ധിച്ചേടത്തോളം ഫലസ്തീന്‍ വിഷയം ഒരു മത പ്രശ്‌നമേയല്ല. അത് തീര്‍ത്തും ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. എന്നാല്‍ ആഗോളതലത്തില്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഫലസ്തീന്‍ പ്രശ്‌നം വെറുമൊരു രാഷ്ട്രീയ പ്രശ്‌നമല്ല; അതൊരു മത പ്രശ്‌നം തന്നെയാണ്.

ട്രംപും നെതന്യാഹുവും സ്വപ്‌നം കാണുന്ന ഫലസ്തീന്‍

എം എസ് ഷൈജു

രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ചില വലതുപക്ഷ ധാരണകളാണ് പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീന്‍ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍. കൊടിയ അന്യായങ്ങളെന്ന് ലോകം മുഴുവന്‍ പരിതപിക്കുമ്പോഴും ഫലസ്തീന്‍ വിഷയത്തില്‍ നീതി അകലെത്തന്നെ നില്‍ക്കുന്നതിനുള്ള കാരണം ഈ വലതുപക്ഷ മേധാവിത്വത്തെ തകര്‍ക്കാനോ പിണക്കാനോ ഉള്ള വിവിധ ലോകരാജ്യങ്ങളുടെ മടിയും അലംഭാവവുമാണെന്ന് ആഗോള രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളറിയുന്നവര്‍ക്കെല്ലാം ബോധ്യമുണ്ടാകും. ഇസ്രായേലിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരില്‍ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉന്നയിക്കുന്നവര്‍ക്ക് പോലും ഒരു പരിധി കഴിഞ്ഞാല്‍ തൊട്ടാല്‍ കൈപൊള്ളുംവിധം ഇസ്രായേലിന്റെ മേധാശക്തി ഈ വലതുപക്ഷ ചേരിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.


എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും അന്നത്തെ ആ ധാരണകള്‍ക്കു പിന്തുണ നല്‍കിയ ആര്‍ക്കും നിലവിലെ ഫലസ്തീന്‍ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് കൈകഴുകാന്‍ സാധിക്കില്ല. ശക്തമായ ഒരു സമ്മര്‍ദ്ദ ശക്തിയായി നിലനില്‍ക്കാന്‍ സാധിക്കുമായിരുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളെപ്പോലും വിവിധങ്ങളായ പ്രശ്‌നങ്ങള്‍കൊണ്ട് ചുറ്റിവരിഞ്ഞ് പ്രതിരോധത്തില്‍ത്തന്നെ നിര്‍ത്താന്‍ ഇക്കാലംവരെയും അമേരിക്കന്‍- ഇസ്രായേല്‍ കൂട്ടുകക്ഷികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഫലസ്തീന്‍- ഇസ്രായേല്‍ വിഷയവുമായി ബന്ധപ്പെട്ട് മേഖലയില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പിന്റെ ചെറിയ സൂചനകളെപ്പോലും അതിന്റെ പ്രഭവസ്ഥാനത്ത് വെച്ചുതന്നെ ഇല്ലായ്മ ചെയ്ത ചരിത്രങ്ങളും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ട്. ശക്തമായ നിലപാടുകള്‍ കൊണ്ടോ സ്ഥായിയായ പ്രതിനിധാനങ്ങളിലൂടെയോ ഫലസ്തീനികള്‍ക്ക് കാര്യമായ പിന്തുണകളൊന്നും നല്‍കാന്‍ ഇതുവരെ മിക്കവാറും ഗള്‍ഫ് രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ലയെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഓരോ വര്‍ഷവും നല്‍കുന്ന മില്യണ്‍ കണക്കിന് ഡോളറുകളുടെ സഹായ ധനങ്ങളിലും ഇടയ്ക്കിടയ്ക്ക് ഉയരുന്ന ചില പതംപറച്ചിലുകളിലുമായി ഇവരുടെയൊക്കെ ഫലസ്തീന്‍ സേവനങ്ങള്‍ പരിമിതപ്പെട്ട് പോകലാണ് സാധാരണയായി സംഭവിക്കാറ്.

