നവംബറിന്റെ നഷ്ടം പറയാതെ തട്ടിപ്പ് കണക്ക്; ജിഡിപി മോഡിയെ തിരിഞ്ഞു കുത്തുന്നു

കറൻസി പ്രധാനമായും ഉപയോഗിക്കുന്ന ഇക്കണോമിയിൽ നോട്ട് നിരോധനം വൻ ആഘാതം ഉണ്ടാക്കേണ്ടതാണ്. അങ്ങിനെ നോക്കുമ്പോൾ ബാങ്കുകളുടെ കണക്കുകളും കറൻസിയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയും തമ്മിലുള്ള സമവാക്യങ്ങൾ ആയിരിക്കും ജിഡിപി സ്റ്റാറ്റിറ്റിക്സ് ആയി പുറത്തു വരുക

നവംബറിന്റെ നഷ്ടം പറയാതെ തട്ടിപ്പ് കണക്ക്; ജിഡിപി മോഡിയെ തിരിഞ്ഞു കുത്തുന്നു

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2016 ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിൽ 7% കൂടുതൽ വളർച്ച നേടിയെന്ന കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് വിലയിരുന്നു. 7.1% സാമ്പത്തികവളർച്ചയാണ് പറയുന്നത്. നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തികവളർച്ചയെ ബാധിച്ചിട്ടില്ല എന്ന് വരുത്തിത്തീർക്കുന്ന വിധത്തിലാണ് മൊത്തം ആഭ്യന്തര ഉൽപാദന കണക്കുകളാണ് മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി തന്റെ ലണ്ടൻ സന്ദർശനത്തിനു ശേഷം അവകാശപ്പെട്ടത് കഴിഞ്ഞ സാമ്പത്തികവർഷത്തിലെ മൂന്നാം പാദത്തിൽ വളർച്ചയുണ്ടെന്നായിരുന്നു.


എന്നാൽ ലണ്ടൻ ആദം സ്മിത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തികശാസ്ത്ര വിദഗ്ധനായ ടിം വോർസ്റ്റാൾ പറയുന്നത് ഈ 7% വളർച്ചയെന്ന അവകാശവാദത്തിനെ വിശ്വസിക്കുന്നില്ലെന്നാണ്. ഫോർബ്സിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

നോട്ട് നിരോധനത്തിന്റെ ആഘാതങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ഈ കണക്കുകളിൽ അവിശ്വസനീയമായി ഒന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആഭ്യന്തര ഉല്പാദനം കണക്കാക്കുന്നതിനുള്ള പരിമിതികൾ ആണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക ക്രയവിക്രയങ്ങളിലെ എല്ലാ അംശങ്ങളും അതിൽ ഉൾപ്പെടുന്നില്ലെന്നാണ് യാഥാർഥ്യം. വളർച്ച കണക്കാക്കുന്നതിനുള്ള സാമ്പിളുകൾ ആണ് കണക്കുകൾ ആയി പുറത്ത് വരുന്നത്. കണക്കിൽ പെടുത്തിയിട്ടുള്ള നികുതികൾ ഉൾപ്പെടുന്നത് മാത്രമാണ് ഫലത്തിൽ വരുന്നത്. കണക്കിൽ വരാത്തതും നികുതിയിൽ ഇല്ലാത്തതുമായ അക്കങ്ങൾ ഇത്തരം സാമ്പിളുകൾക്ക് പുറത്താണ്.

കറൻസി പ്രധാനമായും ഉപയോഗിക്കുന്ന ഇക്കണോമിയിൽ നോട്ട് നിരോധനം വൻ ആഘാതം ഉണ്ടാക്കേണ്ടതാണ്. അങ്ങിനെ നോക്കുമ്പോൾ ബാങ്കുകളുടെ കണക്കുകളും കറൻസിയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയും തമ്മിലുള്ള സമവാക്യങ്ങൾ ആയിരിക്കും ജിഡിപി സ്റ്റാറ്റിറ്റിക്സ് ആയി പുറത്തു വരുക. ഇങ്ങനെയുള്ള പഴയ രീതിയിലുള്ള കണക്കുകൂട്ടലുകൾ നോട്ട് നിരോധനം പോലെയുള്ള ആഘാതങ്ങളെ സൗകര്യപൂർവ്വം ഒഴിവാക്കും. അതുകൊണ്ടാണ് താൻ 7.1 % വളർച്ച എന്ന കണക്കിൽ വിശ്വസിക്കുന്നില്ലെന്ന് ടിം വോർസ്റ്റാൾ പറയുന്നതും.

കേന്ദ്രധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി അവകാശപ്പെടുന്നത് കണക്കുകളെ വിശ്വസിക്കാമെന്നാണ്. എന്നാൽ ഇന്ത്യ ഈ കണക്കുകൾ തിരുത്താനിടയുണ്ടെന്നാണ് സാമ്പത്തികശാസ്ത്രജ്ഞർ പറയുന്നത്. ടിം വോർസ്റ്റാൾ പറഞ്ഞ അതേ കാര്യമാണ് ഇവിടേയും ഉയർത്തിക്കാണിക്കുന്നത്. ഓർഗനൈസ്ഡ് സെക്ടറിലെ ഡാറ്റ ഉപയോഗിച്ചുള്ള കണക്കുകൾ കൃത്യമായിരിക്കില്ലെന്ന് അവരും പറയുന്നു. നോട്ട് നിരോധനം മൂലം തകർച്ചയിലായ ഉല്പാദനമേഖലകളിലെ നഷ്ടക്കണക്കുകൾ ഇവിടെ പ്രതിഫലിക്കുന്നില്ല. ഇന്ത്യയുടെ അഭ്യന്തര ഉല്പാദനത്തിന്റെ 50 ശതമാനത്തിൽ അധികം വരുമെന്നോർക്കുമ്പോഴാണ് 7.1% വളർച്ചാനിരക്കിലെ പൊരുത്തക്കേടുകൾ വെളിപ്പെടുക.

തീർന്നില്ല, ഉല്പാദനമേഖലയിലെ തകർച്ച കാരണം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം അവിശ്വസനീയമായി തോന്നും. കഴിഞ്ഞ വർഷം എൽ & റ്റി പിരിച്ചു വിട്ടത് 14, 000 തൊഴിലാളികളെ ആണ്. വാർത്തയിൽ എത്താത്ത തൊഴിൽ നഷ്ടങ്ങൾ കൂടി ചേരുമ്പോൾ എണ്ണം ഭീകരമായിരിക്കും. അവർ പറയുന്ന കാരണം എന്തായാലും ഇത്രയും തൊഴിൽനഷ്ടം സമ്പദ് വ്യവസ്ഥയ്ക്ക് വരുത്തി വയ്ക്കുന്ന ബാധ്യത വെള്ളപൂശാനാവാത്തതാണ്.

ചെറുകിടവ്യവസായ മേഖലയിൽ 35% തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഓൾ ഇന്ത്യാ മാനുഫാക്ചറേഴ്സ് ഓർഗനിസേഷന്റെ ജനുവരിയിലെ കണക്കുകൾ പറയുന്നു. മാർച്ച് അവസാനം ആകുമ്പോഴേയ്ക്കും 60% തൊഴിൽ നഷ്ടവും വരുമാനത്തിൽ 50% ഇടിവുമാണ് പ്രതീക്ഷിക്കുന്നത്.

ഇതിനെല്ലാം ഇടയിലാണ് 7.1 % വളർച്ചയുടെ കണക്കുകളുമായി കേന്ദ്രധനമന്ത്രി വരുന്നത്.