പതിറ്റാണ്ടുകളായി രക്തരൂഷിതമായിത്തന്നെ തുടര്‍ന്നുവന്ന ഫലസ്തീന്‍ പ്രശ്‌നങ്ങളിന്മേല്‍ ഏറ്റവും ഫലവത്തായ ചില അന്താരാഷ്ട്രാ നീക്കങ്ങളും ഗുണപരമായ പുരോഗതിയുമുണ്ടായ ഒരു ദശകത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ഇസ്രായേലിനെതിരില്‍ അഭിപ്രായം പറയാന്‍ മടിച്ച് നിന്നിരുന്ന പല രാജ്യങ്ങളും ഫലസ്തീനെ പിന്തുണച്ച് മുന്നോട്ട് വരാന്‍ സന്നദ്ധമായിയെന്നത് തന്നെയാണ് മുഖ്യമായ സവിശേഷത. മേഖലയിലെ കൂട്ടക്കുരുതികളും ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ഒരു മധ്യസ്ഥ ചര്‍ച്ച നടത്താനും ഇസ്രായേല്‍- ഫലസ്തീന്‍ വിഷയത്തില്‍ ഒരു ശാശ്വത പരിഹാരം കാണാനുമുള്ള ശ്രമങ്ങളുമായി മുന്നോട്ടുവരാന്‍ ഫ്രാന്‍സ് തയാറായത് ഇസ്രായേലിന് തീരെ താത്പര്യമില്ലാത്ത ഒരു സംഗതിയായിരുന്നിട്ടും വിവിധ കാരണങ്ങള്‍ കൊണ്ട് ഫ്രാന്‍സിനെ പിണക്കാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ല. ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ അന്യായമായി പിന്നോട്ടുപോയാല്‍ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള തന്റേടവും ഫ്രാന്‍സ് പ്രകടിപ്പിച്ചു.

ഫലസ്തീന്‍ സഹായ ഫണ്ടിലേക്ക് ഗണ്യമായി സംഭാവന നല്‍കാന്‍ ഇറ്റലിയെയും ഗ്രീസിനേയും പോലെയുള്ള പല രാജ്യങ്ങളും തയാറായതും വിഷയത്തിന് കൂടുതല്‍ മൈലേജ് ലഭിക്കാന്‍ കാരണമായി. ഇസ്രായേലിനെ പ്രകോപിപ്പിക്കുമെന്നറിഞ്ഞിട്ടും ശക്തമായ നിര്‍ദേശങ്ങളും താക്കീതുകളുമായി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവന്നത് ലോകരാജ്യങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനെതിരെ താന്‍ പ്രകടിപ്പിച്ച അഭിപ്രായത്തില്‍ നിന്നു പിന്നോട്ടുപോകാനുള്ള സമ്മര്‍ദ്ദങ്ങളില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭ അണ്ടര്‍ സെക്രട്ടറി മക്കാരിം വിബിസൊനൊ കഴിഞ്ഞവര്‍ഷം രാജി വച്ചിരുന്നു. അന്താരാഷ്ട്രാ തലത്തില്‍ ഏറെ ചര്‍ച്ചകളുയര്‍ത്തിയ ഈ രാജി, വിഷയത്തിന് പുതിയൊരു മാനം കൈവരാന്‍ കാരണമാവുകയും ചെയ്തു. മുസ്ലിം രാഷ്ട്രങ്ങളുടെ പ്രതിഷേധം എന്ന നിലയില്‍ നിന്നും അനീതിക്കെതിരേയുള്ള ആഗോള പ്രതിഷേധം എന്ന നിലയിലേക്ക് ഫലസ്തീന്‍ വിഷയത്തിന് അല്‍പമെങ്കിലും വളരാന്‍ കഴിഞ്ഞുവെന്നത് അത്ര നിസാരമായി കാണാവതല്ല.

പ്രതിഷേധങ്ങളുടെ രീതിയും സ്വഭാവവും എങ്ങനെയാണ് അവയുടെ ഗുണപരമായ മാറ്റങ്ങളെ സ്വാധീനിക്കുന്നതെന്ന ചില ബോധ്യങ്ങള്‍ ഈ സംഗതികള്‍ നമുക്കു മുന്നില്‍ വരച്ചുകാട്ടുന്നുണ്ട്. കാലങ്ങളായി ഫലസ്തീനികള്‍ക്ക് നേരെ തങ്ങള്‍ തുടരുന്ന ശാക്തികമായ അധിനിവേശങ്ങള്‍ ഇനി അധികകാലം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് ഇസ്രായേലിനെ ബോധ്യപ്പെടുത്തിയ ഏറ്റവും വലിയൊരു സംഭവമായിരുന്നു അധിനിവേശങ്ങള്‍ക്കെതിരില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പാസാക്കിയ പ്രമേയം. ഇങ്ങനെ പല നീക്കങ്ങള്‍ കൊണ്ടും ഇസ്രായേലിനെയും അമേരിക്കയേയും ഫലസ്തീന്‍ വിഷയത്തില്‍ സമ്മര്‍ദ്ദങ്ങളിലാക്കാനും വിദൂരമല്ലാത്ത ഒരു ഭാവിയില്‍ ഫലസ്തീനെ അംഗീകരിച്ചേ മതിയാകൂ എന്ന ധാരണകളിലേക്ക് കൊണ്ടുവരാനും സാധിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ പര്യാപ്തമായ ചില നീക്കങ്ങളാണ് കുറച്ചുകാലമായി നടന്നുകൊണ്ടിരുന്നത്.

ഒട്ടും അനുകൂലമല്ലാത്ത പുതിയ സാഹചര്യങ്ങളില്‍ വിഷയത്തെ സ്വന്തം താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് എങ്ങനെ കൈകാര്യം ചെയ്യാനാകും എന്ന ആലോചനയിലാണ് അമേരിക്കയും ഇസ്രായേലും. ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ഇതിനകം നിരവധി തവണ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. നിഗൂഢമായ ഈ ചര്‍ച്ചകളുടെ ഗതിയും ദിശയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒട്ടും ശുഭകരമായ രൂപത്തിലല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നതെന്ന നിഗമനത്തില്‍ എത്താന്‍ പോന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഫലസ്തീന്‍ വിഷയത്തെ മിക്കപ്പോഴും അതിന്റെ മെറിറ്റില്‍ നിന്നുതന്നെ തെറ്റിച്ചുകളയുന്ന വിധത്തിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങളാണ് അവിടുത്തെ സുന്നി- ശിയാ സംഘങ്ങള്‍ തമ്മില്‍ കാലങ്ങളായി നടന്നുവരുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ഒരു അനീതിയെ മറയില്ലാതെ ഇത്രയും നാള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ ഇസ്രായേലിനെ സഹായിച്ചിട്ടുള്ള ഏറ്റവും വലിയ ഘടകവും ഫലസ്തീന്‍ സംഘടനകള്‍ തമ്മിലെ അനൈക്യവും സംഘര്‍ഷങ്ങളും പരസ്പരമുള്ള അവിശ്വാസവുമാണ്. പ്രധാനമായും ശിയാ- സുന്നി ദ്വയങ്ങളില്‍ കേന്ദ്രീകരിച്ചു നടക്കുന്ന ശൈഥില്യങ്ങള്‍ ഇസ്രായേലിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യത്തെ സ്യഷ്ടിച്ചെടുത്തിട്ടുണ്ടായിരുന്നു.

അറബ് മേഖലയിലൊന്നാകെ വിഷം ചീറ്റി നില്‍ക്കുന്ന ഈ സംഘര്‍ഷ ദ്വയങ്ങളെ പക്ഷം ചേര്‍ന്നുകൊണ്ടല്ലാതെ സ്വതന്ത്രമായി സമീപിക്കാന്‍ ഒരു പശ്ചിമേഷ്യന്‍ രാഷ്ട്രത്തിനും സാധിക്കാതെ പോകുന്നതും വിഷയത്തില്‍ ഗുണപരമായി ഇടപെടാനുള്ള അവരുടെ അവസരങ്ങളെ ഇല്ലാതെയാക്കിയിരുന്നു. കഴിഞ്ഞ ഒരു ദശകം കൊണ്ട് മുസ്ലിം ലോകത്ത് ചില ശുഭകരമായ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന അന്താരാഷ്ട്രാ ഇടപെടലുകളുമായി തുര്‍ക്കി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളോട് കൂടുതല്‍ അടുത്തതും ഫലസ്തീന്‍ വിഷയത്തില്‍ നടത്തിയ ചില പ്രായോഗികമായ ഇടപെടലുകളും പുതിയ പുരോഗതിയിലേക്ക് വിഷയത്തെ കൊണ്ടുചെന്നെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കൂടുതല്‍ ബാഹ്യ പിന്തുണ ഫലസ്തീന് നേടിക്കൊടുക്കാനും തുര്‍ക്കിക്ക് സാധിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

ഗസയിലേയും വെസ്റ്റ് ബാങ്കിലേയും നേതാക്കള്‍ തമ്മില്‍ യോജിക്കുന്നതോളം ഇസ്രായേലിനെ അസഹ്യപ്പെടുത്തിയിട്ടുള്ള മറ്റൊരു വാര്‍ത്തയും അവര്‍ക്ക് ഫലസ്തീനില്‍ നിന്നുണ്ടാകാറില്ല. എപ്പോഴൊക്കെ ഇങ്ങനെയുള്ള യോജിപ്പുകളുടെ ശബ്ദമുയരാറുണ്ടോ അപ്പോഴൊക്കെ അതിനെ പൊളിക്കുന്നതിനുള്ള പദ്ധതികളും ഇസ്രായേല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇസ്രായേലിനെ സംബന്ധിച്ചേടത്തോളം ഫലസ്തീന്‍ വിഷയം ഒരു മത പ്രശ്‌നമേയല്ല. അത് തീര്‍ത്തും ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. എന്നാല്‍ ആഗോളതലത്തില്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഫലസ്തീന്‍ പ്രശ്‌നം വെറുമൊരു രാഷ്ട്രീയ പ്രശ്‌നമല്ല; അതൊരു മത പ്രശ്‌നം തന്നെയാണ്.

ഈ വൈരുധ്യങ്ങള്‍ തന്നെയാണ് ഫലസ്തീന്‍ വിഷയത്തെ സങ്കീര്‍ണമാക്കി നിര്‍ത്തിപ്പോന്നിട്ടുള്ളത്. ഇസ്രായേലിന് വേണ്ടതും ഇതു തന്നെയാണ്. വിഷയത്തെ ഒരു മത പ്രശ്‌നമായിക്കാണാതെ, അര്‍ത്ഥശൂന്യമായ വൈകാരികതകള്‍ വെടിഞ്ഞ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു രാഷ്ട്രീയ പ്രശ്‌നമായിക്കാണാന്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഏതാണ്ട് ആ നിലയിലുള്ള ചില നീക്കങ്ങളാണ് ഈയടുത്തായി നടന്നുവന്നിരുന്നത്. പരസ്പരമുള്ള ശത്രുതയുടെ അധ്യായങ്ങള്‍ അവസാനിപ്പിച്ച് ഫലസ്തീനില്‍ ഒരു ഐക്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഫത്തഹ് പാര്‍ട്ടിയും ഹമാസും സന്നദ്ധമായത് അവിടെ നിന്നുള്ള ഒരു ശ്രദ്ധേയമായ വാര്‍ത്തയായിരുന്നു.

ഇസ്രായേലിനെതിരേയുള്ള ഫലസ്തീന്‍ ചെറുത്തുനില്‍പുകളെ എക്കാലത്തും ദുര്‍ബലപ്പെടുത്തി വന്നിരുന്നതിലെ ഒരു ഘടകം ഘടകം ഫത്തഹ് പാര്‍ട്ടിയും ഹമാസും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ്. യോജിച്ചു മുന്നേറേണ്ട പല അവസരങ്ങളും ഈ അനൈക്യം നഷ്ടപ്പെടുത്തിക്കളയുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇത്തവണ കൂടുതല്‍ ശക്തമായ നീക്കങ്ങളിലൂടെ ഐക്യ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് തുര്‍ക്കിയുടെ പിന്നണി സഹായത്തോടെ റഷ്യയായിരുന്നു. ഫലസ്തീന്‍ വിഷയത്തിന് അന്താരാഷ്ട്രാ തലത്തില്‍ പുതിയ മാനങ്ങള്‍ കൈവന്നുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യങ്ങളില്‍ തങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളെ ഒരു സമവായത്തിലൂടെ പരിഹരിക്കാനും ഫലസ്തീനില്‍ ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കാനും ഫത്തഹും ഹമാസും തയാറായ വിവരങ്ങള്‍ പുറത്തുവന്ന സമയത്ത് തന്നെ അമേരിക്ക, ഫലസ്തീന്‍ വിഷയത്തില്‍ പ്രകോപനം സ്യഷ്ടിക്കുന്ന മറ്റൊരു വാര്‍ത്തയുമായി മുന്നോട്ടുവന്നു.

പുതിയ നീക്കങ്ങളെ പൊളിക്കാനുള്ള അവരുടെ ത്വര വെളിവാക്കുന്നതായിരുന്നു ആ വാര്‍ത്ത. നിലവില്‍ ഇസ്രായേലിലെ തെല്‍ അവീവിലുള്ള അമേരിക്കന്‍ എംബസി ഖുദ്സിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന ട്രംപിന്റെ അഭിപ്രായമാണ് വിവാദമായത്. ഒരു വൈകാരികത ഇളക്കിവിടാനും അതുവഴി പുതിയ പ്രകോപനങ്ങള്‍ സ്യഷ്ടിക്കാനുമാണ് അമേരിക്കയുടെ പദ്ധതിയെന്ന് അപ്പോള്‍തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും തങ്ങളുടെ തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഉദ്ദേശമെന്ന് അമേരിക്ക വ്യക്തമാക്കിയത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി.

എന്നാല്‍ യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സും അതിശക്തമായ പ്രതിരോധവുമായി രംഗത്തുവന്നത് ഫലസ്തീന് അനുകൂലമായി. വലുതും ചെറുതുമായ നിരവധി രാഷ്ട്രങ്ങള്‍ ഫലസ്തീന് അനുകൂല നിലപാടുകളിലേക്ക് കളംമാറ്റുന്നത് തങ്ങള്‍ക്ക് അപകടം ചെയ്‌തേക്കുമെന്ന തിരിച്ചറിവിലാണ് ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തില്‍ തങ്ങളുടെ താല്‍പര്യങ്ങളെ എങ്ങനെയൊക്കെ സംരക്ഷിച്ചു നിര്‍ത്താമെന്ന ആസൂത്രണങ്ങളിലേക്ക് അമേരിക്കയും ഇസ്രായേലും തിരിയുന്നത്.

ഫലസ്തീന്‍ വിഷയത്തില്‍ അരങ്ങേറേണ്ടുന്ന പുതിയ അന്തര്‍നാടകങ്ങളുടെ തിരക്കഥ തയാറാക്കുന്ന തിരക്കിലാണ് ട്രംപും നെതന്യാഹുവുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. നിലവിലെ ഫലസ്തീനെ അപ്പടി അംഗീകരിക്കുന്നതിനു പകരം പുതിയ ചില ഫോര്‍മുലകളുമായാണ് ഇരുവരും രംഗത്തുവരുന്നത്. സീനായിലും ഗസ്സയിലുമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള പദ്ധതിയില്‍ ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടവും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ധാരണയായതായി ഇസ്രയേല്‍ മന്ത്രി അയ്യൂബ് കാറയുടെ ട്വിറ്റര്‍ സന്ദേശമാണ് പുതിയ വാര്‍ത്തകള്‍ക്കാധാരം. ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി രൂപപ്പെടുത്തിയതാണ് പുതിയ പദ്ധതിയെന്നും അയ്യൂബ് കാറ ട്വിറ്ററില്‍ വിശദീകരിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ശിയാ വിഭാഗക്കാരെ പ്രകോപിപ്പിച്ച് മേഖലയില്‍ വീണ്ടും സുന്നി- ശിയാ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാനുള്ള വന്‍ പദ്ധതികളാണ് തയാറായിവരുന്നത്.

വെസ്റ്റ് ബാങ്ക് പ്രദേശത്തിനു പകരം ഫലസ്തീന്‍, സീനാ പ്രദേശം വിട്ടുനല്‍കിക്കൊണ്ട് ഫലസ്തീനിലെ സുന്നി സഖ്യവുമായി സഹകരിക്കാനാണ് പുതിയ തീരുമാനം. നിലവില്‍ വെസ്റ്റ് ബാങ്കില്‍ ആധിപത്യമുള്ളത് ശിയാ ഗ്രൂപ്പുകള്‍ക്കാണ്. തങ്ങള്‍ക്ക് ആധിപത്യമുള്ള ഒരു പ്രദേശത്തെ ബലി കൊടുത്തുകൊണ്ടുള്ള ഒരു രാഷ്ട്ര രൂപീകരണത്തോടും ശിയാ വിഭാഗങ്ങള്‍ സഹകരിക്കില്ല എന്ന ഉറച്ച വിശ്വാസമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നിലെന്ന് ഉറപ്പാണ്.

ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തോട് സഹകരിക്കാതെ വഴുതിമാറാന്‍ ഇസ്രായേലിനു സാധിക്കാത്ത ഒരു സാഹചര്യം സംജാതമായാല്‍, ഈ പദ്ധതിക്ക് ഇസ്രായേല്‍ സമ്മതം മൂളുകയും അമേരിക്ക അതിനോട് പച്ചക്കൊടി കാണിക്കുകയും ചെയ്താല്‍ കാര്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകാം. അധിനിവിഷ്ട പ്രദേശത്ത് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ കൈയേറി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമ പിന്‍ബലം നല്‍കാന്‍ ഇസ്രായേല്‍ നടത്തിയ നീക്കങ്ങളും വിവിധ അന്താരാഷ്ട്രാ വേദികളില്‍ ആക്ഷേപത്തിന് ഇട നല്‍കിയിരുന്നു. വെസ്റ്റ് ബാങ്ക് ഭാഗത്താണ് ഇസ്രായേലികളുടെ കൈയേറ്റങ്ങളും നിര്‍മാണങ്ങളും ധാരാളമായി ഉള്ളത്. ഈ പ്രശ്‌നത്തേയും വലിയ പരിക്കുകളില്ലാതെ പരിഹരിപ്പിച്ചെടുക്കാന്‍ പുതിയ പദ്ധതിയിലൂടെ ഇസ്രായേലിനു സാധിക്കും.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ തനിക്ക് സുരക്ഷിതമായ ഒരു സ്ഥാനം ലഭിക്കണമെന്നതിനേക്കാള്‍ സീസിക്ക് ഈ വിഷയങ്ങളോട് വലിയ താല്‍പര്യങ്ങളൊന്നുമില്ല. സീസിയെ സുരക്ഷിതമാക്കിക്കൊണ്ടുള്ള ഏതു പദ്ധതിക്കും ഒരു പക്ഷേ അദ്ദേഹം സന്നദ്ധനാകും. അങ്ങനെയെങ്കില്‍ സീസിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഒരു ഫോര്‍മുല അവതരിപ്പിക്കാനും എങ്ങനെയെങ്കിലും ഫലസ്തീന്‍ പ്രശ്‌നം ഒന്നവസാനിച്ചാല്‍ മതിയെന്നു കരുതുന്ന മൂന്നാം ലോക രാജ്യങ്ങളെ കൂടെ നിര്‍ത്താനും സാധിക്കുമെന്നാകും അമേരിക്കയും ഇസ്രായേലും കണക്കുകൂട്ടുന്നത്. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ കൂടുതല്‍ ജാഗ്രതയും ആലോചനാ മികവും പ്രകടിപ്പിക്കേണ്ട ഒരു സന്ദര്‍ഭമാണ് സംജാതമാകാന്‍ പോകുന്നത്.

കൂടുതല്‍ നയതന്ത്ര ബന്ധങ്ങളും ബാഹ്യ ഇടപെടലുകളും അവിടങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. അതി വൈകാരികതകളും സുന്നി- ശിയാ ശാത്രവബോധങ്ങളുമല്ല ഫലസ്തീന്‍ വിഷയത്തില്‍ മുന്നിട്ടുനില്‍ക്കേണ്ടത്. പക്വവും ന്യായ യുക്തവുമായ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെയാണ്. പുതിയ സാഹചര്യങ്ങളില്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും കുടിലതകളെ പ്രയോഗികമായി പ്രതിരോധിക്കാനും നയപരമായ ചാതുരിയോടെ വിഷയത്തില്‍ കൂടുതല്‍ ഇടപെടാനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും തുര്‍ക്കിക്കും മറ്റു രാജ്യങ്ങള്‍ക്കും സാധിക്കുമെന്നു തന്നെ വിശ്വസിക്കാം.

Read More >>